അദ്വാനിയല്ല, അദാനിയാണ് നിങ്ങളുടെ നേതാവ്; ബിജെപിയോട് ചോദ്യങ്ങളുമായി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള കൈമാറ്റത്തില്‍ ബിജെപിയോട് ചോദ്യങ്ങളുന്നയിച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ്. 170 കോടി വാര്‍ഷിക ലാഭമുണ്ടായിട്ടും വിമാനത്താവളം അദാനിക്ക് വില്‍ക്കുന്നതിനു പിന്നില്‍ കോടികളുടെ അഴിമതി ഇടപാടില്ലേ എന്നാണ് മുഹമ്മദ് റിയാസ് ചോദിക്കുന്നത്. അദ്വാനിയല്ല, അദാനിയാണ് നിങ്ങളുടെ നേതാവെന്നും മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അദ്വാനിയല്ല,
അദാനിയാണ്
നിങ്ങളുടെ നേതാവ്!

ബി.ജെ.പിയോട്
ചില ചോദ്യങ്ങൾ…

———————————–

1. 170 കോടി വാർഷികലാഭമുണ്ടായിട്ടും തിരുവനന്തപുരം വിമാനത്താവളത്തെ അദാനിക്ക് വിൽക്കുന്നതിന് പിന്നിൽ കോടികളുടെ അഴിമതി ഇടപാടില്ലേ?

2. വിമാനത്താവളങ്ങളുടെ നിർമ്മാണത്തിലും നടത്തിപ്പിലുമുള്ള പരിചയം കണക്കിലെടുത്ത് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പും ഭാവി വികസന പ്രവർത്തനങ്ങളും സംസ്ഥാനത്തെ ഏൽപ്പിക്കണമെന്ന കേരള സർക്കാറിന്റെ അഭ്യർത്ഥന മാനിക്കാതെ ലേല നടപടിയുമായി കേന്ദ്രസർക്കാർ മുന്നോട്ടു പോയത് എന്തുകൊണ്ടാണ്?

3. സർക്കാർ ഭൂമി നിലനിൽക്കുന്ന വിമാനത്താവളമായിട്ടും ലേലത്തിൽ ഹയസ്റ്റ് ബിഡ്ഡറിന്റെ ലേലത്തുകയെ മാച്ച് ചെയ്യുന്നതിനുള്ള റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസൽ സംസ്ഥാന സർക്കാറിന്റെ എസ്.പി.വിക്ക് (Special Purpose Vehicle) നൽകണമെന്ന ന്യായമായ ആവശ്യം എന്തുകൊണ്ട് കേന്ദ്രസർക്കാർ പരിഗണിച്ചില്ല?

4. അദാനി ഗ്രൂപ്പിന് ലഭിക്കാൻ വേണ്ടിയല്ലേ റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസൽ K.S.I.D.Cയുടെ നേതൃത്വത്തിൽ രൂപീകരിച്ച ടിയാൽ എന്ന പ്രത്യേക കമ്പനിക്ക് നൽകാതിരുന്നത്?

5. വിമാനത്താവള നടത്തിപ്പിൽ എന്ത് മുൻകാല പരിചയമാണ് അദാനി എൻറ്റർപ്രൈസസിനുള്ളത് ഉള്ളത്?

6. സംസ്ഥാന സർക്കാറും K.S.I.D.Cയും കോടതിയിൽ റിട്ട് ഫയൽ ചെയ്ത സാഹചര്യത്തിൽ കോടതി വിധിക്ക് വിധേയമായിട്ടേ ഇതിൽ തീരുമാനമെടുക്കൂ എന്ന് വ്യോമയാന വകുപ്പ് മന്ത്രി പാർലമെന്റിൽ പറഞ്ഞതിന് വിരുദ്ധമായ നിലപാട് ഇപ്പോൾ എന്തുകൊണ്ട് കൈക്കൊണ്ടു?

7. ഡൽഹി വിമാനത്താവളം 112 കോടി രൂപ നഷ്ടത്തിലാണെന്ന റിപ്പോർട്ട് ഇപ്പോൾ പുറത്തു വന്നല്ലോ. അപ്പോൾ സ്വകാര്യ വിമാനത്താവളങ്ങളെല്ലാം വലിയ കുതിപ്പിലാണെന്ന നിങ്ങളുടെ പ്രചാരണം തെറ്റല്ലേ?

8. സ്വകാര്യ വിമാനത്താവളങ്ങളായ ഡൽഹി, മുംബൈ, ഹൈദരബാദ്, ബാംഗ്ലൂർ വിമാനത്താവളങ്ങൾ കോവിഡ് പശ്ചാത്തലത്തിൽ യാത്രക്കാർ കുറയുന്നത് ചൂണ്ടിക്കാട്ടി വിമാന നിരക്ക് കുത്തനെ വർദ്ധിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുകയാണ്. സ്വകാര്യ വിമാനത്താവളമായാൽ ഈ നിലപാടല്ലേ ഭാവിയിൽ തിരുവനന്തപുരത്തും ഉണ്ടാവുക?

9. 2018ൽ തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ വൽക്കരിച്ചാൽ സംഭവിക്കുന്ന പ്രത്യാഘാതങ്ങൾ ചൂണ്ടി കാട്ടി ഫേസ്ബുക്ക് പോസ്റ്റിട്ട വി. മുരളീധരന്റെ ഇപ്പോഴത്തെ പൊടുന്നനെയുള്ള നിലപാട് മാറ്റത്തിന് പിന്നിലെന്താണ്?

10. 2019 ജനുവരി 30ന് ഡൊമസ്റ്റിക് ടെർമിനലിൽ വെച്ച് തിരുവനന്തപുരം എയർപോർട്ട് സ്വകാര്യവൽക്കരണത്തിന് എതിരെ ജീവനക്കാർ നടത്തിയ പ്രതിഷേധം സമ്മേളനം ഉദ്ഘാടനം ചെയ്തത് ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് ഉൾപ്പടെയുള്ള ബി.ജെ.പി നേതാക്കൾ ഇപ്പോൾ കളം മാറി ചവിട്ടുന്നത് എന്തുകൊണ്ടാണ്?

– പി.എ മുഹമ്മദ് റിയാസ്

Top