ഓര്‍മകളില്‍ പത്മരാജന്‍; പ്രണയത്തിന്റെ ഗന്ധര്‍വ്വന്‍ വിടവാങ്ങിയിട്ട് 33 വര്‍ഷങ്ങള്‍

പ്രണയത്തിന്റെയും വിരഹത്തിന്റയും സൗഹൃദത്തിന്റയും ഭാവങ്ങള്‍ക്ക് പുതിയ തലങ്ങള്‍ കൊണ്ടുവന്ന മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്രകാരന്‍ പി പത്മരാജന്‍ ഓര്‍മയായിട്ട് 33 വര്‍ഷം. കാലത്തെ അതിജീവിച്ച് മലയാളിയുടെ ഹൃദയത്തില്‍ ഇടം പിടിച്ച കലാകാരനായിരുന്നു പത്മരാജന്‍. മനുഷ്യമനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന കഥാകാരന്‍.

മറക്കാനാവാത്ത ഒട്ടനവധി കഥാപാത്രങ്ങളെയും കഥാമുഹൂര്‍ത്തങ്ങളെയും സമ്മാനിച്ച സൂര്യതേജസ്വിയായ കഥാകാരന്‍, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സംവിധായകന്‍ തുടങ്ങിയ വിശേഷങ്ങളാല്‍ സമ്പന്നനാണ് പത്മരാജന്‍ എന്ന പ്രതിഭ. ഏകദേശം മൂന്നു പതിറ്റാണ്ടു മാത്രം നീണ്ടു നിന്ന തന്റെ സാഹിത്യ, ചലച്ചിത്ര പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഒട്ടനവധി ചെറുകഥകള്‍, മുപ്പതിലേറെ നോവല്‍, സ്വന്തം തിരക്കഥയില്‍ പതിനെട്ടു സിനിമകള്‍, കൂടാതെ മറ്റു സംവിധായകര്‍ക്കു വേണ്ടി ഇരുപതോളം തിരക്കഥകള്‍. എല്ലാ അര്‍ത്ഥത്തിലും മലയാളിമനസ്സുകളില്‍ തിളങ്ങി നിന്ന ഗന്ധര്‍വ്വന്‍ തന്നെയായിരുന്നു അദ്ദേഹം. വീണ്ടും കാണുക എന്നൊന്നുണ്ടാകില്ല. ഞാന്‍ മരിച്ചതായി നീയും നീ മരിച്ചതായി ഞാനും കണക്കാക്കുക. ചുംബിച്ച ചുണ്ടുകള്‍ക്ക് വിട നല്‍കുക. മലയാളികള്‍ ഒരിക്കലും മറക്കാനിടയില്ലാത്ത ലോലയിലെ വരികളാണിത്. ശക്തമായ ഭാഷയും വായനക്കാരെ പിടിച്ചിരുത്തുന്ന ഒഴുക്കും പത്മരാജന്‍ കഥകളുടെ പ്രത്യേകതയായിരുന്നു. ലോലയും നക്ഷത്രങ്ങളേ കാവലും ഋതുഭേദങ്ങളും പാരിതോഷികം തുടങ്ങി എത്രയെത്ര രചനകള്‍. ശാലിനി എന്റെ കൂട്ടുകാരി , ലോറി, രതിനിര്‍വേദം തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി.

തൂവാനത്തുമ്പികള്‍ കള്ളന്‍ പവിത്രന്‍, നൊമ്പരത്തിപ്പൂവ് ,ഞാന്‍ ഗന്ധര്‍വന്‍, ഇന്നലെ പകരം വക്കാനില്ലാത്ത എത്രയെത്ര കഥാപാത്രങ്ങളെയാണ് പത്മരാജന്‍ ചിത്രങ്ങള്‍ നമുക്ക് സമ്മാനിച്ചത്. ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന തന്റെ ചിത്രത്തിന്റെ പ്രിവ്യൂ കാണാനായി കോഴിക്കോട്ടെത്തിയ പത്മരാജന്‍ ഉറക്കത്തിലുണ്ടായ ഹൃദയസ്തംഭനം മൂലം 1991 ജനുവരി 23-ആം തീയതി രാവിലെ അവിടുത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വളരെ ചെറിയ പ്രായത്തിലെ അദ്ദേഹം നമ്മെ വിട്ടു പോയെങ്കിലും പത്മരാജന്‍ ജീവന്‍ നല്‍കിയ കഥയും കഥാപാത്രങ്ങളും ഇന്നും ആസ്വാദകരുടെ മനസില്‍ നിലനില്‍ക്കുന്നു.

Top