പാറകണ്ടി പവിത്രന്‍ വധക്കേസില്‍ 7 പ്രതികള്‍ക്ക് ജീവപര്യന്തം

court

തലശ്ശേരി: പൊന്ന്യം നാമത്ത് മുക്കില്‍ സിപിഎം പ്രവര്‍ത്തകന്‍ പവിത്രത്തില്‍ പാറക്കണ്ടി പവിത്രനെ (45) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 7 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

ആര്‍എസ്എസ് പ്രവര്‍ത്തകരായ ചെങ്കളത്തില്‍ സി.കെ പ്രശാന്ത്, നാമത്ത് വീട്ടില്‍ ലൈജേഷ്, പാറയിക്കണ്ടി വിനീഷ്, പ്രശാന്ത് എന്ന മുത്തു, കെ സി അനില്‍കുമാര്‍, കിഴക്കയില്‍ വിജിലേഷ്, തട്ടാരത്തില്‍ കെ മഹേഷ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. നാലാം പ്രതി വലിയ പറമ്പത്ത് ജ്യോതിഷ് വിചാരണ കാലയളവില്‍ മരിച്ചിരുന്നു.

2007 നവംബര്‍ 6ന് പുലര്‍ച്ചെ 5.45ന് നാമത്ത്മുക്ക് അങ്കണവാടിക്കു സമീപം പവിത്രനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. പാല്‍ വാങ്ങാന്‍ നായനാര്‍ റോഡിലേക്കു പോവുകയായിരുന്ന പവിത്രന്‍ അക്രമികളെ കണ്ടു പാല്‍പാത്രം ഉപേക്ഷിച്ച് അടുത്തുള്ള മുണ്ടാണി രാജീവന്റെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും അക്രമിസംഘം പിന്തുടര്‍ന്നു വെട്ടുകയായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 10ന് പുലര്‍ച്ചെ മരിച്ചുവെന്നാണു കേസ്.

Top