ജാതീയതയ്‌ക്കെതിരായ ദ്രാവിഡ നാടിന്റെ പോരാട്ടം ഇടവേളകളില്ലാതെ തുടരും ; പി.എ. മുഹമ്മദ് റിയാസ്

കൊച്ചി : ജാതീയതയ്‌ക്കെതിരായ ദ്രാവിഡ നാടിന്റെ പോരാട്ടം ഇടവേളകളില്ലാതെ തുടരുമെന്ന് പി.എ. മുഹമ്മദ് റിയാസ്. ജാതിപോലുള്ള ഫ്യൂഡലിസത്തിന്റെ ജീര്‍ണ്ണച്ച ശേഷിപ്പുകള്‍ നവലിബറല്‍ വര്‍ത്തമാന കാലത്ത് പുതിയ സംഹാര ശേഷികളാര്‍ജ്ജിക്കുമ്പോള്‍, ഭരണഘടന മൂല്യങ്ങളുടെയും, സമഭാവനയുടെയും സാമൂഹിക നീതിയുടെയും രാഷ്ട്രീയത്തിനു തോറ്റു കൊടുക്കാനാവാത്ത ഒരു പോരാട്ടം തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. സഖാവ് അശോകിന്റെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മകള്‍ ആ സമരം തുടരുവാന്‍ നമ്മള്‍ക്ക് ഊര്‍ജ്ജം പകരുമെന്നതില്‍ സംശയമില്ലെന്നും മുഹമ്മദ് റിയാസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ജാതീയതയ്‌ക്കെതിരായ ദ്രാവിഡ നാടിന്റെ പോരാട്ടം ഇടവേളകളില്ലാതെ തുടരും…

ജാതിവിവേചനത്തിനെതിരായ തമിഴ് ജനതയുടെ സമര ചരിത്രം രക്തരൂക്ഷിതമാണ്. നിരവധി പേര്‍ രക്തസാക്ഷിത്വം വഹിച്ച പോരാട്ടം കൂടിയാണത്. ആ നിരയിലേക്ക് ഏറ്റവുമൊടുവിലായി എഴുതി ചേര്‍ക്കപ്പെട്ട പേരാണ്, കഴിഞ്ഞ ജൂണ്‍ 12നു കൊല്ലപ്പെട്ട ഇരുപത്തിമൂന്നുകാരനായ സഖാവ് അശോകന്റെത്. DYFI തിരുനെല്‍വേലി ജില്ലാ ട്രഷററും, ജില്ലയില്‍ നടന്ന ജാതി വിരുദ്ധ സമരങ്ങളിലെ മുന്നണി പോരാളിയുമായിരുന്നു അശോക്. തിരുനെല്‍വേലി കരയിരുപ്പു ഗ്രാമത്തില്‍ പ്രബലരായ മറവര്‍ സമുദായം, താഴ്ന്ന ജാതിക്കാരായവരോട് പതിറ്റാണ്ടുകളായി നടത്തി വരുന്ന കടുത്ത വിവേചനത്തിനും അതിക്രമങ്ങള്‍ക്കുമെതിരെ ഉയര്‍ന്ന ഉശിരന്‍ ശബ്ദം കൂടിയായിരുന്നു ആ ചെറുപ്പക്കാരന്‍. തമിഴ്‌നാട് സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ വികസന കോര്‍പ്പറേഷന്‍ നടത്തുന്ന ഗംഗൈ ക്കൊണ്ടാനിലെ ടയറു നിര്‍മ്മാണ ഫാക്ടറിയിലെ ഒരു സാധാരണ തൊഴിലാളി. ജൂണ്‍ 12ന് രാത്രി ജോലി കഴിഞ്ഞു തിരിച്ചു വരികയായിരുന്ന അശോകിനെ ഒരു പറ്റം ജാതി ഭ്രാന്തന്‍മാര്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയും, മൃതദേഹം സമീപത്തുള്ള റെയിവേ ട്രാക്കില്‍ ഉപേക്ഷിക്കുകയും ചെയ്തു. അശോകിന്റെ മരണം ഉറപ്പു വരുത്താന്‍ വാളു കൊണ്ട് വെട്ടിയ ശേഷവും, വലിയ കല്ലു ഉപയോഗിച്ച് തല തല്ലിതകര്‍ക്കുകയും ചെയ്തു.

ദലിത് വിഭാഗത്തില്‍പ്പെട്ട പല്ലര്‍ സമുദായംഗങ്ങളായ കര്‍ഷക തൊഴിലാളികളും ഫാക്ടറി ജീവനക്കാരല്ല തങ്ങളുടെ ജോലിസ്ഥലങ്ങളിലേക്ക് പോകാന്‍ ആശ്രയിച്ചിരുന്നത് മാറവര്‍ എന്ന ഉയര്‍ന്ന ജാതിക്കാര്‍ താമസച്ചിരുന്നതിനു സമീപത്തുകൂടി കടന്നു പോകുന്ന വഴിയായിരുന്നു. അതിലൂടെ കടന്നു പോകുന്ന ദലിതര്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് നേരേ വലിയ ജാതി അധിക്ഷേപവും, ചില സമയങ്ങളില്‍ ശാരീരിക അക്രമണങ്ങളും വ്യാപകമായി നടക്കുന്നുണ്ട്. ഇതിനെതിരെ പ്രദേശത്തെ DYFl പ്രവര്‍ത്തകരെ അണിനിരത്തി പ്രതിരോധം സംഘടിപ്പിച്ചത് അശോകായിരുന്നു. ഇതാണ് ഉയര്‍ന്ന ജാതിയിലെ ചില പ്രമാണിമാരെ ചൊടിപ്പിച്ചത്. പല തവണ അശോകിനെ അപായപ്പെടുത്താന്‍ അവര്‍ ശ്രമിച്ചിരുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ അമ്മയോടൊപ്പം വീട്ടിലേക്കു വരികയായിരുന്ന അശോകിനെ ചില ഗുണ്ടകള്‍ അക്രമിച്ചു. സാരമായ പരിക്കേറ്റ അശോകും മാതാവും നിരവധി ദിവസ നീണ്ട ആശുപത്രി വാസത്തിലുമായിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ അശോകും അമ്മയും കൊടുത്ത പരാതി പോലീസ് ഗൗരവത്തില്‍ പരിഗണിച്ചില്ല. ദലിത് പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകള്‍ ചാര്‍ജ്ജു ചെയ്യാന്‍ പോലീസ് വിസമ്മതിച്ചു. അന്നത്തെ അക്രമത്തിനു നേതൃത്വം നല്‍കിയവര്‍ തന്നെയാണ് ഇപ്പോള്‍ അശോകിനെ അരുംകൊല ചെയ്തിരിയ്ക്കുന്നത്. കൊലപാതകത്തിനു ശേഷവും പ്രതികളെ പിടികൂടാന്‍ പോലീസ് യാതൊരു താല്പര്യവും കാണിച്ചില്ല. തുടര്‍ന്ന് DYFI പ്രവര്‍ത്തകരും അശോകിന്റെ ഗ്രാമവാസികളും ചേര്‍ന്ന് തിരുനെല്‍വേലി-മധുര ഹൈവേ ഉപരോധിച്ചു തുടങ്ങിയപ്പോഴാണ് ചില പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് നിര്‍ബന്ധിതരായത്. മുഴുവന്‍ പ്രതികളെയും ദലിത് പീഢന നിരോധന നിയമപ്രകാരം അറസ്റ്റു ചെയ്യുന്നതു വരേയും, അശോകിന്റെ നിര്‍ദ്ധന കുടുംബത്തിനു മതിയായ നഷ്ട പരിഹാരം ലഭിക്കുന്നതു വരേയും ശക്തമായ പ്രക്ഷോഭം തുടരുമെന്ന് DYFI തമിഴ്‌നാട് സംസ്ഥാന ഘടകം പ്രസ്താവിച്ചിട്ടുണ്ട്. ഒപ്പം ഗുരുതരമായ കൃത്യവിലോപം കാണിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും DYFI ആവശ്യപ്പെട്ടിട്ടുണ്ട്. അശോകിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജൂണ്‍ 15 ദേശീയ പ്രതിഷേധ ദിനമായി DYFl ആചരിച്ചു.

ജാതിവിവേചനത്തിനെതിരായ തമിഴകത്തിന്റെ പോരാട്ടത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1920 കളുടെ ആരംഭത്തില്‍ തന്നെ, പെരിയാര്‍ രാമസ്വാമിയുടെ നേതൃത്വത്തില്‍ ജാതീയയ്‌ക്കെതിരെ വലിയ സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച നാടാണ് തമിഴകം. 1922ല്‍, തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മറ്റിയുടെ പ്രസിണ്ടന്റായിരിക്കെ തിരുപ്പൂരില്‍ വെച്ചു നിന്ന കണ്‍വെന്‍ഷനില്‍, താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍ക്ക് ക്ഷേത്രപ്രവേശന അധികാരം നല്‍കണമെന്ന് അവശ്യപ്പെട്ടു കൊണ്ടുള്ള പ്രമേയം പെരിയാര്‍ അവതരിപ്പിക്കുകയുണ്ടായി. ബ്രാഹ്മണ മേധാവിത്വം കൊടികുത്തി വാണിരുന്ന അന്നത്തെ തമിഴ്‌നാട് കോണ്‍ഗ്രസ് നേതൃ നിരയ്ക്കു തന്നെ പ്രമേയത്തോട് എതിര്‍പ്പായിരുന്നു. ജാതീയ വിവേചനങ്ങള്‍ക്കെതിരായി, ശക്തമായ നിലപാടെടുക്കാന്‍ മടിച്ച കോണ്‍ഗ്രസില്‍ നിന്നും ഒടുവില്‍ പെരിയാര്‍ പിണങ്ങി പോന്നതും, പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതുമൊക്കെ ചരിത്രം. 1923 ല്‍ തന്നെ ജാതീയ ശ്രേണിയില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമനിര്‍മാണം തമിഴ്‌നാട്ടില്‍ നടന്നുവെങ്കില്ലും, വിവേചനവും അതിക്രമങ്ങളും അനസ്യൂതം തുടര്‍ന്നു.

അതിസങ്കീര്‍ണമാണ് തമിഴ്‌നാട്ടിലെ ജാതി വെറിയുടെ രാഷ്ട്രീയം. പെരിയാറിന്റെ നേതൃത്വത്തില്‍ നടന്ന ഐതിഹാസികമായ ആശയ-രാഷ്ടീയ സമരത്തില്‍, തമിഴകത്തിന്റെ പൊതുമണ്ഡലത്തില്‍ നിന്നും വലിയൊരു പരിധി വരെ ബ്രാഹ്മണ മേധാവിത്വത്തെ നീക്കം ചെയ്തു എന്നു പറയാം. പിന്നോക്ക സമുദായങ്ങളെ രാഷ്ട്രീയവും സാമൂഹികവുമായി ശാക്തികരിച്ച പെരിയാറിന്റെ പ്രവര്‍ത്തന ധാര തന്നെയാണ് ഇന്നു തമിഴ്‌നാട്ടില്‍ പ്രകടമാകുന്ന ദ്രാവിഡ് രാഷ്ട്രീയ മേല്‍ക്കോയ്മയുടെ ഊര്‍ജം. ബ്രാഹ്മണ്യം തിലകക്കുറിയായി കൊണ്ടു നടന്നിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കൈയില്‍ നിന്നും തമിഴകം വഴുതിപ്പോയതിനു കാരണവും ഈ രാഷ്ട്രീയ ധാര തന്നെയാണ്. ദ്രാവിഡ പാര്‍ട്ടികള്‍ ഊഴം വെച്ചു ഭരിക്കുന്ന ഈ സംസ്ഥാനത്തിന്റെ രാഷ്ടീയ ജീവനാഡീ വേദിക്ക് സംസ്‌ക്കാരത്തോടുള്ള ശക്തമായ ആശയ വിരോധവും, ഭാഷാപരമായും സാംസ്‌കാരികമായും തമിഴകം അവകാശപ്പെടുന്ന തനത് സ്വത്വവുമാണ്. പിന്നോക്ക സമുദായങ്ങള്‍ ഏറെ സാമൂഹ്യ പുരോഗതിയും രാഷ്ട്രീയാധികാരവും നേടിയെങ്കില്ലും, ജാതി ശ്രേണിയില്‍ ഏറ്റവും താഴെ നില്‍ക്കുന്ന ദലിത് ജനവിഭാഗങ്ങളുടെ ജീവിതാവസ്ഥ ഇപ്പോഴും എറെ പിറകിലാണ്. സാമൂഹ്യ പുരോഗതി നേടിയ പ്രബലമായ തേവര്‍, മാലവര്‍ ചില പിന്നോക്ക വിഭാഗങ്ങളും, ഇപ്പോഴും കടുത്ത ജാതിവിവേചനമനുഭവിക്കേണ്ടി വരുന്ന ദലിത് വിഭാഗങ്ങളുമായാണ് പ്രധാന സംഘര്‍ഷം നില നില്‍ക്കുന്നത്. സാമ്പത്തിക രാഷ്ട്രീയ അധികാരം കൈയാളുന്ന ഉയര്‍ന്ന ജാതിക്കാര്‍ ദലിതുകളെ വലിയ തോതില്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. തിരുനെല്‍വേലി, തൂത്തുക്കുടി, മധുര തുടങ്ങിയ പ്രദേശങ്ങളടങ്ങുന്ന തെക്കന്‍ തമിഴ്‌നാട്, ജാതിവിവേചനത്തിന്റെ രക്തരൂക്ഷിതമായ സംഘര്‍ഷങ്ങളുടെ ഭൂമിയായി മാറിയിട്ടേറയായി. പലപ്പോഴായി അരങ്ങേറിയ ജാതി കലാപങ്ങളില്‍ (ഇതില്‍ ഭൂരിഭാഗവും ദലിതര്‍ക്കു നേരേ നടന്ന ഏകപക്ഷീയമായ അക്രമങ്ങളായിരുന്നു) നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടു. പോലീസും ഭരണകൂടവും പ്രബല സമുദായങ്ങള്‍ക്കൊപ്പമായിരുന്നു.

ദലിതരെ പൊതു വിടങ്ങളില്‍ നിന്നും വേര്‍തിരിക്കുന്ന കൂറ്റന്‍ ജാതി മതിലുകള്‍, ഭക്ഷണശാലകളില്‍ വെള്ളം കുടിക്കാന്‍ പ്രത്യേകം ഗ്ലാസുകള്‍, തുടങ്ങി പ്രണയ വിവാഹങ്ങളെത്തുടര്‍ന്നുള്ള ദുരഭിമാന കൊലകളിലും, കൂട്ടക്കൊലകളിലും വരെയെത്തി നില്‍ക്കുന്നു തമിഴ്‌നാടിന്റെ ജാതി വെറിയുടെ ചരിത്രം. 1947 ല്‍ നിയമം മൂലം നിരോധിക്കപ്പെട്ട തൊട്ടുകൂടായ്മ തമിഴ്‌നാട്ടിലെ 600 ല്‍ പരം ഗ്രാമങ്ങളില്‍ നില നില്‍ക്കുന്നുവെന്ന് സര്‍ക്കാര്‍ രേഖകള്‍ തന്നെ വ്യക്തമാക്കുന്നു. തിരുനെല്‍വേലിയിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ ജാതി വേര്‍തിരിച്ചറിയാന്‍ പ്രത്യേക നിറങ്ങളുള്ള റിബ്ബണുകള്‍ കൈയില്‍ കെട്ടുന്ന സമ്പ്രദായം നിലനില്‍ക്കുന്നു എന്ന് കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇങ്ങനെ ജാതി മത ഭേദഭാവങ്ങളെ പൊളിച്ചെഴുതുമെന്ന് നാം വിശ്വസിക്കുന്ന പൊതു വിദ്യാലയങ്ങളില്‍ പോലും ജാതി ബോധം ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങളാണ് തമിഴ്‌നാട്ടില്‍ വ്യാപകമാകുന്നത്.

ജാതിയതയ്‌ക്കെതിരായ പോരാട്ടത്തില്‍ വിട്ടുവീഴ്ച്ചയില്ലാത്ത സമരം നടത്തി വരികയാണ് DYFI യും മറ്റു ഇടതു സംഘടനകളും. 1969ല്‍ കീഴ് വെണ്‍മണിയില്‍ നടന്ന താഴ്ന്ന ജാതിയില്‍ പെട്ട കര്‍ഷക തൊഴിലാളികളുടെ മെച്ചപ്പെട്ട വേതനത്തിനു വേണ്ടിയുള്ള സമരം നയിച്ചത് സി.പി.ഐ.എം ആയിരുന്നു. ആ സമരത്തെ അടിച്ചമര്‍ത്താന്‍ 44 ദലിത് കര്‍ഷക തൊഴിലാളികളെ ചുട്ടു കൊല്ലുകയുണ്ടായി. എന്നിട്ടും സമരം വിജയം നേടും വരെ തുടര്‍ന്നു. കീഴ് വെണ്‍മണിയുടെയും വാച്ചാത്തിയുടെയും ധീരസ്മരണകളാണ് ഇന്നും തുടരുന്ന ജാതിവിരുദ്ധ പോരാട്ടത്തിന് DYFl ക്ക് ഊര്‍ജ്ജം പകരുന്നത്. 2007 ല്‍ രൂപീകൃതമായ തമിഴ്‌നാട് അണ്‍ ടച്ചബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രന്റ (TNUTEF) നടത്തുന്ന ജാതിവിവേചനത്തിനെതിരെയുള്ള സമരങ്ങളില്‍ DYFI സജീവമായി ഇടപെടുന്നുണ്ട്. പന്ത്രണ്ടോളം ജില്ലകളില്‍ DYFI- TNUEF സംയുക്ത സമരമുണണി നയിച്ച ക്ഷേത്ര പ്രവേശന സമരം വിജയം നേടുകയുണ്ടായി. നഗായി ജില്ലയിലെ മാതുര്‍ മാരിയമ്മന്‍ ക്ഷേത്രം, വില്ലുപുരത്തേ നെടി ക്ഷേത്രം, നാമക്കലിലെ അംഗലേശ്വരി ക്ഷേത്രം തുടങ്ങിയ ഇടങ്ങളില്‍ DYFl തന്നെയാണ് സമരം നയിച്ചത്. ഉത്തപുരത്തെ ജാതിമതില്‍ തകര്‍ക്കാന്‍ നടത്തിയ ഐതിഹാസിക സമരത്തിലും നേതൃപരമായ പങ്ക് DYFI വഹിക്കുകയുണ്ടായി. ജാതിപോലുള്ള ഫ്യൂഡലിസത്തിന്റെ ജീര്‍ണ്ണച്ച ശേഷിപ്പുകള്‍ നവലിബറല്‍ വര്‍ത്തമാന കാലത്ത് പുതിയ സംഹാര ശേഷികളാര്‍ജ്ജിക്കുമ്പോള്‍, ഭരണഘടന മൂല്യങ്ങളുടെയും, സമഭാവനയുടെയും സാമൂഹിക നീതിയുടെയും രാഷ്ട്രീയത്തിനു തോറ്റു കൊടുക്കാനാവാത്ത ഒരു പോരാട്ടം തുടരേണ്ടതുണ്ട്. സഖാവ് അശോകിന്റെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മകള്‍ ആ സമരം തുടരുവാന്‍
നമ്മള്‍ക്ക് ഊര്‍ജ്ജം പകരുമെന്നതില്‍ സംശയമില്ല

Top