കോടിയേരിയുടെ മരണത്തിൽ അനുശോചിച്ച് പിഎ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന നേതാവ് കോടിയേരി ബാലകൃഷ്ണനെ അനുശോചിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോടിയേരി ബാലകൃഷ്ണന്‍ എന്ന പേരും വ്യക്തിത്വവും നേതൃത്വവും പാര്‍ട്ടിയുടെ മുന്നോട്ടുള്ള പാതയില്‍ കരുത്തും ഊര്‍ജ്ജവുമാണെന്ന് മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിപ്പിലൂടെ പങ്കുവെച്ചത്. മികച്ച സംഘാടകന് മികച്ച പാര്‍ലമെന്റേറിയനാകുക വളരെ എളുപ്പമാണ്. പക്ഷേ, മികച്ച പാര്‍ലമെന്റേറിയന് തന്റെ പ്രസ്ഥാനത്തെ വളര്‍ത്തുവാന്‍ സഹായിക്കുന്നനിലയില്‍ ഒരു സംഘാടകനാകുക അത്രത്തോളം എളുപ്പമായെന്നുവരില്ല. സംഘടനയെ നല്ല നിലയില്‍ മുന്നോട്ടുനയിക്കാന്‍ സാധിച്ചവര്‍ വളരെ പെട്ടെന്ന് ജനങ്ങള്‍ അംഗീകരിക്കുന്ന മികച്ച ഭരണാധികാരികള്‍കൂടി ആയതിന് നിരവധി ഉദാഹരണങ്ങള്‍ നമുക്കു മുന്നിലുണ്ട്. അവരിലൊരാളാണ് സഖാവ് കോടിയേരി ബാലകൃഷ്ണന്‍ എന്ന് റിയാസ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

“കോടിയേരി”….

ഒരു നാടിന്റെ പേരായിരുന്നു…

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ ഒരു ഗ്രാമത്തിന്റെ പേര്.

ഇപ്പോഴത്, മനുഷ്യനന്മയ്ക്കുവേണ്ടി ഒത്തുകൂടുന്ന സംഘടന-രാഷ്ട്രീയപ്പാർട്ടി പ്രവർത്തകരും സാധാരണക്കാരായ മനുഷ്യരുമൊക്കെ പിന്തുടരുന്ന ഒരു പേരുകൂടിയാണ്. കോടിയേരി ബാലകൃഷ്ണൻ എന്ന വ്യക്തിത്വം തന്റെ നാടിന്റെ പേരിനെ അങ്ങനെകൂടി ആക്കിത്തീർക്കുകയായിരുന്നു.

സഖാവിനോട് ഒരുകാര്യം പോയി പറഞ്ഞാൽ അതേപ്പറ്റി അദ്ദേഹത്തിന് നമ്മളേക്കാൾ ആഴത്തിൽ അറിവുണ്ടായിരിക്കും; എന്നാലും പുതിയ ഒരു വാർത്ത കേൾക്കുന്നതുപോലെ സഖാവ് അതുകേൾക്കും, ചില സംശയങ്ങൾ നമ്മളോടു ചോദിക്കും. മറുപടിയായി പുഞ്ചിരിയിൽപൊതിഞ്ഞ രണ്ടോമൂന്നോ വാക്കുകൾ… അദ്ദേഹത്തെ ചെന്നു കാണുന്നവർ സന്തോഷത്തോടെ തിരിച്ചുപോകും.

അദ്ദേഹവുമായി അടുത്തിടപഴകാന്‍ ഒട്ടേറെ അവസരങ്ങള്‍ എനിക്കു ലഭിച്ചിട്ടുണ്ട്. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയാകുമ്പോഴും സംസ്ഥാന കേന്ദ്രത്തിലും അഖിലേന്ത്യാതലത്തിലും പ്രവർത്തിക്കുമ്പോഴുമൊക്കെയുള്ള ഒരുപാടനുഭവങ്ങൾ, സംഘടനാപരവും വ്യക്തിപരവുമായ അനവധി ഇടപഴകലുകൾ…. സംഘടനാതലത്തിൽ അദ്ദേഹം നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾ എന്നും ഞങ്ങൾക്കു കരുത്തായിരുന്നു.

മികച്ച സംഘാടകൻ, പ്രഭാഷകൻ, ഭരണാധികാരി… കോടിയേരി ബാലകൃഷ്ണനെ വിശേഷിപ്പിക്കാൻ വാക്കുകളേറെയാണ്. മികച്ച സംഘാടകന് മികച്ച പാർലമെന്റേറിയനാകുക വളരെ എളുപ്പമാണ്. പക്ഷേ, മികച്ച പാർലമെന്റേറിയന് തന്റെ പ്രസ്ഥാനത്തെ വളർത്തുവാൻ സഹായിക്കുന്നനിലയിൽ ഒരു സംഘാടകനാകുക അത്രത്തോളം എളുപ്പമായെന്നുവരില്ല. സംഘടനയെ നല്ല നിലയിൽ മുന്നോട്ടുനയിക്കാൻ സാധിച്ചവർ വളരെ പെട്ടെന്ന് ജനങ്ങൾ അംഗീകരിക്കുന്ന മികച്ച ഭരണാധികാരികൾകൂടി ആയതിന് നിരവധി ഉദാഹരണങ്ങൾ നമുക്കു മുന്നിലുണ്ട്. അവരിലൊരാളാണ് സഖാവ് കോടിയേരി ബാലകൃഷ്ണൻ.

കേരളത്തിലെ ഓരോ കേഡറിനേയും കുറിച്ച് അദ്ദേഹത്തിനുള്ള ധാരണ അപാരമാണ്. ഏതൊരു രാഷ്ട്രീയനേതാവിനും പിന്തുടരാവുന്ന മാതൃകയാണത്. ചരിത്രത്തിലാദ്യമായി ഇടതുപക്ഷ സർക്കാരിന്റെ തുടർഭരണത്തിന്റെ പല കാരണങ്ങളിൽ മുഖ്യമായ ഒന്ന് പാർട്ടിയ്ക്കും സർക്കാരിനുമിടയിലുള്ള അദ്ദേഹത്തിന്റെ മികച്ച ഏകോപനമായിരുന്നു. പ്രകടനപത്രികയിലെ കാര്യങ്ങൾ നടപ്പാക്കുകവഴി പാർട്ടി ഉദ്ദേശിച്ചത് സർക്കാരും, സർക്കാരിന്റെ ഭരണനേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുക വഴി സർക്കാർ ഉദ്ദേശിക്കുന്നത് പാർട്ടിയും ഭംഗിയായി നടപ്പിലാക്കിയ കാലഘട്ടമാണ് 2016-2021.

സർക്കാരിനെ നയിക്കുന്ന പിണറായിയും പാർട്ടിയെ നയിക്കുന്ന കോടിയേരിയും ഒരു ഹൈ-കോംപിനേഷനായിരുന്നു. (HIGH COMBINATION)

പത്രസമ്മേളനങ്ങൾ കൈകാര്യം ചെയ്യുന്ന അദ്ദേഹത്തിന്റെ രീതി ഏതൊരു രാഷ്ട്രീയപ്രവർത്തകനും പഠിക്കാവുന്ന പാഠപുസ്തകമാണ്. അവസാന പത്രസമ്മേളനത്തിൽ അദ്ദേഹത്തെ കണ്ടപ്പോൾ ഹൃദയംപൊട്ടിയെ ഒരുപാടു പേരുണ്ടായിരുന്നു. പക്ഷേ, അവിടെയും അദ്ദേഹം പുലർത്തിയ സമചിത്തത സമാനതകളില്ലാത്തതാണ്.

ഒരു സിനിമയുടെ പോസ്റ്ററുമായി ബന്ധപ്പെട്ടുവന്ന ചോദ്യത്തിന് അദ്ദേഹം എന്റെ പേരുകൂടി പരാമർശിച്ചുകൊണ്ടായിരുന്നു അന്ന് മറുപടി പറഞ്ഞത്. ഞാൻ നേരത്തേ ആ വിഷയത്തിൽ നടത്തിയ പ്രതികരണത്തെ പിന്തുണച്ചുകൊണ്ടായിരുന്നു അത്. അതിനുശേഷം അദ്ദേഹവുമായി ഫോണിൽ സംസാരിച്ചപ്പോൾ, വിവാദത്തിലേക്കു വഴുതിവീഴാമായിരുന്ന ആ വിഷയത്തിൽ അദ്ദേഹം നടത്തിയ അന്വേഷണങ്ങളും അതേപ്പറ്റി മനസ്സിലാക്കി നടത്തിയ പ്രതികരണങ്ങളുമെല്ലാം എന്നെ അത്ഭുതപ്പെടുത്തുകതന്നെ ചെയ്തു.

മന്ത്രിയായി ചുമതലയേറ്റശേഷം പലകാര്യങ്ങളും അദ്ദേഹവുമായി സംസാരിക്കാറുണ്ടായിരുന്നു. 2006ലെ സര്‍ക്കാരില്‍ ടൂറിസം മന്ത്രിയെന്ന നിലയിൽ അദ്ദേഹം ഒട്ടേറെ കാര്യങ്ങൾ ചെയ്തിരുന്നു. ടൂറിസത്തെപ്പറ്റി അദ്ദേഹത്തിന് നല്ല കാഴ്ചപ്പാടുണ്ടായിരുന്നു. ഈ സര്‍ക്കാരില്‍ ടൂറിസം വകുപ്പിന്റെ ചുമതലയേൽക്കുമ്പോൾ ആ കാഴ്ചപ്പാടുകളും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും വകുപ്പിനും കേരളത്തിന്റെ വിനോദസഞ്ചാരമേഖലയ്ക്കും മുതൽക്കൂട്ടാകാൻ പര്യാപ്തമാണെന്നത് മനസ്സിലാക്കാനായി.

കോടിയേരി ബാലകൃഷ്ണൻ എന്ന പേര്, ആ വ്യക്തിത്വം, പക്വമായ ആ നേതൃത്വം… പാർട്ടിയുടെ മുന്നോട്ടുള്ള പാതയിൽ ഞങ്ങള്‍ക്കൊക്കെ കരുത്തായും ഊർജ്ജമായും അതെന്നുമുണ്ടാകും. എഴുതാനേറെയുണ്ട്. ഇപ്പോള്‍ അതു മുഴുവനും എഴുതാനാകുന്ന അവസ്ഥയിലല്ല. മറ്റൊരവസരത്തിൽ എഴുതാം, വിശദമായിത്തന്നെ, സഖാവിനെപ്പറ്റി.

ലാൽസലാം സഖാവേ…

Top