വീണ്ടും ഭീതി പടര്‍ത്തി പടയപ്പ; മറയൂര്‍ മേഖലയില്‍ കാട്ടാന ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് മണിക്കൂറുകളോളം

ഇടുക്കി: ജനവാസ മേഖലയില്‍ വീണ്ടും പടയപ്പ ഇറങ്ങി. കഴിഞ്ഞ ഒന്നര മാസമായി പടയപ്പ മറയൂര്‍ മേഖലയിലാണ് തമ്പടിച്ചിരിക്കുന്നത്. ഇത്തവണ മറയൂര്‍ ചട്ട മൂന്നാറില്‍ ലയങ്ങളോട് ചേര്‍ന്നുള്ള പ്രദേശത്താണ് ആന എത്തിയത്. മറയൂര്‍ മൂന്നാര്‍ അന്തര്‍ സംസ്ഥാന പാതയില്‍ ഇറങ്ങിയ കാട്ടാന മണിക്കൂറുകളോളമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ക്ക് സമീപം വരെയെത്തുന്നത് ആളുകളെ ആശങ്കയിലാക്കിയിട്ടുണ്ട്.

എത്രയും വേഗം ആനയെ തുരത്താനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും വനംവകുപ്പിന്റെ നടപടി ഉണ്ടായിട്ടില്ല.
പടയപ്പയെ കാട്ടിലേക്ക് തുരത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് നാട്ടുകാര്‍. തലയാര്‍ എസ്റ്റേറ്റിലെ കടുകുമുടി ഭാഗത്താണ് നേരത്തേ പടയപ്പ എത്തിയിരുന്നത്. തേയിലത്തോട്ടത്തിലും സമീപത്തെ മരക്കൂട്ടങ്ങള്‍ക്കിടയിലും പലപ്പോഴും പടയപ്പയെ കാണാമെന്ന് നാട്ടുകാര്‍ പറയുന്നു.

ഒരു മാസം മുമ്പ് മറയൂര്‍ പാമ്പന്‍മല എസ്റ്റേറ്റിലെ ജനവാസ മേഖലയിലെത്തിയിരുന്നു പടയപ്പ. ലയങ്ങളിലൊന്നിന്റെ വാതില്‍ പൊളിച്ച് അരിയെടുത്ത് കഴിച്ചിരുന്നു. ഇതിനു ശേഷം ലക്കം ന്യൂ ഡിവിഷനിലെ ലയത്തിനു സമീപത്തുമെത്തിയിരുന്നു. പടയപ്പ മറ്റ് അക്രമങ്ങളൊന്നും നടത്തുന്നില്ലെങ്കിലും സ്ഥിരമായി ഇവിടെ തന്നെ തമ്പടിച്ചിരിക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്.

Top