ഡിവൈഎഫ്‌ഐക്ക് ഡിസ്‌ലൈക്ക് കൂട്ടാന്‍ പ്രമുഖ പത്രം ശ്രമിച്ചാലും ‘ലൈക്ക്’ അടിക്കുകയാണ് പതിവ്; മുഹമ്മദ് റിയാസ്

തിരുവനന്തപുരം: 2020 ഓഗസ്റ്റ് 15ന് ഡിവൈഎഫ്‌ഐ ഫേസ്ബുക്കിലൂടെ സംഘടിപ്പിക്കുന്ന ‘യൂത്ത് ഫോര്‍ ഇന്ത്യ ക്യാമ്പയിന്‍’ ദുര്‍ബലപ്പെടുത്താന്‍ ഒരു പത്രം ഇറങ്ങിയിട്ടുണ്ടെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ്.

റീസൈക്കിള്‍ കേരളയുടെ ഭാഗമായി ഡിവൈഎഫ്‌ഐ പാഴ് വസ്തുക്കള്‍ ശേഖരിച്ചും, ശ്രമദാനങ്ങള്‍ സംഘടിപ്പിച്ചും പതിനൊന്ന് കോടിയോളം തുക സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് വാര്‍ത്തയാക്കാന്‍ ഒരു ചെറുകോളം പോലും മാറ്റിവെയ്ക്കാത്ത പത്രമാണ് ഇപ്പോള്‍ കുത്തിത്തിരുപ്പിന് മുതിരുന്നത്.

എന്നും ‘ഡിസ്ലൈക്കുകള്‍’ കൂട്ടാന്‍ നിങ്ങള്‍ ശ്രമിച്ചപ്പോളും ജനങ്ങള്‍ ഹൃദയം കൊണ്ട് ഞങ്ങളുടെ ഓഗസ്റ്റ് 15 ക്യാമ്പയിന്‍ ‘ലൈക്ക്’ അടിക്കുകയാണ് പതിവെന്നും മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

1987 ഓഗസ്റ്റ് 15ന് DYFI സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയുടെ കോഴിക്കോട്ടെ ചിത്രമാണിത്. നെല്ലിക്കോട് ഭാസ്കരനും കുതിരവട്ടം പപ്പുവുമാണ് ചിത്രത്തിലുള്ളത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നീണ്ട ഐതിഹാസികമായ മനുഷ്യച്ചങ്ങലയുടെ കണ്ണി എവിടെയൊക്കെ പൊട്ടുമെന്ന് കണ്ടെത്താൻ അന്നത്തെ ഒരു പത്രം പ്രത്യേക ഫോട്ടോഗ്രാഫർമാരെ നിയോഗിച്ചിരുന്നെങ്കിലും അണമുറിയാത്ത ജനപ്രവാഹം കണ്ട് നിരാശനായി മടങ്ങാനായിരുന്നു ആ പത്രത്തിന്റെ വിധി.

2020 ഓഗസ്റ്റ് 15ന് കോവിഡ് വ്യാപനത്തെത്തുടർന്ന്, പൊതു ഇടങ്ങളിൽ സംഘടിക്കാൻ പറ്റാത്ത സാഹചര്യത്തിൽ “മതരാഷ്ട്രം വിനാശത്തിന്, ഇന്ത്യയെ രക്ഷിക്കുക” എന്ന മുദ്രാവാക്യത്തിൽ DYFI ഫേസ്ബുക്കിലൂടെ സംഘടിപ്പിക്കുന്ന ‘യൂത്ത് ഫോർ ഇന്ത്യ’ ക്യാമ്പയിൻ ദുർബലപ്പെടുത്താൻ അതേ പത്രം പതിവുപോലെ ഇറങ്ങിയിട്ടുണ്ട്.

കോവിഡ് കാലത്ത് റീസൈക്കിൾ കേരളയിലൂടെ പാഴ് വസ്തുക്കൾ ശേഖരിച്ചും, ശ്രമദാനങ്ങൾ സംഘടിപ്പിച്ചും പതിനൊന്ന് കോടിയോളം തുക സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ DYFI ഇടപെടൽ വാർത്തയാക്കാൻ ഒരു ചെറുകോളം പോലും മാറ്റിവെയ്ക്കാത്ത പത്രമാണ് ഇപ്പോൾ കുത്തിത്തിരുപ്പിന് മുതിരുന്നത്.

ഒരുപാട് ഓഗസ്റ്റ് 15ന്റെ ക്യാമ്പയിനുകളിൽ പങ്കെടുത്ത DYFI യുടെ ഒരു പ്രവർത്തകൻ എന്ന അനുഭവത്തിൽ ആ പത്രത്തോട് ഒന്ന് പറഞ്ഞോട്ടെ

“1987ലും ഞങ്ങൾ ക്വാട്ട നിശ്ചയിച്ചിട്ടുണ്ടായിരുന്നു.
പിന്നീട് എല്ലാ ഓഗസ്റ്റ് 15ക്യാമ്പയിനുകൾക്കും ക്വാട്ട നിശ്ചയിക്കാറുണ്ട്.2020ലും ക്വാട്ട നിശ്ചയിച്ചിട്ടുണ്ട്. എന്നും ക്വാട്ടയെ മറികടക്കുന്ന നിലയിൽ തെരുവിൽ വൻ ജന പങ്കാളിത്തമുണ്ടായിട്ടുണ്ട്.
എന്നും ‘ഡിസ്‌ലൈക്കുകൾ’ കൂട്ടാൻ നിങ്ങൾ ശ്രമിച്ചപ്പോളും ജനങ്ങൾ ഹൃദയം കൊണ്ട് ഞങ്ങളുടെ ഓഗസ്റ്റ് 15ക്യാമ്പയിൻ ‘ലൈക്ക്’ അടിക്കുകയാണ് പതിവ്.
നാളെ, സ്വാതന്ത്ര്യ ദിനത്തിൽ സൈബർ ഇടത്തിലും ക്വാട്ടയേക്കാൾ ആരു തന്നെ തകർക്കാൻ ശ്രമിച്ചാലും പങ്കാളിത്തമുണ്ടാകും.
കാരണം ഈ സംഘടനയുടെ പേര്
DYFI എന്നാണ് ”

-പി എ മുഹമ്മദ് റിയാസ്-

Top