ഡി.വൈ.എഫ്.ഐയുടെ നാല് പതിറ്റാണ്ട്, ഓര്‍മ്മിപ്പിച്ച് റിയാസ്

തിരുവനന്തപുരം: ഡിവൈഎഫ്‌ഐയുടെ നാലു പതിറ്റാണ്ടിനെ ഓര്‍മ്മപ്പെടുത്തി ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ്. 40 വര്‍ഷം പിന്നിടുമ്പോഴും ചടുലമായ ഇടപെടലുകളിലൂടെ യൗവ്വനം കാത്തുസൂക്ഷിക്കുന്ന പ്രസ്ഥാനമാണ് ഡിവൈഎഫ്‌ഐ എന്ന് തെളിയിക്കുന്നതാണ് സമീപകാലങ്ങളില്‍ സമരസന്നദ്ധ -സംഘടനാ പ്രവര്‍ത്തനങ്ങളിലെ ഇടപെടലുകള്‍.

റിക്രൂട്ട്‌മെന്റ് എന്ന വാക്കുപോലും മറന്ന് കരാര്‍ നിയമനങ്ങളും താല്‍ക്കാലിക നിയമനങ്ങളും മാത്രമാക്കി യുവജനങ്ങളെ വെല്ലുവിളിക്കുന്ന രാജ്യത്ത് ബൃഹത്തായ പോരാട്ടങ്ങള്‍ക്ക് കാലം കാതോര്‍ക്കുകയാണ്. പിന്നിട്ട നാളുകളില്‍ നിര്‍വഹിച്ചതുപോലെ, ശരിയായ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ പങ്കുകൊള്ളാന്‍ രാജ്യത്തെ യുവത്വത്തിന് ദിശാബോധം നല്‍കുക എന്നതാണ് നാലുപതിറ്റാണ്ട് പൂര്‍ത്തിയാക്കുമ്പോള്‍ ഡിവൈഎഫ്‌ഐക്ക് മുന്നിലെ ഏറ്റവും പ്രധാന ഉത്തരവാദിത്തം എന്നാണ് മുഹമ്മദ് റിയാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘ ഡിവൈഎഫ്‌ഐയുടെ നാലുപതിറ്റാണ്ട് ‘
——
‘ഭഗത് സിങ്ങും ഞാനുമൊക്കെ ആ കാലഘട്ടത്തില്‍ ആഗ്രഹിച്ചതാണ് ഇതുപോലെ ഒരു ദേശീയ യുവജനപ്രസ്ഥാനം പടുത്തുയര്‍ത്തണമെന്ന്. പക്ഷേ, സാധിച്ചില്ല. ഞങ്ങള്‍ യുവജനങ്ങളുടെ കരുത്തിനെയും ആത്മധൈര്യത്തെയും രാഷ്ട്രസ്വാതന്ത്ര്യത്തിനായി പ്രയോഗിച്ചു. ഭഗത് സിങ്ങും സുഖ്‌ദേവും രാജ്ഗുരുവും രക്തസാക്ഷികളായി. ഞങ്ങള്‍ക്ക് പൂര്‍ണ ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞില്ല. ഇന്ന് ഭഗത് സിങ് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ നിങ്ങളെ അഭിവാദ്യം ചെയ്യാന്‍ അദ്ദേഹം എത്തുമായിരുന്നു. എനിക്ക് ഇപ്പോള്‍ വയസ്സ് എണ്‍പതിനോട് അടുത്തു. ഇനി അധിക കാലം ജീവിച്ചു എന്നുവരില്ല. പക്ഷേ, ഇന്ന് ഒരു സംതൃപ്തിയുണ്ട്. നിങ്ങള്‍ക്ക്, ഈ സംഘടനയ്ക്ക് നാടിനെ രക്ഷിക്കാന്‍ കഴിയും. സാമ്രാജ്യത്വവിരുദ്ധസമരം നടത്താനും കഷ്ടപ്പെടുന്നവരെ സംരക്ഷിക്കാനും നിങ്ങള്‍ക്ക് സാധിക്കും’.
1980 നവംബര്‍ ഒന്നുമുതല്‍ മൂന്നുവരെ ഗദര്‍ രക്തസാക്ഷി കര്‍ത്താര്‍ സിങ് സരഭയുടെ ജന്മനാടായ പഞ്ചാബിലെ ലുധിയാനയില്‍ ചേര്‍ന്ന ഡിവൈഎഫ്‌ഐ രൂപീകരണ സമ്മേളനത്തില്‍ പങ്കെടുത്ത അറുനൂറോളം പ്രതിനിധികളെ ആവേശം കൊള്ളിച്ച ഈ വാക്കുകള്‍ കിഷോരി ലാലിന്റെതായിരുന്നു. ലാഹോര്‍ ഗൂഢാലോചനക്കേസില്‍ മൈനര്‍ ആയിരുന്നതിനാല്‍ വധശിക്ഷ ജീവപര്യന്തമായി ചുരുക്കിക്കിട്ടിയ കിഷോരി ലാലിന്റെ വാക്കുകള്‍! ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ജ്വലിക്കുന്ന രക്തസാക്ഷിത്വമായ ഭഗത് സിങ്ങിന്റെ സഹപ്രവര്‍ത്തകന്റെ വാക്കുകള്‍.
ഖാലിസ്ഥാന്‍ തീവ്രവാദികളുടെ വിഘടന മുദ്രാവാക്യങ്ങള്‍ക്കെതിരായി യുവജനങ്ങള്‍ പൊരുതിക്കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ പഞ്ചാബില്‍ ഡിവൈഎഫ്‌ഐ പിറവിയെടുത്തു. സമാനതകളില്ലാത്ത സമരത്തിന്റെയും സഹനത്തിന്റെയും അതിജീവന പോരാട്ടത്തിന്റെയും ചരിത്രമെഴുതിയ സംഘടന 40 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഇരു നൂറ്റാണ്ടുകാലത്തെ കൊളോണിയല്‍വിരുദ്ധ പോരാട്ടങ്ങളിലൂടെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായി മാറി, മതനിരപേക്ഷതയുടെയും മതസൗഹാര്‍ദത്തിന്റെയും ആഗോള മാതൃകയായിരുന്ന ഇന്ത്യയെ മതരാഷ്ട്രമാക്കാന്‍ പ്രതിജ്ഞയെടുത്തവരുടെ ധൃതരാഷ്ട്രാലിംഗനത്തില്‍ ലോകത്തെ ഏറ്റവും സമ്പന്നമായ ഭരണഘടനപോലും തകര്‍ക്കപ്പെടുന്ന കാഴ്ചയാണ് ഇന്ന് രാജ്യത്ത് അരങ്ങേറുന്നത്. മതനിരപേക്ഷതയും സോഷ്യലിസവും ജനാധിപത്യവും ഉറപ്പുനല്‍കിയ ഭരണഘടനയുടെ താളുകള്‍ ഓരോന്നായി ചീന്തിയെടുത്ത് ഇന്ത്യന്‍ ജനതയ്ക്കുനേരെ ചുരുട്ടി എറിയുന്നവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. സ്വന്തം രാഷ്ട്രപിതാവിന്റെ ജീവനെടുത്തവരുടെ കൈയില്‍ അധികാരം ഏല്‍പ്പിച്ചുകൊടുത്ത നിസ്സഹായാവസ്ഥ ലോകത്ത് മറ്റേത് രാജ്യത്തുണ്ട്?
സാമ്രാജ്യത്വവിരുദ്ധത മുറുകെപ്പിടിച്ച് ജനാധിപത്യപരവും പുരോഗമനപരവുമായ സാമൂഹ്യവ്യവസ്ഥ കെട്ടിപ്പടുക്കുക എന്നത് പ്രധാന കടമയായി കാണുന്ന ഡിവൈഎഫ്‌ഐക്ക് രൂപീകരണ കാലത്തേക്കാള്‍ പ്രസക്തി കൈവന്നിരിക്കുന്ന വര്‍ത്തമാനത്തിലാണ് നാം ജീവിക്കുന്നത്. ‘എല്ലാവര്‍ക്കും വിദ്യാഭ്യാസം എല്ലാവര്‍ക്കും തൊഴില്‍’ എന്ന മുദ്രാവാക്യത്തിന്, രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴില്‍നിഷേധം നടക്കുന്ന ഇന്നത്തെ ഇന്ത്യയില്‍ പ്രാധാന്യം വര്‍ധിക്കുകയല്ലേ ചെയ്യുന്നത്.
വര്‍ഗീയതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ മതനിരപേക്ഷതയ്ക്കായി പോരാടിയ സമ്പന്നമായ ചരിത്രമുള്ള പ്രസ്ഥാനത്തിന്റെ നിലപാടുകള്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ പൗരന്മാരെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ഭരണകൂടത്തിന്റെ കാലത്ത് മങ്ങലേല്‍ക്കാതെ നില്‍ക്കുക തന്നെയല്ലേ.
രൂപീകരണ സമ്മേളനത്തില്‍ തയ്യാറെടുപ്പുകള്‍ക്കിടയില്‍ ഭീകരവാദികളുടെ തോക്കിനിരയായ അരുണ്‍ സിങ് ഗില്‍, പഞ്ചാബിലെ സംസ്ഥാന ഭാരവാഹികളായിരുന്ന ഗുര്‍നാം സിങ് ഉപ്പലും സോഹന്‍ സിങ് ദേശായിയും മുതല്‍ തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലെ അശോകും വെഞ്ഞാറമൂട്ടിലെ ഹഖ് മുഹമ്മദും മിഥിലാജും തൃശൂരിലെ സനൂപും ഉള്‍പ്പെടെ ഡിവൈഎഫ്‌ഐയുടെ ശുഭ്രപതാക പിടിച്ചു എന്ന ഒറ്റക്കാരണംകൊണ്ട് പിന്നിട്ട 40 വര്‍ഷം എത്ര സഖാക്കള്‍ക്ക് രക്തസാക്ഷിത്വം വരിക്കേണ്ടി വന്നിട്ടുണ്ട്. ആശയം തോല്‍ക്കുന്നിടങ്ങളില്‍ ആയുധമെടുത്തവര്‍ക്ക് മുന്നില്‍ നാലു പതിറ്റാണ്ടിനിടയില്‍ ഒരിക്കല്‍പ്പോലും പതറിപ്പോയിട്ടില്ല എന്നതാണ് രാജ്യത്തെ പുരോഗമന വിപ്ലവ യുവജനപ്രസ്ഥാനത്തിന്റെ വിജയം.
ദക്ഷിണാഫ്രിക്കയുടെ വിമോചനനായകന്‍ നെല്‍സണ്‍ മണ്ടേലയെ വെള്ളക്കാരന്റെ വര്‍ണവെറിയന്‍ ഭരണകൂടം തടവിലിട്ടപ്പോള്‍ ‘ഇരുണ്ട വന്‍കരനിറഞ്ഞ് കത്തും തീപ്പന്തം നീ മണ്ടേല’എന്ന് മുദ്രാവാക്യം വിളിച്ച് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച അതേ ആവേശം സാമ്രാജ്യത്വവിരുദ്ധ സാര്‍വദേശീയ രാഷ്ട്രീയം ബൊളീവിയയില്‍ യാങ്കി ഭരണകൂടത്തിന്റെ അട്ടിമറിയെ അതിജീവിച്ച് ലൂയിസ് ആഴ്‌സ് അധികാരത്തില്‍ വന്നപ്പോഴും ന്യൂസിലന്‍ഡില്‍ ജസിന്‍ഡ ആര്‍ഡേന്‍ അധികാരം നിലനിര്‍ത്തുമ്പോഴും ഡിവൈഎഫ്‌ഐക്ക് ഉണ്ടാകുന്നുണ്ട്.
തൊഴിലില്ലായ്മയ്ക്കും അഴിമതിക്കും നിയോലിബറല്‍ സാമ്പത്തികനയങ്ങള്‍ക്കും എതിരായി, ജാതീയതയ്ക്കും നവോത്ഥാനമൂല്യങ്ങള്‍ തകര്‍ക്കപ്പെടുന്ന വിധത്തില്‍ വളരുന്ന ആള്‍ദൈവങ്ങള്‍ക്കും ആത്മീയവ്യാപാരത്തിനും എതിരായി, സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുന്ന മയക്കുമരുന്ന് – ലഹരി മാഫിയകള്‍ക്കെതിരായി യൗവനത്തിന്റെ ചോരത്തിളപ്പോടെതന്നെയാണ് ഡിവൈഎഫ്‌ഐ ഇന്നും പ്രതികരിക്കുന്നത്.
രാജ്യത്തിന്റെ ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാത്ത നിലയില്‍ തീവ്ര ഹിന്ദുത്വനിലപാടുകള്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈയില്‍ത്തന്നെ നടപ്പാക്കുമ്പോഴും സര്‍ക്കാര്‍വിരുദ്ധ സമരങ്ങള്‍ ആളിപ്പടരേണ്ടുന്ന ഘട്ടങ്ങളില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ പതിവാകുമ്പോഴും ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ അധികാരശക്തിയെ ഉപയോഗിച്ച് ഹനിക്കുമ്പോഴും ജുഡീഷ്യറിയും അന്വേഷണസംവിധാനങ്ങളും എല്ലാം ഭരിക്കുന്നവരുടെ ഇംഗിതങ്ങള്‍ക്കൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോഴും പോരാട്ടങ്ങള്‍ മഹായുദ്ധങ്ങളാക്കി പരിവര്‍ത്തനപ്പെടുത്തേണ്ട കാലമാണ് ഇതെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.
സാമൂഹ്യബോധവും ഉത്തരവാദിത്തവുമില്ലാത്ത, അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട തലമുറയാണ് ഇന്നത്തെ യുവത്വമെന്ന് വിധിയെഴുതിയവര്‍ക്കിടയിലാണ് ലോകം വിറങ്ങലിച്ച മഹാമാരിക്കാലത്ത് സജീവമായ ഇടപെടലുകളുമായി ഡിവൈഎഫ്‌ഐ ശ്രദ്ധേയമായത്. ഡല്‍ഹിയിലും മുംബൈയിലും കൊല്‍ക്കത്തയിലുമുള്‍പ്പെടെ രാജ്യത്തെ വിവിധ ഇടങ്ങളില്‍ കോവിഡ് സന്നദ്ധപ്രവര്‍ത്തനങ്ങളും മൊബൈല്‍ മെഡിക്കല്‍ സംവിധാനങ്ങളുമായി ഡിവൈഎഫ്‌ഐ നിറഞ്ഞുനിന്നു.
റീസൈക്കിള്‍ കേരളയിലൂടെ 11 കോടി രൂപ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ കേരളത്തിലെ ഡിവൈഎഫ്‌ഐമാതൃക അന്താരാഷ്ട്ര മാധ്യമങ്ങളില്‍വരെ വലിയ ചര്‍ച്ചയായി. കോവിഡ് രോഗികളുടെ കൂടെ എഫ്എല്‍സിടി വളന്റിയര്‍മാരായും ശവസംസ്‌കാരംപോലും ഏറ്റെടുത്ത് സന്നദ്ധ പ്രവര്‍ത്തകരായി. രക്തദാനവും പ്ലാസ്മാദാനവും നിര്‍വഹിച്ചും ഏറ്റവും വലിയ സാമൂഹ്യസന്നദ്ധ പ്രസ്ഥാനമായും പാരിസ്ഥിതിക പ്രസ്ഥാനമായും മാറി. 40 വര്‍ഷം പിന്നിടുമ്പോഴും ചടുലമായ ഇടപെടലുകളിലൂടെ യൗവ്വനം കാത്തുസൂക്ഷിക്കുന്ന പ്രസ്ഥാനമാണ് ഡിവൈഎഫ്‌ഐ എന്ന് തെളിയിക്കുന്നതാണ് സമീപകാലങ്ങളില്‍ സമരസന്നദ്ധ -സംഘടനാ പ്രവര്‍ത്തനങ്ങളിലെ ഇടപെടലുകള്‍. റിക്രൂട്ട്‌മെന്റ് എന്ന വാക്കുപോലും മറന്ന് കരാര്‍ നിയമനങ്ങളും താല്‍ക്കാലിക നിയമനങ്ങളും മാത്രമാക്കി യുവജനങ്ങളെ വെല്ലുവിളിക്കുന്ന രാജ്യത്ത്, ബൃഹത്തായ പോരാട്ടങ്ങള്‍ക്ക് കാലം കാതോര്‍ക്കുകയാണ്.
പിന്നിട്ട നാളുകളില്‍ നിര്‍വഹിച്ചതുപോലെ, ശരിയായ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ പങ്കുകൊള്ളാന്‍ രാജ്യത്തെ യുവത്വത്തിന് ദിശാബോധം നല്‍കുക എന്നതാണ് നാലുപതിറ്റാണ്ട് പൂര്‍ത്തിയാക്കുമ്പോള്‍ ഡിവൈഎഫ്‌ഐക്ക് മുന്നിലെ ഏറ്റവും പ്രധാന ഉത്തരവാദിത്തം.

Top