ഇസ്രായേലുമായി ഒപ്പുവച്ച എല്ലാ കരാറുകളും നിര്‍ത്തിവച്ചുവെന്ന് പലസ്തീന്‍

ഗസാസിറ്റി: ഇസ്രായേലുമായി ഒപ്പുവച്ച എല്ലാ കരാറുകളും നിര്‍ത്തിവച്ചതായി പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. കഴിഞ്ഞയാഴ്ച ഇസ്രായേല്‍ സൈന്യം സൂര്‍ ബഹര്‍ ഗ്രാമത്തിലെ പലസ്തീന്‍ ഭവനങ്ങള്‍ തകര്‍ത്ത നടപടിയില്‍ പ്രതിഷേധിച്ചാണ് തീരുമാനം.

പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റൈ അടിയന്തിര യോഗത്തിനു ശേഷമാണ് കരാറുകളില്‍നിന്നു പിന്‍മാറുന്നതായി മഹ്മൂദ് അബ്ബാസ് പ്രഖ്യാപിച്ചത്. ഗ്രാമങ്ങളിലെ വീടുകള്‍ തകര്‍ത്ത നടപടിയുടെ പശ്ചാത്തലത്തിലാണ് അടിയന്തിര യോഗം ചേര്‍ന്നത്.സൂര്‍ ബഹര്‍ ഗ്രാമത്തില്‍ ഇസ്രായേല്‍ നടത്തിയ അധിനിവേശവും ഭവനങ്ങള്‍ തകര്‍ത്തതും വംശീയ ഉന്മൂലനമെന്നാണ് അബ്ബാസ് വിശേഷിപ്പിച്ചത്. ഇസ്രായേലുമായ ഒപ്പുവച്ച മുഴുവന്‍ കരാറുകളും നടപ്പാക്കുന്നത് അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായും അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ റാമല്ലയില്‍നടന്ന പൊതുയോഗത്തില്‍ അബ്ബാസ് വ്യക്തമാക്കി. തീരുമാനം നടപ്പാക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് അറിയിച്ച അബ്ബാസ് ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ തയ്യാറായില്ല. പലസ്തീന്‍ അതോറിറ്റിയുമായി ഒപ്പുവച്ച കരാറുകള്‍ ഇസ്രായേല്‍ അവഗണിക്കുകയാണെന്നും അബ്ബാസ് ചൂണ്ടിക്കാട്ടി.

ബുള്‍ഡോസറുകളുടെ അകമ്പടിയോടെ കഴിഞ്ഞ തിങ്കളാഴ്ചയാണ് വാദി അല്‍ ഹുമ്മുസ് മേഖലയിലേക്ക് കടന്നുകയറിയ നൂറുകണക്കിന് ഇസ്രായേല്‍ സൈനികര്‍ പലസ്തീന്‍ ഭവനങ്ങളും കെട്ടിടങ്ങളും ആക്രമിച്ചത്.

Top