നീണ്ട 19 മാസങ്ങളും മൂന്ന് ദിവസവും; കാത്തിരിപ്പിനൊടുവില്‍ മിന്നല്‍ മുരളിക്ക് പാക്കപ്പ്

ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ മൂവി ‘മിന്നല്‍ മുരളി’ക്ക് പാക്കപ്പ്. ഒരു വര്‍ഷവും ഏഴ് മാസവും മൂന്ന് ദിവസവും നീണ്ട ഷൂട്ടിങ്ങിനൊടുവിലാണ് മിന്നല്‍ മുരളിയുടെ ഷൂട്ടിങ് അവസാനിക്കുന്നത്. 2019 ഡിസംബര്‍ 23നാണ് ഷൂട്ടിങ് ആരംഭിക്കുന്നത്. ഇതിനിടയില്‍ പല പ്രതിസന്ധികളും ചിത്രത്തിന് ഉണ്ടായി. പല കാരണങ്ങളാല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ച സിനിമ ആയിരുന്നു മിന്നല്‍ മുരളി.

ആലുവ ക്ഷേത്രത്തിന്റെ അരികില്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരിക്കാന്‍ സിനിമ പ്രവര്‍ത്തകര്‍ ഇട്ട ക്രിസ്ത്യന്‍ ദേവാലയത്തിന്റെ സെറ്റ് രാഷ്ട്രീയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു. ഇതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് സിനിമക്ക് ഉണ്ടായത്. പിന്നീട് കാലവര്‍ഷം തുടങ്ങിയതിനാല്‍ മണപ്പുറത്ത് വെള്ളം കയറാനുള്ള സാധ്യത കണക്കിലെടുത്ത് ക്ഷേത്ര കമ്മിറ്റിയുടെ ആവശ്യപ്രകാരം സിനിമ പ്രവര്‍ത്തകര്‍ തന്നെ സെറ്റ് പൊളിച്ച് മാറ്റിയിരുന്നു.

കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് സിനിമ ഷൂട്ടിങ് പാതിയില്‍ നിന്നുപോയതും പിന്നീട് സെറ്റ് പൊളിച്ചുമാറ്റിയതുമുള്‍പ്പെടെ ലക്ഷങ്ങളുടെ നഷ്ടമാണ് നിര്‍മാതാക്കള്‍ക്ക് ഉണ്ടായത്. കഴിഞ്ഞ ദിവസം ഡി കാറ്റഗറിയില്‍ നടത്തിയ ഷൂട്ടിങ് സിനിമ പ്രവര്‍ത്തകര്‍ തടഞ്ഞതും വാര്‍ത്തയായിരുന്നു.

ഗോദയ്ക്ക് ശേഷം ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. മിസ്റ്റര്‍ മുരളിയെന്നാണ് ഹിന്ദി പതിപ്പിന്റെ പേര്. മെരുപ്പ് മുരളിയെന്ന് തെലുങ്ക് പതിപ്പിനും മിഞ്ചു മുരളിയെന്ന് കന്നഡ പതിപ്പിനും പേരിട്ടിരിക്കുന്നു.

വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മാണം. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ടൊവിനോയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണിത്.

 

Top