നെല്ല് സംഭരണം; മന്ത്രിയുടെ പ്രഖ്യാപനത്തെ തള്ളി വെച്ചൂരിലെ മോഡേൺ റൈസ് മിൽ

തിരുവനന്തപുരം: നെല്ല് സംഭരണത്തിൽ ഭക്ഷ്യ സിവിൽപ്ലൈസ് മന്ത്രിയുടെ പ്രഖ്യാപനത്തെ മറികടന്ന് പൊതുമേഖല സ്ഥാപനമായ വെച്ചൂരിലെ മോഡേൺ റൈസ് മിൽ.

കോട്ടയം, ആലപ്പുഴ ജില്ലകളിലെ മില്ലുകൾ നെല്ലു സംഭരിക്കുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞെങ്കിലും അത്തരമൊരറിയിപ്പ് ലഭിച്ചില്ലെന്നാണ് റൈസ്മില്ല് അധികൃതർ പറയുന്നത്.

ഇതോടെ നിലവിൽ കൊയ്തെടുത്ത ടൺകണക്കിന് നെല്ലാണ് വൈക്കം മേഖലയിൽ നശിക്കുന്നത്.

പഞ്ചായത്തിലെ അഞ്ചൊടിപാടശേഖരത്തിൽ കൊയ്തെടുത്ത നൂറ് ടണ്ണോളം നെല്ല് സംഭരിക്കാൻ വെച്ചൂരിലെ മോഡേൺ റൈസ് മില്ല് തയ്യാറായിട്ടില്ല.

അുകൂലമല്ലാത്ത കാലാവസ്ഥയിൽ ഇടക്കിടെ തെളിയുന്ന വെയിലിൽ നെല്ല് ഉണക്കി സംരക്ഷിക്കാൻ പെടാപാടുപെടുകയാണ് കർഷകർ.

മുപ്പത്തിയൊന്ന് ഏക്കറിൽ നിന്നായി 14-15 ശമാനം മാത്രം ഈർപ്പമുള്ള മികച്ച വിളവാണ് കർഷകർക്ക് ഇത്തവണ കിട്ടിയിരിക്കുന്നത്.

17 ശതമാനം വരെ മാത്രമെ ഈർപ്പം പാടുള്ളു എന്ന മാനദണ്ഡം നിലവിലിരിക്കെയാണ് ഈർപ്പം കുറഞ്ഞ നെല്ലായിട്ടും ഈ അവസ്ഥ തുടരുന്നത്.

ഒരാഴ്ചക്കകം വെച്ചൂർ പഞ്ചായത്തിൽലെ മുപ്പത്തിയാറ് പാടശേഖരങ്ങളിലായി 3200 ഏക്കറിൽ കൊയ്ത്ത് തുടങ്ങാനിരിക്കെയാണ് സർക്കാരിന്റെ മെല്ലപ്പോക്ക്.

നിലവിൽ പതിനേഴ് ശതമാനംവരെ മാത്രം ഈർപ്പമുള്ള നെല്ലാണ് മില്ലുകൾ സംഭരിക്കുന്നത്. ഇത് 14 ശതമാനമാക്കി കുറക്കണമെന്നാണ് മില്ലുകാരുടെ ആവശ്യം.

ഇപ്പോഴത്തെ കാലാവസ്ഥയിൽ ഇത് സാധ്യമല്ലെന്നും സർക്കാർ ഈ നിലപാട് സ്വീകരിച്ചാൽ കൃഷി ഉപേക്ഷിക്കുമെന്നും കർഷകർ പറയുന്നു.

മുഖ്യമന്ത്രി മില്ലുടമകളുമായി നടത്തുന്ന ചർച്ചയിൽ ഗുണകരമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

Top