പത്മ പുരസ്‌കാരങ്ങള്‍; സംസ്ഥാന ശുപാര്‍ശകളോട് മുഖം തിരിച്ച് കേന്ദ്രം

തിരുവനന്തപുരം: ഇത്തവണ പത്മ പുരസ്‌കാരങ്ങള്‍ നേടിയതില്‍ സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ പട്ടികയിലില്ലാത്ത മൂന്നു മലയാളികളും.

പുരസ്‌കാരത്തിനു ശുപാര്‍ശ ചെയ്തു സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 42 പേരുടെ പട്ടിക അവഗണിച്ച കേന്ദ്രസര്‍ക്കാര്‍, പട്ടികയില്‍നിന്നു പുരസ്‌കാരം നല്‍കിയത് മാര്‍ത്തോമ്മ സഭ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിനു മാത്രമാണ്.

പി. പരമേശ്വരനു പത്മവിഭൂഷണും ഡോ. എം.ആര്‍. രാജഗോപാല്‍, ലക്ഷ്മിക്കുട്ടിയമ്മ എന്നിവര്‍ക്കു പത്മശ്രീയും ലഭിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയില്ലാതെയാണെന്നു റിപ്പോര്‍ട്ട്.

മമ്മൂട്ടി, മോഹന്‍ലാല്‍, കലാമണ്ഡലം ഗോപി, പെരുവനം കുട്ടന്‍മാരാര്‍, സുഗതകുമാരി, ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം എന്നിവരെയാണു പത്മഭൂഷണിനായി കേരളം ശുപാര്‍ശ ചെയ്തത്. ഇതില്‍ അഞ്ച് പേരുകള്‍ തള്ളി മാര്‍ത്തോമ്മ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിനു മാത്രം പുരസ്‌കാരം നല്‍കി. പത്മശ്രീ പുരസ്‌കാരത്തിന് 35 പേരുടെ പട്ടികയാണു സംസ്ഥാനം സമര്‍പ്പിച്ചത്. ഈ പട്ടിക പൂര്‍ണമായും ഒഴിവാക്കിയ സര്‍ക്കാര്‍ പട്ടികയില്‍ ഇല്ലാതിരുന്നവര്‍ക്കാണു പത്മശ്രീ നല്‍കിയത്.

ഇത്തവണ പത്മവിഭൂഷണ്‍ ലഭിച്ച ഏക മലയാളി പി.പരമേശ്വരനാണ്. ഭാരതരത്‌നയ്ക്കുശേഷം രാജ്യത്തെ രണ്ടാമത്തെ വലിയ സിവിലിയന്‍ ബഹുമതിയാണു പത്മവിഭൂഷന്‍. എന്നാല്‍, ഈ പുരസ്‌കാരത്തിനു കേരള സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തതു സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായരെയാണ്. ആര്‍എസ്എസ് ചിന്തകന്‍ കൂടിയായ പി. പരമേശ്വരന് ശുപാര്‍ശകള്‍ മറികടന്ന് കേന്ദ്രസര്‍ക്കാര്‍ പത്മവിഭൂഷണ്‍ നല്‍കിയതും വിവാദത്തിന് വഴിവെച്ചിട്ടുണ്ട്.

2018ലെ പത്മ അവാര്‍ഡുകള്‍ക്കു കേന്ദ്രസര്‍ക്കാരിലേക്കു നാമനിര്‍ദേശ പട്ടിക സമര്‍പ്പിക്കുന്നതിനായി മന്ത്രി എ.കെ. ബാലന്‍ കണ്‍വീനറായി പ്രത്യേക കമ്മറ്റി സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. ചീഫ് സെക്രട്ടറി, കമ്മറ്റി സെക്രട്ടറി, മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, തോമസ് ചാണ്ടി, മാത്യു ടി. തോമസ്, ഇ. ചന്ദ്രശേഖരന്‍ എന്നിവരായിരുന്നു അംഗങ്ങള്‍. ഈ കമ്മറ്റി തയാറാക്കിയ 42 പേരുടെ പട്ടികയാണു കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ചത്. എന്നാല്‍ പട്ടികയ്ക്ക് കേന്ദ്രത്തില്‍ നിന്നും വേണ്ടത്രപരിഗണന ലഭിച്ചില്ലെന്നാണ് ആക്ഷേപം.

Top