നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ ഓര്‍ഡിനന്‍സ് വിജ്ഞാപനമായി

തിരുവനന്തപുരം: നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ(ഭേദഗതി) ഓര്‍ഡിനന്‍സ് വിജ്ഞാപനമായി. നെല്‍വയലും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ കൂടുതല്‍ ശക്തമായ ഭേദഗതികളുമായാണ് ഓര്‍ഡിനന്‍സ് വരുന്നത്.

ഈ ഓര്‍ഡിനന്‍സ് നിലവില്‍ വരുന്നതോടെ 2008ലെ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ മൂന്നു മുതല്‍ 16 വരെ വകുപ്പുകളിലെ പരാമര്‍ശങ്ങളുടെ ഭേദഗതികള്‍ക്ക് പ്രാബല്യമുണ്ടാകും.

നിലം നികത്തുമ്പോള്‍ സമീപപ്രദേശത്തെ നെല്‍വയലിലേക്കും നീര്‍ത്തടങ്ങളിലേക്കും ജല നിര്‍ഗമന ചാലുകളിലേക്കുമുള്ള നീരൊഴുക്ക് തടസപ്പെടുത്തുന്ന പ്രവൃത്തികള്‍ പുതിയ ഓര്‍ഡിനന്‍സ് പ്രകാരം നിയമവിരുദ്ധമാകും.

വ്യവസ്ഥകള്‍ക്കു വിരുദ്ധമായി നെല്‍വയല്‍ രൂപാന്തരപ്പെടുത്താന്‍ ഉപയോഗിച്ച വാഹനങ്ങളോ യാനമോ ഉപകരണങ്ങളോ കളിമണ്ണ്, മണല്‍, മണ്ണ് എന്നിവയോ ജില്ലാ കളക്ടര്‍ക്ക് കണ്ടുകെട്ടാം.

നിയമപ്രകാരം വീട് നിര്‍മിക്കാനായി പരിവര്‍ത്തനപ്പെടുത്തുന്ന വയലിലോ തണ്ണീര്‍ത്തടത്തിലോ പാര്‍പ്പിട സമുച്ചയങ്ങളും ബഹുനിലകെട്ടിടങ്ങളും നിര്‍മിക്കുന്നതും നിര്‍മിച്ച വീടിന്റെ വിസ്തീര്‍ണം കാലക്രമേണ വര്‍ധിപ്പിക്കുന്നതും ഓര്‍ഡിനന്‍സ് പ്രകാരം നിയമവിരുദ്ധമാണ്.

Top