മലയാളത്തിന് ആഹ്ലാദവും അഭിമാനവും; മോഹന്‍ലാലിന് ആശംസകളുമായി മഞ്ജു വാര്യര്‍

കൊച്ചി: പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ആശംസകളുമായി നടി മഞ്ജു വാര്യര്‍.

ഫെയ്‌സ്ബുക്കിലൂടെയാണ് മഞ്ജു തന്റെ സന്തോഷം പങ്കുവെച്ചിക്കുന്നത്. പത്മ പുരസ്‌കാരങ്ങള്‍ മലയാളത്തിന് ആഹ്‌ളാദവും അഭിമാനവുമാണെന്നും ലാലേട്ടന്റെ നേട്ടം വ്യക്തിപരമായി ഒരുപാട് സന്തോഷം നല്‍കുന്നുണ്ടെന്നും മഞ്ജു തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

കൂടാതെ പത്മൂഷണ്‍ ലഭിച്ച നമ്പി നാരായണനെയും പത്മശ്രീ സ്വന്തമാക്കിയ സംഗീതജ്ഞന്‍ കെ ജി ജയന്‍, ശിവഗിരി ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, പുരാവസ്തു ഗവേഷകന്‍ കെ കെ മുഹമ്മദ് എന്നിവരെയും മഞ്ജു അഭിനന്ദിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പത്മ പുരസ്‌കാരങ്ങള്‍ മലയാളത്തിന് ആഹ്ലാദവും അഭിമാനവുമേകുന്നു. നമ്മുടെ പ്രിയപ്പെട്ട ലാലേട്ടനും ശ്രീ നമ്പി നാരായണനും പത്മഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹരായിരിക്കുന്നു. ലാലേട്ടന്റെ നേട്ടം വ്യക്തിപരമായി ഒരു പാട് സന്തോഷം നല്‍കുന്നുണ്ട്. മോഹന്‍ലാല്‍ എന്ന അതുല്യപ്രതിഭയെ ഒരിക്കല്‍ക്കൂടി രാജ്യം അംഗീകരിച്ചിരിക്കുകയാണ്, ഈ ബഹുമതിയിലൂടെ. അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട വാക്കു തന്നെ ഈ നിമിഷം നമ്മുടെയെല്ലാം മനസില്‍ വിടര്‍ന്നു നില്കുന്നു വിസ്മയം!!! ശ്രീ. നമ്പി നാരായണനുളള പുരസ്‌കാരം കാലത്തിന്റെ കാവ്യനീതിയാണ്. നീതിക്കുവേണ്ടിയുള്ള ഒരു മനുഷ്യന്റെ വര്‍ഷങ്ങളായുള്ള പോരാട്ടത്തിനുള്ള അംഗീകാരം. രണ്ടു പേര്‍ക്കും വലിയൊരു സല്യൂട്ട്. സംഗീതജ്ഞന്‍ കെ ജി ജയന്‍, ശിവഗിരി ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, പുരാവസ്തു ഗവേഷകന്‍ കെ കെ മുഹമ്മദ് എന്നിവര്‍ക്ക് ലഭിച്ച പത്മശ്രീയും കേരളത്തിന്റെ അഭിമാനം ഇരട്ടിപ്പിക്കുന്നു. അവര്‍ക്കും പ്രണാമം. അതിനൊപ്പം ഭാരതരത്‌ന പുരസ്‌കാരം ലഭിച്ചവര്‍ക്കും പദ്മ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായ വിവിധ മേഖലകളില്‍ നിന്നുള്ള മറ്റുള്ളവര്‍ക്കും അഭിനന്ദനങ്ങള്‍.

Top