മോഹന്‍ലാലിന്റെ ഡ്രീം പ്രോജക്ടായ ബറോസിന് പാക്കപ്പ്

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്നുവെന്ന പ്രത്യേകത കൊണ്ടുതന്നെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ബറോസ്. ഇപ്പോള്‍ ഇതാ ചിത്രത്തിന് പാക്കപ്പ് പറഞ്ഞിരിക്കുകയാണ് മോഹന്‍ലാല്‍. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ‘ഇതാണ് ടീം ബറോസ്, ലൊക്കേഷനിനോട് സൈനിംഗ് ഓഫ് പറയുന്നു. ഇനി കാത്തിരിപ്പ് ആരംഭിക്കുന്നു’ എന്നാണ് മോഹന്‍ലാല്‍ ചിത്രത്തിനൊപ്പം കുറിച്ചത്. 2019 ഏപ്രിലില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച ‘ബറോസ്’ മോഹന്‍ലാലിന്റെ സ്വപ്ന പ്രോജക്ട് ആണ്. ചിത്രത്തില്‍ പ്രധാന കഥാപാത്രമായി മോഹന്‍ലാലും എത്തുന്നു. സന്തോഷ് ശിവനാണ് ഛായാഗ്രാഹകന്‍. വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിധി തേടി ഒരു കുട്ടി ബറോസിനു മുന്നിലെത്തുന്നതാണ് കഥയുടെ പ്രമേയം.

മാര്‍ച്ച് 24ന് നടന്ന ബറോസിന്റെ ഒഫിഷ്യല്‍ ലോഞ്ചും അതിനു ശേഷമുള്ള ഓരോ വിവരങ്ങളും ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ബിഗ് ബജറ്റ് ത്രീഡി ഫാന്റസിയായി എടുക്കുന്ന ഈ ചിത്രത്തില്‍ പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും അഭിനയിക്കുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത മേക്കോവറിലാണ് മോഹന്‍ലാല്‍ ബറോസിലെത്തുന്നത്. ബാറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി’ഗാമാസ് ട്രെഷര്‍ എന്ന പേരിലെ നോവല്‍ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ബറോസ് എന്ന ഭൂതമായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. 40 വര്‍ഷത്തെ അഭിനയ ജീവിതത്തിലെ മുഴുവന്‍ അനുഭവവുമായാണ് മോഹന്‍ലാല്‍ സംവിധാന മേഖലയിലേക്ക് തിരിഞ്ഞത്.

Top