റിയാസും ഷംസീറും . . . ഒരേ കാലഘട്ടത്തിൽ ഒരേ കൊടി പിടിച്ചു പോരാടി വന്ന യുവ നേതാക്കൾ . . . അറിയണം പ്രതിപക്ഷം

മുഹമ്മദ് റിയാസും . . . എ.എൻ ഷംസീറും . . . ഇവർ രണ്ടു പേരും ഇടതുപക്ഷ രാഷ്ട്രീയത്തിലെ മുന്നണിപ്പോരാളികളാണ്. ഇവരെ രണ്ടായി ചിത്രീകരിച്ച് ഭിന്നിപ്പുണ്ടെന്ന് പ്രചരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിനാണിപ്പോൾ പ്രതിപക്ഷം ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുൻ എം.എൽ.എ വി.ടി ബൽറാമുമാണ് ഈ പ്രചരണങ്ങൾക്കെല്ലാം ചുക്കാൻ പിടിക്കുന്നത്. ഇവരുടെ കാഴ്ചപ്പാടിൽ മുഹമ്മദ് റിയാസ് വെറും മൊയന്താണ്. പരസ്യമായി അങ്ങനെ റിയാസിനെ വിശേഷിപ്പിച്ചത് വി.ടി ബൽറാമാണ്. വി.ഡി സതീശൻ – റിയാസ് ഏറ്റുമുട്ടലിൽ ഇടപെട്ടാണ് ഇത്തരമൊരു പദപ്രയോഗം ബൽറാം നടത്തിയിരിക്കുന്നത്. ആദ്യം എംഎൽഎയായപ്പോൾ തന്നെ മന്ത്രിയാകാന്‍ കഴിഞ്ഞയാളാണ് മുഹമ്മദ് റിയാസെന്നും സിപിഎമ്മിൽ പരിണിതപ്രജ്ഞരായ ആളുകൾ ഇരിക്കുമ്പോൾ മന്ത്രിയാകാൻ ഭാഗ്യം ലഭിച്ചത്തിന്റെ പരിഭ്രമമാണ് അദ്ദേഹത്തിനെന്നുമാണ് ബൽറാം തുറന്നടിച്ചിരിക്കുന്നത്. പിണറായിയുടെ ആശീർവാദമുള്ളത് കൊണ്ട് ഉയർന്നയാളാണ് റിയാസെന്നും മറ്റുള്ളവരെ ബൈപാസ് ചെയ്തു വന്നുവെന്ന അപകർഷതാ ബോധം റിയാസിനുണ്ടെന്ന കണ്ടെത്തലും ബൽറാം നടത്തിയിട്ടുണ്ട്. തികച്ചും വസ്തുതയ്ക്ക് നിരക്കാത്ത പ്രതികരണങ്ങളാണിത്.

മുഹമ്മദ് റിയാസിന്റേതു പോലുള്ള ഒരു ജീവിത സാഹചര്യത്തിലായിരുന്നു ബൽറാമും സതീശനും കടന്നു പോയതെങ്കിൽ അവർ ഇന്ന് പൊതു പ്രവർത്തന രംഗത്ത് ഉണ്ടാകുമായിരുന്നുവോ എന്ന കാര്യം പോലും സംശയമാണ്. ഒരു പൊലീസ് കമ്മീഷണറുടെ മകനായിരിക്കെ തന്നെ രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവർത്തിച്ച വ്യക്തിയാണ് മുഹമ്മദ് റിയാസ്. സ്വന്തം പിതാവ് പൊലീസ് ഓഫീസറായിരുന്ന കോഴിക്കോട് നഗരത്തിൽ പൊലീസുമായി നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യങ്ങളിൽ പോലും റിയാസ് പിന്തിരിഞ്ഞ് നടന്നിട്ടില്ല. അക്കാലത്ത് എസ്.എഫ്.ഐ – ഡി.വൈ എഫ്.ഐ സമരമുഖങ്ങളിൽ മാധ്യമങ്ങൾക്കും ഏറെ സുപരിചിതമായ മുഖമായിരുന്നു റിയാസിന്റേത്. ബൽറാമിനും സതീശനും അതറിയില്ലങ്കിൽ കോഴിക്കോട്ടെ കോൺഗ്രസ്സുകാരോടെങ്കിലും ചോദിച്ചു നോക്കണമായിരുന്നു. കമ്മീഷണറുടെ ഔദ്യോഗിക വസതിയിൽ എല്ലാവിധ സൗകര്യങ്ങളോടെയും ജീവിച്ച് മറ്റേതെങ്കിലും മേഖലയിൽ തൊഴിലെടുത്ത് ജീവിക്കുന്നതിനു പകരം പൊലീസിന്റെ അടിയും കൊണ്ട് ജയിലിൽ പോകാൻ റിയാസ് അല്ലാതെ മറ്റാരാണ് തയ്യാറാകുക എന്നതും അദ്ദേഹത്തിന്റെ പാരമ്പര്യം ചോദ്യം ചെയ്യുന്നവർ ഓർത്തു കൊള്ളണം.

സ്കൂൾ വിദ്യാർത്ഥിയായിരിക്കെ കൊടി പിടിച്ച് സമര രംഗത്തിറങ്ങിയ റിയാസ് എസ്.എഫ്.ഐ യൂണിറ്റ് തലം മുതൽ പ്രവർത്തിച്ച് സംസ്ഥാന ഭാരവാഹി വരെ ആയ ശേഷമാണ് ഡി.വൈ.എഫ് ഐ നേതൃത്തത്തിൽ എത്തിയത്. അതിനും എത്രയോ മുൻപ് ഡി.വൈ.എഫ്.ഐ യൂണിറ്റ് തലം മുതൽ പ്രവർത്തിച്ച പാരമ്പര്യവും മുഹമ്മദ് റിയാസിനുണ്ട്. ഒരു ഗോഡ് ഫാദറും ഇല്ലാതെ തന്നെയാണ് റിയാസ് സംഘടനാ രംഗത്ത് കുതിച്ചുയർന്നത്. കോൺഗ്രസ്സിലെ പോലെ ഗോഡ് ഫാദർ പാരമ്പര്യം കമ്യൂണിസ്റ്റ് രീതിയല്ലന്നതും തിരിച്ചറിയണം. നിസാര വോട്ടുകൾക്കു മാത്രമാണ് റിയാസ് കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിൽ പരാജയപ്പെട്ടത്. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ അദ്ധ്യക്ഷനായിരിക്കെ റിയാസ് നടത്തിയ പ്രവർത്തനങ്ങളും ഈ ഘട്ടത്തിൽ ഓർമ്മപ്പെടുത്തുകയാണ്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നയിച്ചതിന് ഡൽഹിയിലും മുംബൈയിലും പൊലീസ് നടപടിക്ക് വിധേയനായ റിയാസ് തമിഴ്നാട്ടിലെ ജാതി കോമരങ്ങൾക്കെതിരായ പ്രക്ഷോഭങ്ങൾക്കും നേതൃത്വപരമായ പങ്കാണ് വഹിച്ചിരുന്നത്. കാവിക്കൂട്ടം കൊലപ്പെടുത്തിയ ജുനൈദ് എന്ന ബാലന്റെ കുടുംബത്തിന് സഹായം എത്തിക്കാൻ ഇടപെട്ടതും മോദിയുടെ കണ്ണിലെ കരടായ സഞ്ജീവ് ഭട്ട് എന്ന ഐ.പി.എസുകാരന്റെ കുടുംബത്തിനായി നിലകൊണ്ടതുമെല്ലാം റിയാസിന്റെ ഇടപെടലുകളുടെ ചെറിയ ഉദാഹരണങ്ങൾ മാത്രമാണ്. ഇതുപോലെ ചൂണ്ടിക്കാട്ടാൻ ഇനിയും ഏറെയുണ്ട്.

റിയാസിന്റെ പ്രവർത്തനത്തിലെ ഈ മിടുക്ക് കണ്ടാണ് അദ്ദേഹത്തെ സി.പി.എം ബേപ്പൂരിൽ മത്സരിപ്പിച്ചിരിക്കുന്നത്. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ അദ്ധ്യക്ഷനെന്ന നിലയിൽ സി.പി.എം സംസ്ഥാന കമ്മറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട റിയാസ് ബേപ്പൂരിൽ മത്സരിച്ചതിൽ ഒരു അസ്വാഭാവികതയും ഇല്ല. കോഴിക്കോടു നിന്നുള്ള സി.പി.എം സംസ്ഥാന കമ്മറ്റി അംഗമെന്ന പരിഗണനയും മുസ്ലീം സമുദായത്തിനുള്ള പ്രാതിനിത്യവുമാണ് മന്ത്രി പദവിയിലൂടെ സി.പി.എം നിർവഹിച്ചിരിക്കുന്നത്. ഇതിനെയാണ് ഇപ്പോൾ വി.ഡി സതീശനും ബൽറാമും ഇകഴ്ത്തി കാണിക്കാൻ ശ്രമിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകളെ വിവാഹം കഴിച്ചില്ലങ്കിൽ പോലും റിയാസ് മത്സരിക്കുകയും മന്ത്രിയാവുകയും ചെയ്യുമായിരുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. സി.പി.എമ്മിന്റെ സംഘടനാ രീതി അറിയുന്ന എതിരാളികൾ പോലും ഈ യാഥാർത്ഥ്യം അംഗീകരിക്കും. ഇതൊക്കെ അറിയാമായിരുന്നിട്ടും, സതീശനും ബൽറാവും ആരോപണങ്ങൾ ഉന്നയിക്കുന്നത് വ്യക്തിപരമായ അജണ്ട മുൻ നിർത്തി മാത്രമാണ്. അങ്ങനെ വിലയിരുത്താൻ മാത്രമേ ഇത്തരമൊരു അവസ്ഥയിൽ കഴിയുകയൊള്ളൂ.

വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായത് എങ്ങനെ ആയിരുന്നു എന്നത് റിയാസിനെ വിമർശിക്കും മുൻപ് സ്വയം തിരിച്ചറിയണമായിരുന്നു. ഭൂരിപക്ഷ എം.എൽ.എമാർ പിന്തുണച്ച രമേശ് ചെന്നിത്തലയെ വെട്ടി നിരത്തി പ്രതിപക്ഷ നേതാവ് കസേര സ്വന്തമാക്കാൻ സതീശനെ തുണച്ചത് ഡൽഹിയിലെ ഉന്നത നേതൃത്വമാണ്. അതു പോലെ തന്നെ വി.ടി ബൽറാമിന് സീറ്റു നൽകിയതിനു പിന്നിലും ചില സമ്മർദ്ദ തന്ത്രങ്ങളുണ്ട്. എന്നാൽ കമ്യൂണിസ്റ്റു പാർട്ടികളുടെ രീതി അങ്ങനെയല്ല അവിടെ വ്യക്തിയല്ല പാർട്ടിയാണ് തീരുമാനം കൈകൊള്ളുക. ബൂർഷ്വാ പാർട്ടികളും കമ്യൂണിസ്റ്റ് പാർട്ടികളും തമ്മിലുള്ള ഈ വ്യത്യാസവും നാം തിരിച്ചറിയേണ്ടതുണ്ട്.

EXPRESS KERALA VIEW

Top