paddy land-oommen chandy

തിരുവനന്തപുരം: വിവാദങ്ങള്‍ ഒഴിവാക്കാനാണ് മെത്രാന്‍ കായല്‍ നികത്തലിനുള്ള അനുമതി സര്‍ക്കാര്‍ റദ്ദാക്കിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

വയല്‍/തണ്ണീര്‍തട, പരിസ്ഥിതി നിയമത്തിലെ നിബന്ധനകള്‍ക്ക് വിധേയമായി പദ്ധതി നടപ്പാക്കാനാണ് മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്. ഒരിഞ്ച് ഭൂമി പോലും നികത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഇടതു സര്‍ക്കാര്‍ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മുന്നോട്ടുവെച്ച പദ്ധതിയാണിത്. നിബന്ധനകളില്ലാതെയാണ് പദ്ധതിക്ക് ഇടത് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതിനായി നാലോളം സര്‍ക്കാര്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചു. എന്നാല്‍, ഈ സര്‍ക്കാര്‍ വ്യവസ്ഥകള്‍ക്ക് വിധേയമായാണ് പദ്ധതിക്ക് അനുമതി നല്‍കിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തെറ്റ് ചെയ്തിട്ടില്ല. ഉത്തരവിന്റെ പേരില്‍ ആരെയും ആക്ഷേപിക്കുന്നത് ശരിയല്ല. മന്ത്രിസഭയുടേത് കൂട്ടായ തീരുമാനമാണ്. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രിയായ തനിക്കാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ടൗണ്‍ഷിപ്പ് പദ്ധതിക്കായി വൈക്കം ചെമ്പില്‍ 150 ഏക്കര്‍ വയല്‍ നികത്താന്‍ സ്വകാര്യ കമ്പനിക്ക് ഇളവ് നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരത്തില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top