ഗീതു മോഹന്‍ദാസിനെതിരെ ആരോപണവുമായി പടവെട്ട് സംവിധായകന്‍ ലിജു കൃഷ്ണ

കൊച്ചി: നടിയും സംവിധായികയുമായ ഗീതു മോഹൻദാസിനെതിരെ ആരോപണവുമായി പടവെട്ടിന്റെ സംവിധായകൻ ലിജു കൃഷ്ണ. പടവെട്ടിന്റെ കഥ കേട്ട ശേഷം മറ്റുള്ള സിനിമ പ്രവർത്തകരോട് ഗീതു സിനിമയെ കുറിച്ച് മോശമായി പറഞ്ഞുവെന്ന് ലിജു ആരോപിച്ചു.കഥ കേട്ടപ്പോൾ ചില മാറ്റങ്ങൾ ആവശ്യപ്പെട്ടെന്നും ഇത് അംഗീകരിക്കാത്തതില്‍ വൈരാഗ്യം ഉണ്ടായെന്നും ലിജു കൊച്ചിയില്‍ പറഞ്ഞു. ഡബ്ള്യൂ.സി.സിയുടെ അധികാരം ഗീതു ദുരുപയോഗം ചെയ്തെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

2018ൽ ആണ് പടവെട്ട് സിനിമ എഴുത്ത് പൂർത്തീകരിച്ചത്. സണ്ണി വെയിന്റെ ഫ്ലാറ്റിൽ താമസിച്ചാണ് കഥ എഴുതിയത്. നിവിൻ പോളിയോട് കഥ പറഞ്ഞു. നിവിൻ അപ്പോൾ അഭിനയിച്ചിരുന്ന സിനിമയുടെ സംവിധായിക ഗീതു മോഹൻദാസിന് കഥ കേൾക്കണം എന്ന് പറഞ്ഞു. ഗീതുവിനോട് കഥ പറഞ്ഞു. ഇവിടെ താമസിക്കൂ അടുത്ത ദിവസം കഥ തുടർന്ന് കേൾക്കാം എന്ന് പറഞ്ഞു. മൂന്ന് ദിവസം വിളിച്ച ശേഷം ആണ് കഥ കേട്ടത്. ആദ്യ പകുതിയിൽ കറക്ഷൻസ് ഉണ്ട് എന്ന് പറഞ്ഞു. എന്നാൽ കൃത്യമായ വിശദീകരണം പറഞ്ഞില്ല. കറക്ഷൻസ് ചെയ്തില്ലെങ്കിൽ സെക്കന്‍ഡ് ഹാഫ് കേൾക്കാൻ തയ്യാറല്ല എന്നും ഗീതു പറഞ്ഞു. ഷൂട്ടിങ് തുടങ്ങി പല തവണ ഗീതുവിനെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. ഒരു ഷെഡ്യൂൾ പൂർത്തിയാക്കിയപ്പോൾ ആണ് കോവിഡ് വന്നത്. കഥ വീണ്ടും കേൾക്കണമെന്ന് പിന്നീട് പറഞ്ഞെങ്കിലും ഗീതു കഥ കേൾക്കുന്നതിൽ വീണ്ടും താത്പര്യം കാണിച്ചില്ല. കഥ കേട്ട ശേഷം മറ്റുള്ള സിനിമ പ്രവർത്തകരോട് ഗീതു സിനിമയെ കുറിച്ച് മോശമായി പറഞ്ഞതായി അറിഞ്ഞുവെന്ന് ലിജു പറഞ്ഞു.

പ്രതിസന്ധിയിൽ നിന്ന സമയത്താണ് സരിഗമ പ്രൊഡക്ഷൻസ് സിനിമ ഏറ്റെടുത്തത്. സിനിമ പുറത്തിറങ്ങുമ്പോൾ ഇതുവരെ ഉണ്ടായ പ്രതിസന്ധി മാധ്യമങ്ങളോട് പുറത്തു പറയാൻ തീരുമാനിച്ചു . സ്വകാര്യ ഹോട്ടലിൽ വെച്ച് നടന്ന ബർത്ഡേ പാർട്ടിയിൽ വെച്ച് ഗീതുവിനെ കണ്ടു. ഗീതുവുമായി അര മണിക്കൂറോളം സംസാരിച്ചു. മദ്യ ലഹരിയിൽ ഗീതു ഇതുവരെ ഉണ്ടായ പ്രശ്നങ്ങൾ പുറത്തു പറയരുതെന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മാധ്യമങ്ങളോട് പറയുമെന്ന് ഞാൻ ഗീതുവിനോട് വ്യക്തമാക്കി. നായകൻ നിവിൻ പോളിയും നിർമാതാക്കളിൽ ഒരാളായ സണ്ണി വെയിനും തനിക്കൊപ്പം നിന്നുവെന്നും ഗീതുവിനും ഒപ്പമുള്ളവർക്കും എന്തും ചെയ്യാനുള്ള ശേഷിയുണ്ടെന്നും ലിജു കൂട്ടിച്ചേര്‍ത്തു. ഗീതു മോഹൻദാസിനെതിരെ എല്ലാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ടെന്നും സംവിധായകന്‍ അറിയിച്ചു.

Top