പത്മാവദ് വിവാദം ; അക്രമികൾ വീടുകളിലേക്ക് കയറുന്നു, കുട്ടികളാണ് ലക്ഷ്യം ; കെജരിവാള്‍

Kejriwal

ന്യൂഡൽഹി: മുസ്ലിമുകളെ കൊല്ലുകയും, ദളിതരെ അഗ്നിക്കിരയാക്കുകയും ചെയ്യുന്ന അക്രമികൾ ഇപ്പോൾ വീടുകളിലേക്ക് എത്തുകയാണെന്നും അവർ ലക്ഷ്യമാക്കുന്നത് കുട്ടികളെയാണെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. സഞ്ജയ് ലീലാ ബന്‍സാലിയുടെ വിവാദ ചിത്രം പത്മാവദ് പ്രദർശനത്തിനെത്തിയപ്പോൾ പ്രതിഷേധിച്ചവർ ഗുഡ്ഗാവിൽ സ്കൂൾബസ് അക്രമിച്ചതിന്റെ പശ്ചാത്തലത്തിലാണു കെജരിവാളിന്റെ പരാമർശം.

വിഭാഗീയ ശക്തികൾക്കെതിരെ ശബ്ദം ഉയരേണ്ട സമയമാണിത്. ജനങ്ങൾ ഇനി മിണ്ടാതിരുന്നാൽ ശരിയാകില്ല. മുസ്ലിമുകൾ കൊല്ലപ്പെട്ടപ്പോഴും ദളിതർ അഗ്നിക്കിരയാക്കപ്പെട്ടപ്പോഴും ജനങ്ങൾ മിണ്ടാതിരുന്നു. ഇന്ന് അവർ നമ്മുടെ കുട്ടികൾക്കുനേരെ കല്ലേറും നടത്തി. നമ്മുടെ ഇടയിലേക്ക് അവർ ഇന്ന് കടന്നുവരുകയാണെന്നും റിപ്പബ്ലിക്ക് ദിനാചരണത്തോട് അനുബന്ധിച്ചുള്ള പരിപാടിയിൽ അദ്ദേഹം വ്യക്തമാക്കി.

ദേശീയ തലസ്ഥാനത്തിന് ഏതാനും കിലോമീറ്ററുകൾ അകലെ, സ്കൂൾകുട്ടികൾക്കുനേരെ കല്ലേറുണ്ടായതു നാണക്കേടുണ്ടാക്കുന്ന സംഭവമാണ്. കുട്ടികൾക്കുനേരെ ആക്രമണം നടത്തിയവർക്കു കഠിനമായ ശിക്ഷ നൽകണം. രാമൻ രാവണനു നൽകിയതിനെക്കാൾ കഠിനമായിരിക്കണം ആ ശിക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നമ്മുടെ നാട് രാമൻ , കൃഷ്ണൻ ,ഗൗതമ ബുദ്ധൻ , മഹാവീരൻ , ഗുരു നാനാക്ക് , കബീർ മീര, നബി പ്രവാചകൻ , യേശുക്രിസ്തു എന്നിവരുടെ പിൻഗാമികളുടെയാണ്. കല്ലേറു നടത്തിയതു ഹിന്ദുക്കളോ മുസ്ലിമുകളോ ക്രിസ്ത്യാനികളോ ആണോ? ഏതു മതമാണു കുട്ടികൾക്കെതിരെ അതിക്രമം നടത്താൻ ആഹ്വാനം ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.

Top