സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് എങ്ങനെ രാജ്യത്തെ വിമര്‍ശിക്കലാവും; ബിജെപിയോട് ചോദ്യങ്ങളുമായി മുഹമ്മദ് റിയാസ്

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഇന്ത്യക്കാര്‍ ഭയപ്പെടുന്നുവെന്ന രാഹുല്‍ ബജാജിന്റെ പ്രസ്താവന ദേശതാത്പര്യത്തിന് എതിരാണെന്ന ധനമന്ത്രി നിര്‍മല സീതാരാമന്റെ വാദത്തിനെതിരെ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ്.

സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് എങ്ങനെ രാജ്യത്തെ വിമര്‍ശിക്കലാവുമെന്ന് റിയാസ് ചോദിച്ചു. സര്‍ക്കാരിനെ വിമര്‍ശിക്കുവാന്‍ പൗരന് അവകാശം നല്‍കുന്ന ജനാധിപത്യ രാജ്യമല്ലെ ഇന്ത്യയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

രാഹുല്‍ ബജാജിന്റെ പരാമര്‍ശങ്ങള്‍ വന്‍തോതില്‍ ജനശ്രദ്ധ നേടിയതിനു പിന്നാലെയായിരുന്നു പ്രതിരോധവുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയിരുന്നത്. ട്വിറ്ററിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘രാഹുല്‍ ബജാജ് മോദി സര്‍ക്കാരിനെ വിമര്‍ശിച്ചത് രാജ്യ താല്‍പര്യത്തിന് എതിരാണ് ‘
ധനമന്ത്രി നിര്‍മല സീതാരാമന്‍.

ബിജെപി യോട് ചില ചോദ്യങ്ങള്‍
-പി എ മുഹമ്മദ് റിയാസ് –

1) സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് എങ്ങനെ രാജ്യത്തെ വിമര്‍ശിക്കലാവും?

2) സര്‍ക്കാരിനെ വിമര്‍ശിക്കുവാന്‍ പൗരന് അവകാശം നല്‍കുന്ന ജനാധിപത്യ രാജ്യമല്ലെ ഇന്ത്യ?

3) മന്‍മോഹന്‍ സിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്ന കാലത്ത് ഇതേ രാഹുല്‍ ബജാജ് യുപിഎ സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നല്ലോ…
ബിജെപി അന്നത്തെ വിമര്‍ശനം രാജ്യവിരുദ്ധ നിലപാടാണെന്ന് പറയാതിരുന്നത് എന്തുകൊണ്ടാണ് ?

4) ഇതേ രാഹുല്‍ ബജാജ് എന്ന ഈ രാജ്യവിരുദ്ധനെ 2006 ല്‍ പ്രമോദ് മഹാജന്‍ മരിച്ച ഒഴിവിലേക്ക് ബിജെപി രാജ്യസഭാംഗമാക്കിയത് ഏതു ദേശഭക്തിയുടെ ഭാഗമായിട്ടാണ് ?

‘ഇക്കണോമിക് ടൈംസ്’ ദിനപത്രം നടത്തിയ അവാര്‍ഡുദാനച്ചടങ്ങിലായിരുന്നു സര്‍ക്കാരിനെ വിമര്‍ശിച്ച് കൊണ്ടുള്ള രാഹുല്‍ ബജാജിന്റെ പ്രസ്താവന. അമിത് ഷായെയും ധനമന്ത്രി നിര്‍മലാ സീതാരാമനേയും വേദിയിലിരുത്തിയാണ് വ്യവസായ പ്രമുഖന്‍ രാഹുല്‍ ബജാജ് രാജ്യത്തു ഭീതിയുടെ അന്തരീക്ഷം നിലനില്‍ക്കുകയാണെന്നു തുറന്നടിച്ചത്. സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ വ്യവസായികള്‍ ഭയപ്പെടുന്നു. നേരത്തേ അങ്ങനെയായിരുന്നില്ല: കേന്ദ്ര ആഭ്യന്തര മന്ത്രിയോടു ബജാജ് ഗ്രൂപ്പ് തലവന്‍ ചൂണ്ടിക്കാട്ടി.

ബജാജിന്റെ വിമര്‍ശനം അംഗീകരിച്ചില്ലെങ്കിലും അമിത് ഷാ അതു പാടേ തള്ളിക്കളഞ്ഞില്ല.അങ്ങനെയൊരന്തരീക്ഷം ഉണ്ടെന്നു വരുത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അതു മാറ്റിയെടുക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും ഷാ പറഞ്ഞു. രാഹുല്‍ ബജാജിന്റെ വിമര്‍ശനങ്ങള്‍ക്ക് അമിത് ഷാ വേദിയില്‍ വെച്ച് മറുപടി പറഞ്ഞെങ്കിലും രാജ്യത്ത് ഇത് വലിയ പ്രചാരം നേടിയത് ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇതോടെ രാഹുലിന്റെ പ്രസ്താവനക്കെതിരെ ബിജെപി കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. പാര്‍ലമെന്റ് സീറ്റിനായി സര്‍ട്ടിഫിക്കറ്റ് നേടാനുള്ള വഴിയാണ് രാഹുല്‍ ബജാജിന്റെ വിമര്‍ശനമെന്ന് ബിജെപി വക്താക്കള്‍ ആരോപിച്ചു.

Top