വിവാദ പ്രസ്താവന; എന്‍.കെ പ്രേമചന്ദ്രനെതിരെ മുഹമ്മദ് റിയാസ് നിയമനടപടിയിലേക്ക്

കൊല്ലം: ശ്രീനാരായണ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയ എംപി എന്‍ കെ പ്രേമചന്ദ്രനെതിരെ നിയമനടപടിക്കൊരുങ്ങി ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് പിഎ മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയുടെ മരുമകന്‍ നിര്‍ദ്ദേശിച്ചയാളെയാണ് ശ്രീനാരായണ സര്‍വ്വകലാശാല വൈസ് ചാന്‍സലറായി നിയമിച്ചതെന്ന പ്രേമചന്ദ്രന്റെ ആരോപണത്തിന് എതിരെയാണ് മുഹമ്മദ് റിയാസ് നിയമനടപടിക്കൊരുങ്ങുന്നത്.

കൊല്ലം ലോകസഭാ അംഗം എന്‍ കെ പ്രേമചന്ദ്രന്‍ നടത്തിയ പത്രസമ്മേളനത്തില്‍ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് എന്റെ പേര് അനാവശ്യമായി പരാമര്‍ശിച്ചു. വ്യക്തിപരമായി എന്നെക്കുറിച്ച് അസംബന്ധം പറഞ്ഞതിന് എന്‍ കെ പ്രേമചന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കൊല്ലം ലോകസഭാ അംഗം ശ്രീ എന്‍ കെ പ്രേമചന്ദ്രന്‍ നടത്തിയ പത്രസമ്മേളനത്തില്‍, ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് എന്റെ പേര് അനാവശ്യമായി പരാമര്‍ശിച്ചതായി മനസ്സിലാക്കുവാന്‍ കഴിഞ്ഞു. വ്യക്തിപരമായി എന്നെക്കുറിച്ച് അസംബന്ധം പറഞ്ഞതിന് നിയമനടപടി എന്‍ കെ പ്രേമചന്ദ്രനെതിരെ സ്വീകരിക്കുവാന്‍ തീരുമാനിച്ച വിവരം അറിയിക്കുന്നു.

Top