പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കേരളത്തിൽനിന്ന് 3 പേർക്ക് പത്മശ്രീ

 പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പത്മ പുരസ്കാരങ്ങളുടെ ആദ്യ പട്ടികയാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പത്മശ്രീ പുരസ്കാരങ്ങളുടെ ആദ്യ പട്ടികയില്‍ കേരളത്തില്‍നിന്നും മൂന്നു പേരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, തെയ്യം കലാകാരൻ ഇപി നാരായണന്‍, കാസര്‍കോട്ടെ നെല്‍കര്‍ഷകൻ സത്യനാരായണ ബലേരി എന്നിവരാണ് കേരളത്തില്‍നിന്നും ഇത്തവണ പത്മശ്രീ പുരസ്കാരം നേടിയത്. സാധാരണക്കാരായ പ്രതിഭകളുടെ പട്ടികയാണ് പുറത്തുവിട്ടത്. മറ്റു വിവിധ മേഖലകളില്‍നിന്ന് പത്മ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായവരുടെ പട്ടികയും ഉടനെ പുറത്തുവിടും. നീണ്ട കാലത്തെ കലാ ജീവിതത്തിനു കിട്ടിയ അംഗീകാരമെന്ന് സദനം ബാലകൃഷ്ണൻ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.  അറുപത്തി ഏഴ് വർഷം കഥകളിയോടൊപ്പമായിരുന്നു. പുരസ്‌കാരം ഗുരുനാഥൻമാർക്ക് സമർപ്പിക്കുന്നുവെന്നും കഥകളിക്ക് കിട്ടിയ അംഗീകരമായി കണക്കാക്കുന്നുവെന്നും സദനം ബാലകൃഷ്ണന്‍ പറഞ്ഞു.

ഇന്ത്യയിലെ ആദ്യ വനിത ആന പാപ്പാനായ അസം സ്വദേശിനി പാർബതി ബർവ, ആദിവാസി സാമൂഹ്യ പ്രവര്‍ത്തകനായ ഛത്തീസ്ദഡിൽനിന്നുള്ള ജഗേശ്വര്‍ യാദവ്, ഗോത്ര വിഭാഗത്തില്‍നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തക  ഝാര്‍ഗഢിൽ നിന്നുള്ള ചാമി മുര്‍മു, ഭിന്നശേഷിക്കാരനായ സാമൂഹിക പ്രവര്‍ത്തകനായ ഹരിയാനയില്‍നിന്നുള്ള ഗുര്‍വിന്ദര്‍ സിങ്, ഗോത്ര പരിസ്ഥിതി പ്രവര്‍ത്തകനായ പഞ്ചിമ ബംഗാളില്‍നി്നനുള്ള ധുഖു മാജി, മിസോറാമില്‍നിന്നുള്ള സാമൂഹിക പ്രവര്‍ത്തകൻ സംഘതന്‍കിമ, പരമ്പരാഗത  ആയുര്‍വേദ ചികിത്സകനായ ഛത്തീസ്ഗഢില്‍നിന്നുള്ള ഹേമചന്ദ് മാഞ്ചി, അരുണാചല്‍ പ്രദേശില്‍നിന്നുള്ള ആയുര്‍വേദ ചികിത്സകനായ യാനുങ് ജാമോ ലേഗോ,  കര്‍ണാടകയില്‍നിന്നുള്ള ഗോത്ര സാമൂഹിക പ്രവര്‍ത്തകൻ സോമണ്ണ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ 34 പേര്‍ക്കാണ് പത്മശ്രീ പുരസ്കാരം ലഭിച്ചത്.

Top