നിക്ഷ്പക്ഷത എന്നൊന്ന് ഇല്ല, കൃത്യമായ പക്ഷവും നിലപാടും ഞങ്ങള്‍ക്കുണ്ടെന്ന് പി എ മുഹമ്മദ് റിയാസ്

ടമകളുടെ രാഷ്ട്രീയതാല്‍പര്യത്തിന്റെ ബിംബമായി നില്‍ക്കേണ്ടവരല്ല മാധ്യമ സുഹൃത്തുക്കളെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് പി എ മുഹമ്മദ് റിയാസ്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മുഹമ്മദ് റിയാസ് ഇക്കാര്യം വ്യക്തമാക്കിയത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…

നിങ്ങള്‍ പറയുന്നത് മൂളി
കേള്‍ക്കാന്‍ വന്നവരല്ല ഞങ്ങള്‍”

ഏതൊരു മാധ്യമ മാനേജ്മെന്റിനും അതാത് ദിവസങ്ങളിലെ രാത്രി ചര്‍ച്ചയിലെ വിഷയം തെരഞ്ഞെടുക്കുവാന്‍ ജനാധിപത്യപരമായി അവകാശമുണ്ട്. പക്ഷേ അത് കാലത്തിന്റെ രാഷ്ട്രീയവുമായി നീതി പുലര്‍ത്തുന്നുണ്ടോ എന്നത് സ്വാഭാവികമായും ജനം പരിശോധിക്കും.
അങ്ങിനെ പരിശോധിക്കുവാനുള്ള ജനാധിപത്യപരമായ അവകാശം ജനത്തിനുമുണ്ട്.

ചര്‍ച്ചയില്‍ പങ്കെടുക്കുന്ന വ്യക്തിയെ സംബന്ധിച്ചടത്തോളം ചാനല്‍ തെരഞ്ഞെടുത്ത വിഷയം കാലത്തിന്റെ രാഷ്ട്രീയത്തിന് അനുയോജ്യമല്ല എന്നു പറയുവാനും,
തെരഞ്ഞെടുത്ത വിഷയം ഏതാകണമായിരുന്നു എന്ന് സമര്‍ത്ഥിക്കുവാനും,
വിഷയം തെരെഞ്ഞെടുത്ത ചാനലിന്റെ രാഷ്ട്രീയ താല്‍പര്യം പ്രേക്ഷകന് തുറന്നു കാണിച്ചുകൊടുക്കുവാനും,
എല്ലാവര്‍ക്കും അനുവദിക്കപ്പെട്ടതുപോലെ ജനാധിപത്യപരമായി അവകാശമുള്ളത് തന്നെയാണ് എന്ന് എല്ലാവരും അംഗീകരിക്കേണ്ടതാണ്.

രാഷ്ട്രീയ പ്രസ്ഥാനത്തെയോ സംഘടനയെയോ പ്രതിനിധാനം ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് ഞങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
നിക്ഷ്പക്ഷത എന്നൊന്ന് ഞങ്ങള്‍ക്കില്ല.കൃത്യമായ പക്ഷവും നിലപാടും എന്നും ഞങ്ങള്‍ക്കുണ്ട്.
അത് ജനപക്ഷ രാഷ്ട്രീയമാണ്.തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയമാണ് .ഞങ്ങളുടെ പ്രസ്ഥാനത്തിനെ സ്നേഹിക്കുന്നവരുടെ ശബ്ദം കൂടിയാണ് ഞങ്ങളിലൂടെ പുറത്തുവരുന്നത് എന്ന ഉത്തമബോധ്യം ഞങ്ങള്‍ക്കുണ്ട്.

ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കളുടെ പത്രസമ്മേളനങ്ങള്‍ ഉയര്‍ത്തിയ വിഷയം ചാനലുകള്‍ രാത്രി ചര്‍ച്ചയാക്കാറുണ്ട്.
ആ പത്രസമ്മേളനങ്ങള്‍ ഉയര്‍ത്തുന്ന വിഷയങ്ങളോ, അല്ലെങ്കില്‍ ചില രാഷ്ട്രീയ നേതാക്കളെ കൊണ്ട് ബോധപൂര്‍വ്വം വിഷയങ്ങള്‍ ഉയര്‍ത്തിയോ അത് പിന്നീട് രാത്രി ചര്‍ച്ച ചെയ്യുന്ന രീതി ചില ചാനലുകള്‍ക്കുണ്ട്.അതിനവകാശം ചാനലുകള്‍ക്ക് ഉണ്ടെന്ന് അംഗീരിക്കുമ്പോള്‍ തന്നെ
സീതാറാം യെച്ചൂരിയും കോടിയേരിയും കേന്ദ്ര സര്‍ക്കാര്‍ നയം കാരണം സാധാരണ ജനവിഭാഗങ്ങളെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ മുന്നോട്ട് വച്ചിരുന്നു. അതൊന്നും ചര്‍ച്ചാ വിഷയമായി എടുക്കാതെ
BJP സംസ്ഥാന പ്രസിഡന്റ് രേഖകളുടെയൊന്നും പിന്തുണയില്ലാതെ നടത്തിയ പത്രസമ്മേളനത്തില്‍ ഉയര്‍ത്തിയ വിഷയം ചര്‍ച്ചക്കെടുക്കുന്നതിന്റെ താല്പര്യമറിയുവാന്‍ അധികം ബുദ്ധിമുട്ടൊന്നുമില്ല.

കോവിഡ് കാലത്ത് അതിജീവനത്തിന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്.
പൊതുജനാരോഗ്യ സമ്പ്രദായം മുറുകെ പിടിച്ച സോഷ്യലിസ്റ്റ് വ്യവസ്ഥ ആഗ്രഹിക്കുന്ന പ്രസ്ഥാനങ്ങള്‍ നയിക്കുന്ന രാജ്യങ്ങളും കേരളം പോലെയുള്ള സംസ്ഥാനങ്ങളും കോവിഡ് 19നെ പ്രതിരോധിക്കുന്നതില്‍ മുന്‍പന്തിയില്‍ വരുന്നത് എന്തുകൊണ്ട് രാത്രി ചര്‍ച്ചാ വിഷയമാകുന്നില്ല ?

കോവിഡ് 19ന് മുമ്പില്‍ ലക്ഷക്കണക്കിന് മനുഷ്യര്‍ അമേരിക്കന്‍ ഐക്യനാടുകളിലും മറ്റ് മുതലാളിത്ത വികസിത രാജ്യങ്ങളിലും മരിച്ചു വീഴുന്നത് ആരോഗ്യമേഖലയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് നിലപാടെടുത്തതാണ് എന്നത് തുറന്നുകാണിക്കുന്ന ചര്‍ച്ചകള്‍ രാത്രി ചില ചാനലുകള്‍ സംഘടിപ്പിക്കാത്തത് എന്ത് കൊണ്ട് ?

സാമൂഹിക അകലം പാലിക്കല്‍ കോവിഡ് പ്രതിരോധത്തിന്റെ പ്രധാന ഘടകമാണെങ്കിലും ലോക്ക് ഡൗണ്‍ കൊണ്ട് ഇന്ത്യയിലെ പട്ടണങ്ങളിലെ ലക്ഷക്കണക്കിന് വരുന്ന ചേരി നിവാസികള്‍ക്ക് എങ്ങനെ സാമൂഹിക അകലം പാലിക്കാനാകും?

ചേരി നിവാസികള്‍ക്ക് വേണ്ടി ഈ ചര്‍ച്ച ഉയര്‍ത്താന്‍ ചാനലുകള്‍ക്ക് ഉത്തരവാദിത്തമില്ലേ ?

ജനങ്ങള്‍ക്ക് ഭക്ഷണം എത്തിക്കുവാനുള്ള ഉത്തരവാദിത്തം നിര്‍വ്വഹിക്കാത്ത കേന്ദ്ര സര്‍ക്കാരിനെ ചാനല്‍ മാനേജ്മെന്റിന്
താല്പര്യം ഇല്ലാത്തതു കൊണ്ട് ചര്‍ച്ചാ വിഷയാക്കുവാന്‍ ആരു ഭയന്നാലും,
വിഷയം ജനസമക്ഷം എത്തിക്കുവാനുള്ള ഉത്തരവാദിത്തം ഞങ്ങള്‍ക്കുണ്ട്.

അതിഥിതൊഴിലാളികള്‍ക്ക് മറ്റൊരു സംസ്ഥാനവും ഇന്ത്യയില്‍ ചെയ്യാത്ത കുറേയേറെ കാര്യം കേരളം ചെയ്തു എന്നത് ആരു പറയുവാന്‍ മടിച്ചാലും എല്ലാവരും തിരിച്ചറിഞ കാര്യമാണ്.

മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികളെയും വിദേശ പ്രവാസികളെയും കുറിച്ചുള്ള ചിന്തയും അവര്‍ സുരക്ഷിതരാകണമെന്ന ആഗ്രഹവും ഏതെങ്കിലും ചാനല്‍ മാനേജ്മെന്റിനോ ചര്‍ച്ച നടത്തുന്നവര്‍ക്കോ മാത്രമുള്ള വികാരമല്ല.
മലയാളികളുടെ മൊത്തം ആഗ്രഹമാണ്.. വികാരമാണ്..
കേരള സര്‍ക്കാരും,
ഒട്ടുമിക്ക രാഷ്രീയപ്രസ്ഥാനങ്ങളും സംഘടനകളും അതില്‍ ഉള്‍പ്പെടും.പ്രവാസികളുടെയും അവരുടെ കുടുംബത്തിന്റെയും ആശങ്ക ആളിക്കത്തിക്കുന്ന പണി ആരെങ്കിലും എടുക്കുവാന്‍ ശ്രമിച്ചാല്‍ അതിന്റെ പിന്നിലുള്ള താല്‍പര്യങ്ങള്‍ തുറന്നുകാട്ടുന്ന പണി ഞങ്ങളുമെടുക്കും.

കേരളത്തില്‍ നിന്ന് അതിഥി തൊഴിലാളികളെ നാട്ടില്‍ എത്തിക്കുന്ന പ്രവര്‍ത്തനത്തെ ഒഡീഷ മുഖ്യമന്ത്രി അഭിനന്ദിച്ചതിനെക്കുറിച്ച് നിങ്ങള്‍ പറഞ്ഞില്ലെങ്കിലും ജനം മനസ്സിലാക്കുന്നുണ്ട്. അത് നിങ്ങള്‍ പറയാത്തതിന്റെ പിന്നിലുള്ള താല്‍പര്യവും ജനത്തിനറിയാം.

കോവിഡ് കാലത്ത് നമ്മെ ഞെട്ടിച്ച ഒരു വാര്‍ത്തയാണ് രാജ്യത്തെ 50 കോര്‍പ്പറേറ്റുകള്‍ക്ക് പൊതുമേഖലാ ബാങ്കുകളില്‍ നിന്നെടുത്ത 68607 കോടി സര്‍ക്കാര്‍ എഴുതിത്തള്ളി എന്നത്. ഇത് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഒരു വിവരാവകാശ നിയമപ്രകാരം വന്ന ചോദ്യത്തിന് നല്‍കിയ മറുപടിയാണ്. അതില്‍ സ്ഥാപനങ്ങളുടെ പേരും പറയുന്നുണ്ട്. നിങ്ങള്‍ക്ക് ഇത് ചര്‍ച്ചയ്ക്ക് എടുക്കുവാന്‍ മാത്രം വിഷയമായിരിക്കില്ല.. പക്ഷേ ഇത് രാജ്യത്തെ ജനകോടികള്‍ അറിയേണ്ട ഏറ്റവും പ്രധാന വിഷയമാണെന്ന് ഞങ്ങള്‍ കരുതുന്നു.

കോര്‍പ്പറേറ്റുകളുടെ എഴുപതിനായിരത്തോളം കോടി എഴുതിത്തള്ളിയ കേന്ദ്രസര്‍ക്കാര്‍ തന്നെയാണ് അതിഥി തൊഴിലാളികളില്‍ നിന്നും അവരുടെ സംസ്ഥാനങ്ങളിലേക്ക് പോകുന്നതിന് ട്രെയിന്‍ നിരക്കും ഭക്ഷണ നിരക്കും ഈടാക്കിയത്.
ഇതൊന്നും ഈ രാജ്യത്ത് ചര്‍ച്ച ചെയ്യേണ്ട എന്നാണോ?

പ്രധാനമന്ത്രിയുടെ ഉള്‍പ്പെടുന്ന ഒരു ട്രസ്റ്റ് ഉണ്ടാക്കി ഫണ്ട് കലക്ട് ചെയ്യുന്നത് എന്ത് കൊണ്ട് അതിഥി തൊഴിലാളികളുടെ നാട്ടിലേക്കുള്ള യാത്രക്ക് വേണ്ടി ചെലവഴിക്കുന്നില്ല എന്ന ന്യായമായ ചോദ്യം
എന്തു കൊണ്ട് ചില ചാനലുകളില്‍ ചര്‍ച്ചാ വിഷയമാകുന്നില്ല ?

അപ്പോള്‍ അത് ഞങ്ങളുടെ പാര്‍ടി നിലപാടല്ല എസ്.ഡി.പി.ഐ ക്കാരുടേതാണ് എന്ന് അസംബന്ധം പറഞ്ഞാല്‍ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ സ്റ്റേറ്റ്മെന്റ് പരാമര്‍ശിച്ച് ആ വാദം അസംബന്ധമാണ് സ്ഥാപിക്കപ്പെട്ടിട്ടും ആ വാദം ഉന്നയിച്ചവരോട് തെറ്റാണെന്ന് പറയുവാനുള്ള ഉത്തരവാദിത്തമുള്ളവര്‍ പറയാത്തത് എന്ത് കൊണ്ട് ?

ജനാധിപത്യപ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ പേര് നോക്കി മതവര്‍ഗ്ഗീയത പ്രചരിപ്പിക്കുന്ന രീതി അപ്പോള്‍ തന്നെ തടയാതെ(പലതും അപ്പപ്പോള്‍ തടയുന്നവര്‍), തടയേണ്ടവര്‍ ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നില്ലെങ്കില്‍ പ്രേക്ഷകര്‍ ‘കഷ്ടം’ എന്ന് ആ രീതിയെക്കുറിച്ച് പറഞ്ഞാല്‍ തെറ്റ് പറയാനാകുമോ ?

വിദേശ പ്രവാസികളോട് കാണിക്കുന്ന താല്‍പര്യം സംസ്ഥാന പ്രവാസികളോട്
കേരള സര്‍ക്കാര്‍കാണിക്കുന്നില്ല എന്ന ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധിയുടെ പിന്നിലുള്ള
‘വിഷ ചിന്ത’ യ്ക്കു മുമ്പില്‍ ‘സാഷ്ടാംഗ പ്രണാമം’
അടിക്കുന്നവരെ ജനം തിരിച്ചറിയില്ലേ ?

വ്യക്തിപരമായി ആരെയും അധിക്ഷേപിക്കുന്ന രീതി ഞങ്ങളുടേതല്ല..

പക്ഷേ ചില തെറ്റായ പ്രവണതകളെ അതിശക്തമായി ഞങ്ങള്‍ എതിര്‍ക്കും..
അത് ഞങ്ങളുടെ ധാര്‍ഷ്ട്യമല്ല..

ഞങ്ങള്‍ പുഞ്ചിരിച്ച് സമചിത്തതയോടെ തെറ്റായ പ്രവണതകളെ തുറന്നുകാണിക്കുന്നത്, വ്യക്തിപരമായ അധിക്ഷേപമായോ,ധാര്‍ഷ്ട്യമായോ ആരെങ്കിലും കരുതിയാലോ,
അതേ വാദം ഗ്യാലറിയിലിരുന്ന് കളി കാണുന്ന ചിലര്‍ പ്രചരിപ്പിച്ചാലോ നിലപാടുകളില്‍ നിന്ന് പ്രതിച്ഛായ നോക്കി പിറകോട്ട് പോകുന്നവരല്ല കമ്യൂണിസ്റ്റുകാര്‍….

കോവിഡ് കാലത്തിന്റെ പ്രത്യേകത തിരിച്ചറിഞ്ഞത് കൊണ്ടാണ് ചില തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ചര്‍ച്ചയില്‍ ചില അസംബന്ധ വാദങ്ങള്‍ക്ക് ശക്തമായ മറുപടി ഒഴിവാക്കുന്നത്.

ആരും ബിംബമല്ല..
ഞങ്ങളും ബിംബമല്ല..
നിങ്ങളും ബിംബമല്ല…

ഞങ്ങള്‍ ഞങ്ങളുടെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ ഘടകങ്ങളില്‍ പറയും.
പ്രസ്ഥാനം കൈക്കൊള്ളുന്ന തീരുമാനങ്ങള്‍, നിലപാടുകള്‍ ചാനലുകളിലും,
അങ്ങാടികളിലും,ജനങ്ങളോടു വ്യക്തിപരമായും ഒക്കെ പ്രചരിപ്പിക്കും.
അതിന് ഞങ്ങള്‍ ആരെയും ഭയക്കുന്നവരല്ല.
അതുപോലെ ഉടമകളുടെ രാഷ്ട്രീയതാല്‍പര്യത്തിന്റെ ബിംബമായി നില്‍ക്കേണ്ടവരല്ല മാധ്യമ സുഹൃത്തുക്കളും.
-പി എ മുഹമ്മദ് റിയാസ്-

Top