ഒമ്പത് റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണം പുരോ​ഗമിക്കുന്നു; ചരിത്രത്തിലാദ്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: റെയിൽവേ മേൽപ്പാല നിർമാണത്തിൽ സർക്കാർ നേട്ടം വ്യക്തമാക്കി മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ചരിത്രത്തിലാദ്യമായി ഒമ്പത് റെയില്‍വേ മേല്‍പാലങ്ങളുടെ പ്രവൃത്തി ഒരുമിച്ച് പുരോഗമിക്കുകയാണെന്നും മന്ത്രി കുറിച്ചു. എൽഡിഎഫിന്റെ പ്രകടനപത്രികയില്‍ മേൽപ്പാല നിർമിക്കുമെന്ന കാര്യം വാ​ഗ്ദാനം ചെയ്തിരുന്നെന്നും 72 റെയില്‍വെ മേല്‍പാലങ്ങള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കുറിച്ചു.

ഈ സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ മേൽപ്പാല നിർമാണത്തിൽ വലിയ പുരോഗതിയാണുണ്ടായതെന്നും കാഞ്ഞങ്ങാട് റെയില്‍വെ മേല്‍പാലം പ്രവൃത്തി പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിച്ചെന്നും മന്ത്രി തന്റെ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു. സ്റ്റീല്‍ കോണ്‍ക്രീറ്റ് കോമ്പോസിറ്റ് സ്ട്രക്ചറിലാണ് നിർമാണം. കേരളത്തിലാദ്യമായാണ് ഈ രീതിയില്‍ പാലം നിര്‍മ്മിക്കുന്നത്.

കിഫ്ബി ഫണ്ട് ഉപയോഗിച്ച് 66 റെയില്‍വെ മേല്‍പാലങ്ങളാണ് നിര്‍മ്മിക്കുന്നത്. കൊടുവള്ളി, തനൂര്‍ – തെയ്യാല, അകത്തേത്തറ, ചിറങ്ങര, ഗുരുവായൂര്‍, മാളിയേക്കല്‍ എന്നിവിടങ്ങളില്‍ പൈലിംഗ് പൂര്‍ത്തിയാക്കി. വാടാനംകുറിശ്ശി, ഇരവിപുരം, ചിറയിന്‍കീഴ് എന്നിവിടങ്ങളില്‍ പൈലിംഗ് അവസാനഘട്ടത്തിലാണ്. ചേളാരി – ചെട്ടിപ്പടി മേല്‍പാലത്തിന്‍റെ പുതുക്കിയ അലൈന്‍മെന്‍റിന് റെയില്‍വെയുടെ അനുമതി ലഭിക്കാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Top