പദ്മനാഭസ്വാമി ക്ഷേത്ര കേസില്‍ സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

kadakampally-surendran

തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര കേസില്‍ സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിധി സര്‍ക്കാരിന് തിരിച്ചടി എന്ന് വ്യാഖ്യാനിക്കുന്നവര്‍ക്ക് അതിനുള്ള അവകാശമുണ്ടെന്നും സര്‍ക്കാറിന്റെ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞുവെന്നും വിധിക്കെതിരെ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കില്ലെന്നും മന്ത്രി പറഞ്ഞു.

വിധിയെക്കുറിച്ച് പഠിക്കേണ്ടതും മനസിലാക്കേണ്ടതുമുണ്ട്. അതെന്തായാലും സുപ്രീം കോടതിയുടെ നിര്‍ദേശം സര്‍ക്കാര്‍ നടപ്പിലാക്കും. ബി നിലവറ തുറക്കുന്നത് സംബന്ധിച്ച് കമ്മിറ്റിയാണ് തീരുമാനിക്കേണ്ടതെന്ന് സുപ്രീം കോടതി വ്യക്തമാക്കിക്കഴിഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കിയിട്ട് പ്രതികരിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

കേസില്‍ വിവിധ കക്ഷികള്‍ വിവിധ വാദങ്ങള്‍ പലഘട്ടത്തിലായി ഉന്നയിച്ചിരുന്നു. ആ വാദങ്ങളെല്ലാം പരിഗണിച്ചാണ് സുപ്രീം കേടതി തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ രാജകുടുംബത്തിന്റെ അവകാശം ശരിവച്ച് സുപ്രീംകോടതി വിധി വന്നു. ചില നിബന്ധനകളോടെയാണിത്. അതേസമയം ഭരണച്ചുമതല താല്‍ക്കാലിക ഭരണ സമിതിക്കെന്നും സുപ്രീം കോടതി വ്യക്തമാക്കി. ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരേ തിരുവിതാംകൂര്‍ രാജകുടുംബം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

തിരുവനന്തപുരം ജില്ല ജഡ്ജിയുടെ അധ്യക്ഷതയില്‍ പുതുതായി ഭരണസമിതി രൂപവത്കരിക്കാനും കോടതി അനുമതി നല്‍കി. പുതുതായി ഭരണസമിതി രൂപവത്കരിക്കുന്നിടം വരെ നിലവിലെ സമിതിക്ക് തുടരാം. ക്ഷേത്രകാര്യങ്ങളിലെ ഭരണപരമായ ചുമതല ഭരണസമിതിക്കാണ്. ഈ ഭരണസമിതിയുടെ ചെയര്‍പേഴ്‌സണ്‍ തിരുവനന്തപുരം ജില്ല ജഡ്ജി ആയിരിക്കും. ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഭരണസമിതിക്ക് രൂപവത്കരിക്കാം.

Top