‘പഴുത്തിലയാക്കി വീഴ്ത്താന്‍ ചിലര്‍ ശ്രമിച്ചു’ ; ആരാണെന്ന് വെളിപ്പെടുത്തുന്നില്ലെന്ന് എ പദ്മകുമാര്‍

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും തന്നെ പുറത്താക്കാന്‍ ശ്രമം നടന്നതായി എ പദ്മ കുമാര്‍. പഴുപ്പിച്ച് പഴുത്തിലയാക്കി തന്നെ വീഴ്ത്താന്‍ ചിലര്‍ ഒരുങ്ങിയപ്പോള്‍ പിടിച്ചു നിന്നു. വിവാദങ്ങള്‍ക്കിടെ പലകോണുകളില്‍ തനിക്ക് നേരെ ആക്രമണം ഉണ്ടായെന്നും അത് ആരാണെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പദ്മകുമാര്‍ രാജിവച്ചു എന്ന് കേട്ടാല്‍ സന്തോഷമുള്ളവരാണ് അത്തരം വാര്‍ത്ത പ്രചരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തന്നെ മുഖ്യമന്ത്രി താക്കീത് ചെയ്തതായുള്ള വാര്‍ത്ത ശരിയല്ല. അദ്ദേഹത്തിന് പ്രസിഡന്റെന്ന നിലയിലും പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയിലും തന്നെ തിരുത്താനുള്ള അധികാരമുണ്ട്. അങ്ങെനെ സംഭവങ്ങള്‍ ഉണ്ടായാല്‍ അത് മറച്ച് വയ്ക്കേണ്ട കാര്യം തനിക്കില്ല. മാത്രമല്ല വ്യക്തിപരമായി മുഖ്യമന്ത്രി അത്തരമൊരു നിലപാട് സ്വീകരിച്ചിട്ടില്ല. തന്റെ ശക്തിയും ദൗര്‍ബല്യവും നന്നായി അറിയുന്നയാളാണ് മുഖ്യമന്ത്രിയെന്നും പദ്മകുമാര്‍ വ്യക്തമാക്കി.

Top