മാവോയിസ്റ്റ് ചിന്തകന്‍ പി.വരവരറാവുവിനെ മഹാരാഷ്ട്ര പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു

പൂന: മാവോയിസ്റ്റ് ചിന്തകന്‍ പി.വരവരറാവുവിനെ മഹാരാഷ്ട്ര പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ഈ വര്‍ഷം ജനുവരിയില്‍ നടന്ന ഭീമ കൊറേഗാവ് സംഘര്‍ഷം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ഗൂഡാലോചന നടത്തി എന്നീ കേസുകളുമായി ബന്ധപ്പെട്ട് പൊലീസ് വീട്ടു തടങ്കലിലാക്കിയ വരവരറാവുവിന്റെ തടങ്കല്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് വീണ്ടും അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ റാവുവിനെ പൂനയിലേക്കു കൊണ്ടുപോകും.

അതേസമയം, റാവുവിന്റെ അറസ്റ്റിനെതിരേ പ്രതിഷേധവുമായി അദ്ദേഹത്തിന്റെ അനുയായികളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തി. ഇവര്‍ പൊലീസ് സംഘത്തിനു നേരെ പ്രതിഷേധമുയര്‍ത്തി. കടുത്ത മനുഷ്യാവകാശധ്വംസനവും നിയമവിരുദ്ധ നടപടിയുമാണ് പൊലീസ് കൈക്കൊള്ളുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ വി.രഘുനാഥ് ആരോപിച്ചു.

വിപ്ലവ കവി പി. വരവരറാവു, അഭിഭാഷകയും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകയും ആയ സുധ ഭരദ്വാജ്, മാധ്യമ പ്രവര്‍ത്തകന്‍ ഗൗതം നാവ്‌ലാഖ, വെര്‍ണോന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര എന്നിവരെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ചു പൂന പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ ചോദ്യം ചെയ്തു റോമില ഥാപ്പര്‍, പ്രഭാത് പട്‌നായിക്, സതീഷ് ദേശ്പാണ്ഡേ, മാജാ ദാരുവാല എന്നിവര്‍ ഉള്‍പ്പടെയുള്ളവര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ഇവരുടെ അറസ്റ്റ് വീട്ടുതടങ്കലാക്കി.

Top