ആ ഓർമ്മകൾ പകരുന്നത് പുതിയ ഊർജ്ജം ; മുഹമ്മദ് റിയാസ്

ന്യൂഡല്‍ഹി : കോഴിക്കോട് നഗരത്തിലെ ഓവുചാലില്‍ കുടുങ്ങി പോയ ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മരിച്ച ഓട്ടോ ഡ്രൈവറായിരുന്ന നൗഷാദിനെ ഓര്‍മ്മിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ്.

സ്വന്തം ജീവന്റെ സുരക്ഷ കാര്യമാക്കാതെ, അപരിചിതനായ ഏതൊ ഒരു മാലിന്യ നിര്‍മ്മാര്‍ജ്ജന തൊഴിലാളിയെ രക്ഷിക്കാന്‍ അഴുക്കു ചാലിലേക്ക് ഇറങ്ങി പോയ നൗഷാദ്, ഈ കെട്ട കാലത്തും കേരളം കാത്തു സൂക്ഷിക്കുന്ന മനുഷ്യ സാഹോദര്യത്തിന്റെ ഉയര്‍ന്ന പ്രതീകമായി മായാതെ നില്‍ക്കുന്നതായി റിയാസ് ഫേയ്‌സ് ബുക്കില്‍ കുറിച്ചു. നൗഷാദിന്റെ മൂന്നാം ചരമവാര്‍ഷികമാണിന്ന്.

ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

“നൗഷാദ് നമ്മെ ഓർമ്മപ്പെടുത്തുന്നത്”

– പി.എ. മുഹമ്മദ് റിയാസ്-

നൗഷാദിന്റെ ഓർമ്മകൾക്ക് മൂന്ന് വർഷം തികയുകയാണ്. 2015, നവംബർ 25 നാണ് കോഴിക്കോട് നഗരത്തിലെ ഒരു ഓവുചാലിൽ കുടുങ്ങി പോയ ഇതര സംസ്ഥാ മാലിന്യ നിർമ്മാർജ്ജന തൊഴിലാളിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ഓട്ടോ ഡ്രൈവറായിരുന്ന നൗഷാദ് മരണപ്പെട്ടത്. സ്വന്തം ജീവന്റെ സുരക്ഷ കാര്യമാക്കാതെ, അപരിചിതനായ ഏതൊ ഒരു മാലിന്യ നിർമ്മാർജ്ജന തൊഴിലാളിയെ രക്ഷിക്കാൻ അഴുക്കു ചാലിലേക്ക് ഇറങ്ങി പോയ നൗഷാദ്, ഈ കെട്ട കാലത്തും കേരളം കാത്തു സൂക്ഷിക്കുന്ന മനുഷ്യ സാഹോദര്യത്തിന്റെ ഉയർന്ന പ്രതീകമായി മായാതെ നിൽക്കുന്നു. എന്നാൽ ഇന്ന് നമ്മൾ നൗഷാദിനെയോർക്കുമ്പോൾ, നമ്മുടെ രാജ്യത്തെ നഗരങ്ങളിൽ പുഴുക്കളെപ്പോലെ ജീവിച്ചു മരിക്കുന്ന ആയിരക്കണക്കായ മാലിന്യ നിർമ്മാർജ്ജന തൊഴിലാളികളെയും ഓർക്കേണ്ടതുണ്ട്. ആരാലും അറയ്ക്കുന്ന, വിഷവാതകം വമിക്കുന്ന അഴുക്കു ചാലുകളിലേക്ക്, വേണ്ടത്ര സുരക്ഷ ഉപകരണങ്ങളില്ലാതെ, തുച്ഛമായ കൂലിക്കായി ഇന്ത്യ മഹാരാജ്യത്ത് പ്രതിദിനം ഇറങ്ങി പോകുന്നത് അൻപത് ലക്ഷത്തിലധികം തൊഴിലാളികളാണ്. അവരിൽ ഭൂരിഭാഗവും കരാർ അടിസ്ഥാനത്തിൽ യാതൊരു സാമൂഹിക സംരക്ഷണ അനുകൂല്യങ്ങളും കൂടാതെ ജോലിയെടുക്കുന്നവർ. മനുഷ്യ മലം ചുമക്കുന്ന ജോലി 1993 ൽ നിയമം മൂലം നിരോധിച്ച രാജ്യമാണ് ഇന്ത്യ. ആ നിയമം വേണ്ടത്ര ഫലപ്രദമാകുന്നിലെന്ന് കണ്ട് 2013 ൽ വീണ്ടും നിയമനിർമ്മാണം നടത്തുകയുണ്ടായി. എന്നിട്ടും ഉപജീവനത്തിനായി ഈ തൊഴിൽ ചെയ്യുന്നവരായി 13,657 പേർ ഇപ്പോഴുമുണ്ട് എന്ന് ഔദ്യോഗിക കണക്കുകൾ. ശരിയായ കണക്ക് എത്രയോ അധികമായിരിക്കാം.
ജാതീയത ഏറ്റവും നികൃഷ്ടമായി അരങ്ങേറുന്ന ഒരു തൊഴിൽ മേഖല കൂടിയാണ് മാലിന്യ നിർമ്മാർജ്ജനം. ഇന്ത്യയിൽ ഈ തൊഴിലെടുക്കുന്നവരിൽ ശതമാനത്തിലധികവും ദളിതരാണ്. മനുഷ്യ മലം ചുമക്കുന്നത് കുല തൊഴിലായി സ്വീകരിക്കേണ്ടി വന്ന ദളിത് വിഭാഗങ്ങൾ ഉള്ള രാജ്യം കൂടിയാണ് നമ്മുടെ ത്.

ഇന്ന് ഇന്ത്യയിലെ മാലിന്യ നിർമ്മാർജ്ജന തൊഴിലാളികൾ വലിയൊരു അതിജീവന സമരത്തിന്റെ പാതയിലാണ്. നരേന്ദ്ര മോദി അധികാരത്തിലേറിയ ശേഷം ആരംഭിച്ച ‘സ്വച്ഛ ഭാരത മിഷൻ’ മാലിന്യ നിർമ്മാർജ്ജന തൊഴിലാളികളെ വലിയ ദുരിതങ്ങളിലേക്കാണ് തള്ളിയിട്ടത്. അവരുടെ ജോലിഭാരം പതിൻമടങ്ങ് ഇരട്ടിച്ചു. എന്നാൽ വേതനമോ, തൊഴിൽ ഇടങ്ങളിലെ സുരക്ഷയോ മെച്ചപ്പെട്ടില്ല. ഈ കാലയളവിൽ തന്നെ തൊഴിലിടങ്ങളിലെ അപകടങ്ങളിൽ പെട്ട് മരണമടഞ്ഞ മാലിന്യ നിർമ്മാർജന തൊഴിലാളികളുടെ എണ്ണം 419 ആണ്. അവരുടെ കുടുംബങ്ങൾക്ക് മാന്യമായ നഷ്ട പരിഹാരം വരെ ലഭിച്ചില്ലെന്ന പരാതി വ്യാപകമാണ്. എന്നാൽ കഴിഞ്ഞ നാലര വർഷക്കാലം കൊണ്ട് പദ്ധതിയുടെ പരസ്യത്തിനായി കേന്ദ്ര സർക്കാർ ചിലവഴിച്ചത് 530 കോടി രൂപയാണ്. ശുചീകരണ മിഷൻ മോദിയുടെ മറ്റൊരു ‘ജുംല’ മാത്രമെന്ന് തിരിച്ചറിഞ്ഞ് തൊഴിലാളികൾ ദേശീയ തലത്തിൽ തന്നെ പ്രക്ഷോഭത്തിലാണ്.

2018 ന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കൃത്യം അൻപത് വർഷങ്ങൾക്കു മുൻപാണ് മാലിന്യ നിർമ്മാർജ്ജന തൊഴിലാളികളുടെ രേഖപ്പെടുത്തപ്പെട്ട ആദ്യ സംഘടിത സമരം അരങ്ങേറിയത്. 1968ൽ, അമേരിക്കയിലെ മെംഫിസ് നഗരത്തിൽ നടന്ന 65 ദിവസം നീണ്ടു നിന്ന ആ ഐതിഹാസിക സമരം, മെച്ചപ്പെട്ട വേതനത്തിനും, തൊഴിലിടങ്ങളിലെ സുരക്ഷയ്ക്കും, സാമൂഹിക ക്ഷേമ പെൻഷനുകൾക്കും വേണ്ടിയുള്ള മാലിന്യ നിർമ്മാർജ്ജന തൊഴിലാളികളുടെ പോരാട്ടത്തിൽ ഒരു വലിയ ചുവട് വെയ്പ്പായിരുന്നു. സാക്ഷാൽ മാർട്ടിൻ ലൂതർ കിംഗ് ആ സമരത്തിന് നേതൃത്വം നൽകിയവരിൽ ഒരാളായിരുന്നു.

രണ്ടാം ലോക മഹായുദ്ധാനന്തരം, എല്ലാ മേഖലകളിലെയും തൊഴിലാളികൾക്കായി സോവിയറ്റ് യൂണിയൻ നടപ്പിലാക്കിയ വലിയ ക്ഷേമ പദ്ധതികൾ, യൂറോപ്പ് ഉൾപ്പെടെയുള്ള വികസിത മുതലാളിത്ത രാജ്യങ്ങളിൽ വലിയ സ്വാധീനം ചെലുത്തി. കമ്യൂണിസത്തിന്റെ വ്യാപനം തടയാൻ പശ്ചിമ യൂറോപ്യൻ രാജ്യങ്ങൾ സോവിയറ്റ് മാതൃകയിൽ തൊഴിലാളി ക്ഷേമ നയപരിപാടികൾ നടപ്പിലാക്കി. ആ രാജ്യങ്ങളിലെ മാലിന്യ നിർമ്മാർജ്ജന തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷയും നല്ല വേതനവും കൈവന്നത് അങ്ങനെയാണ്. എന്നാൽ ഇന്ന് യൂറോപ്പിൽ അധികാരത്തിൽ ഇരിക്കുന്ന വലത് സർക്കാരുകൾ, ആ തൊഴിലവകാശങ്ങൾ നിഷേധിക്കുകയാണ്. അതിനെതിരെ യൂറോപ്യൻ തൊഴിലാളി യൂണിയനുകൾ സമര മുന്നണിയിലും.

നമ്മുടെ കൊച്ചു കേരളം, മാലിന്യ നിർമ്മാർജ്ജന തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് ഒരു വലിയ മാതൃക സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ട്. മെച്ചപ്പെട്ട വേതന നിരക്കും, തൊഴിലിടങ്ങളിലെ സുരക്ഷ ക്രമീകരണങ്ങളിലും നല്ല മാറ്റങ്ങൾ വരുത്താൻ നമുക്ക് കഴിഞ്ഞു. അഴുക്കു ചാലുകളുടെ ശുചീകരണ പ്രവർത്തനം പൂർണമായും യന്ത്രവത്കരിക്കുന്നതിന്റെ ആദ്യപടിയായി, തദ്ദേശീയമായി നിർമ്മിച്ച റോബോർട്ട് ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ പുറത്തിറക്കിയിരിക്കുന്നു. ഇനിയൊരു ജീവനും അഴുക്ക് ചാലുകളിൽ വിഷം ശ്വസിച്ച് തീരരുത് എന്ന ദൃഢനിശ്ചയമായിരിക്കണം നമ്മളെ മുന്നോട്ട് നയിക്കേണ്ടത്. നൗഷാദിന്റെ സ്മരണകൾ നമ്മൾക് ഊർജ്ജം പകരുന്നതിൽ സംശയമേതുമില്ല.

Top