മൂന്നാര്‍ – മറയൂര്‍ അന്തര്‍സംസ്ഥാന പാതയില്‍ ഭീതി വിതച്ച് പടയപ്പ; വാഹനങ്ങള്‍ തടഞ്ഞു

ഇടുക്കി: മൂന്നാര്‍ – മറയൂര്‍ അന്തര്‍സംസ്ഥാന പാതയില്‍ വാഹനങ്ങള്‍ തടഞ്ഞ് പടയപ്പ. അരമണിക്കൂറോളം വാഹനങ്ങള്‍ നിര്‍ത്തി ഇടേണ്ടി വന്നു എങ്കിലും, ആരെയും ആക്രമിക്കാതെയാണ് പടയപ്പ മടങ്ങിയത്. വാഗുവരൈ ഫാക്ടറി ഡിവിഷനിലെ ലയങ്ങള്‍ക്ക് മുന്നിലൂടെ നടന്ന പടയപ്പ പരിസരത്തെ കൃഷിയിടത്തില്‍ നിന്നും വാഴകള്‍ പിഴുതു. കഴിഞ്ഞ ഒരു മാസമായി തലയാര്‍, പാമ്പന്‍ മല മേഖലയിലാണ് പടയപ്പ ഉള്ളത്.

മൂന്നാഴ്ച മുമ്പ് മറയൂര്‍ പാമ്പന്‍മല എസ്റ്റേറ്റിലെ ജനവാസ മേഖലയിലെത്തിയിരുന്നു. ലയങ്ങളിലൊന്നിന്റെ വാതില്‍ പൊളിച്ച് അരിയെടുത്ത് കഴിച്ചിരുന്നു. ഇതിനു ശേഷം കഴിഞ്ഞയാഴ്ച ലക്കം ന്യൂ ഡിവിഷനിലെ ലയത്തിനു സമീപത്തുമെത്തിയിരുന്നു. തൊഴിലാളികളിലൊരാള്‍ പശുവിനായി വാങ്ങി വച്ചിരുന്ന പുല്ല് തിന്നുകയും മണിക്കൂറുകളോളം അവിടെ ചിലവഴിക്കുകയും ചെയ്തിരുന്നു. മറ്റ് അക്രമങ്ങളൊന്നും നടത്തുന്നില്ലെങ്കിലും സ്ഥിരമായി ഇവിടെ തന്നെ തമ്പടിച്ചിരിക്കുന്നത് ആളുകളെ ആശങ്കയിലാക്കുന്നുണ്ട്.

Top