‘പാതാള്‍ ലോക്’ മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്നു; അനുഷ്‌ക ശര്‍മയ്‌ക്കെതിരെ പരാതി

ബോളിവുഡ് നടി അനുഷ്‌ക ശര്‍മയ്‌ക്കെതിരെ പരാതി നല്‍കി ബിജെപി എം.എല്‍.എ നന്ദകിഷോര്‍ ഗുജ്‌റാള്‍.അനുഷ്‌ക ശര്‍മ നിര്‍മ്മിച്ച പാതാള്‍ ലോക് എന്ന വെബ് സീരിസ് മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്നുവെന്നാരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.രാജ്യസുരക്ഷാ ആക്ട് പ്രകാരമാണ് പരാതി നല്‍കിയിരിക്കുന്നത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് പാതാള്‍ ലോക് ആമസോണ്‍ പ്രൈമില്‍ റിലീസായത്. പാതാള്‍ ലോകില്‍ വില്ലനായെത്തുന്ന അനൂപ് ജോള്‍ട്ട അവതരിപ്പിക്കുന്ന ബാലകൃഷ്ണ ബാജ്‌പേയി എന്ന കഥാപാത്രം ദേശീയ പാത ഉദ്ഘാടനം ചെയ്യുന്ന ഒരു പത്രവാര്‍ത്ത കാണിക്കുന്ന രംഗമുണ്ട്. പത്രവാര്‍ത്തയിലെ ചിത്രത്തില്‍ ഗുജ്‌റാളുമുണ്ട്. യോഗി ആദിത്യനാഥിനൊപ്പം ഗുജ്‌റാള്‍ പങ്കെടുത്ത ഉദ്ഘാടന ദൃശ്യം മോര്‍ഫ് ചെയ്താണ് പാതാള്‍ ലോകില്‍ ഉപയോഗിച്ചിരിക്കുന്നത്. 2018 മാര്‍ച്ച് 30 നെടുത്ത ചിത്രമായിരുന്നു അത്.
ബിജെപിയുടെ പ്രതിച്ഛായ നശിപ്പിക്കാനാണ് പാതാള്‍ ലോകില്‍ ഈ ചിത്രം മോര്‍ഫ് ചെയ്തതെന്ന് ഗുജ്‌റാള്‍ ആരോപിക്കുന്നത്.

കുറ്റാന്വേഷണത്തിന്റെ കഥ പറയുന്ന പാതാള്‍ ലോകിന് പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഒമ്പത് എപ്പിസോഡുകളുള്ള ക്രൈം ത്രില്ലര്‍ ഗണത്തില്‍പ്പെട്ട വെബ് സീരിസാണ് പാതാള്‍ ലോക്. ജയ്ദീപ് അഹ്ലാവത്, അഭിഷേക് ബാനര്‍ജി, നീരജ് കാബി എന്നിവരാണ് ഇതില്‍ പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നത്.

Top