പൂജാമുറിയിൽ നിസ്ക്കാരമൊരുക്കി ! പൊലീസ് ഐ.ജിയുടെ വെളിപ്പെടുത്തൽ

കാലം എത്ര തന്നെ മാറിയാലും വയലാർ എഴുതിയ ഈ വരികൾ നൽകുന്ന സന്ദേശം ഇന്നും ഏറെ പ്രസക്തമാണ്. വർത്തമാനകാല ഇന്ത്യ അതു നമ്മളെ ഓർമ്മപ്പെടുത്തുന്നുമുണ്ട്. മതത്തിന്റെ മതിൽക്കെട്ടിനുള്ളിൽ മനുഷ്യനെ വേർതിരിച്ചു കാണാൻ ഏത് വിഭാഗങ്ങൾ ശ്രമിച്ചാലും അത് നാടിനെയാണ് പിറകോട്ടടിപ്പിക്കുക. മതത്തിനും ജാതിക്കും എല്ലാം മീതെ മനുഷ്യനെ മനുഷ്യനായി കാണാനാണ് ഓരോ പൗരനും ശ്രമിക്കേണ്ടത്. അത്തരം ശ്രമങ്ങളെയാണ് ഈ നാടും പോത്സാഹിപ്പിക്കേണ്ടത്.

ഇങ്ങനെ ഒരു ആമുഖം ഇവിടെ വീണ്ടും പറയേണ്ടി വന്നത് ഐ.പി.എസ് ഉദ്യോഗസ്ഥനായ പി.വിജയന്റെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ്. മുൻപ് തന്റെ വീട്ടിൽ നടന്ന ഒരു സംഭവം ഫാദേഴ്സ് ഡേ ദിനത്തിൽ ഹൃദയസ്പർശിയായാണ് ഈ പൊലീസ് ഉദ്യോഗസ്ഥൻ വിവരിച്ചിരിക്കുന്നത്. ഫാദേഴ്സ് ഡേക്ക് വേണ്ടി മാത്രം പ്രത്യേകമായി അച്ഛനെ ഓർക്കേണ്ട കാര്യമില്ലെന്നു ചൂണ്ടിക്കാട്ടിയ പി.വിജയൻ ബാബറി മസ്ജിദ് തകർക്കപ്പെട്ട ദിവസത്തിലെ തന്റെ അനുഭവമാണ് പൊതുസമൂഹത്തിനു മുൻപാകെ പങ്കുവച്ചിരിക്കുന്നത്.

1992 ൽ യു.ജി.സി പരീക്ഷയുടെ തയാറെടുപ്പിനായി വിജയന്റെ സുഹൃത്ത് ആലുവ സ്വദേശിയായ അബ്ദുൽ കരീമും അദ്ദേഹത്തിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. കരീം ദിവസവും അടുത്തുള്ള ഒരു പള്ളിയിൽ പോയി അഞ്ചു നേരവും കൃത്യമായി നമസ്‌കരിക്കുമായിരുന്നു. വീടിന്റെ പൂജ മുറി ഒഴിച്ച് ഏതാണ്ട് എല്ലാ ഭാഗങ്ങളിലും പണികൾ നടക്കുന്ന സമയം കൂടി ആയിരുന്നു അത്. ബാബരി മസ്ജിദ് തകർപ്പെട്ട ദിവസം കരീം പള്ളിയിലേക്ക് നമസ്‌കരിക്കാൻ ഇറങ്ങിയപ്പോൾ അച്ഛൻ പുറത്തേക്ക് പോകണ്ടായെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടപ്പോൾ ഇനി കരീം എങ്ങനെ നമസ്കരിക്കും എന്നതായിരുന്നു വിജയന്റെ ചോദ്യം. ഈ ചോദ്യത്തിന് അച്ഛൻ നൽകിയ മറുപടി, തന്നെ പോലും അത്ഭുതപ്പെടുത്തിയതായാണ് അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചിരിക്കുന്നത്.

“കരീം… പൂജ മുറിയിൽ നമസ്ക്കരിക്കട്ടെ എന്നതായിരുന്നു” വിജയന്റെ അച്ചന്റെ നിർദ്ദേശം. തുടർന്നുള്ള പത്ത് ദിവസവും കരീം ഞങ്ങളുടെ പൂജ മുറിയിലാണ് നമസ്കരിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി. ഇതുകൊണ്ട് ഞങ്ങളുടെ മാത്രമല്ല കരീമിന്റെയും ഒരു വിശ്വാസത്തിനും ഇതുവരെ ഒരുകോട്ടവും സംഭവിച്ചിട്ടില്ലന്നതാണ് വിജയന്റെ നിലപാട്. ഈ വാക്കുകൾ തന്നെയാണ് ആ ഫെയ്സ് ബുക്ക് പോസ്റ്റിനെയും ഇപ്പോൾ വേറിട്ടു നിർത്തുന്നത്. ഭൗതികമായ സമ്പത്തിനും അപ്പുറം മനുഷ്യ ബന്ധങ്ങളെ വിലമതിച്ചു കൊണ്ട്…എല്ലാവരോടും ഇടപഴകി ജീവിക്കാൻ തന്നെ സജ്ജമാക്കി എന്ന നിലയിലാണ് ‘ഫാദേഴ്സ് ഡേ ദിനത്തിൽ’ ഈ ഐ.പി.എസ് ഓഫീസർ സ്വന്തം പിതാവിനെ ഓർക്കാൻ ഇഷ്ടപ്പെടുന്നത്. ടെകനോളജിയുടെ പുതിയ കാലത്ത് ബന്ധങ്ങളെ ബന്ധനങ്ങളായി കരുതുന്ന പുതിയ തലമുറ കണ്ടു പഠിക്കേണ്ട മാതൃകയാണിത്.

1999 ബാച്ച് ഐ.പി.എസ് ഓഫീസറായ പി.വിജയൻ നിലവിൽ കേരള പൊലീസിൽ ഐ.ജിയാണ്. കാസർഗോഡ്, തിരുവനന്തപുരം, റൂറൽ മലപ്പുറം, എറണാകുളം എന്നീ ജില്ലകളിൽ പോലീസ് മേധാവിയായും, തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട് സിറ്റികളിലെ പൊലീസ് കമ്മീഷണറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കോളിളക്കം സൃഷ്ടിച്ച കളമശ്ശേരി ബസ് കത്തിക്കൽ കേസ് ശബരിമല തന്ത്രി കേസ് ചേലേമ്പ്ര ബാങ്ക് കവർച്ച കേസ് തുടങ്ങിയ പ്രധാന കേസുകളുടെ അന്വേഷണത്തിനു നേതൃത്വം നൽകിയതും പി.വിജയനാണ്. 2014-ൽ സി.എൻ.എൻ- ഐ.ബി.എൻ- ന്റെ ഇന്ത്യൻ ഓഫ് ദി ഇയറായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രാജ്യത്തിനു മാതൃകയായ സ്റ്റുഡന്റ് പൊലീസ് സംവിധാനത്തിന്റെയും, ശബരിമല പുണ്യം പൂങ്കാവന പദ്ധതിയുടെയും ആശയം മുന്നോട്ട് വച്ചിരുന്നതും ഈ ഐ.പി.എസ് ഓഫീസറാണ്.

EXPRESS KERALA VIEW

Top