അന്‍വര്‍ എം.എല്‍.എയുടെ തടയണയിലെ വെള്ളം തുറന്നുവിടാനുള്ള ഉത്തരവ് എന്തുകൊണ്ട് നടപ്പാക്കിയില്ല

കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ മലപ്പുറം ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണയിലെ വെള്ളം രണ്ടാഴ്ചക്കകം ഒഴുക്കിവിടണമെന്ന് ഹൈക്കോടതി ഉത്തരവ് മൂന്നു മാസം കഴിഞ്ഞിട്ടും നടപ്പാക്കാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി. വെള്ളം ഒഴുക്കിവിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ 10 ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യാന്‍ ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് സ്റ്റേറ്റ് അറ്റോര്‍ണി കെ.വി സോഹന് നിര്‍ദ്ദേശം നല്‍കി.
സാങ്കേതിക വിദഗ്ദന്റെ സഹായത്തോടെ രണ്ടാഴ്ചക്കകം പൂര്‍ണ്ണമായും വെള്ളം ഒഴുക്കിവിടണമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതി ജൂലൈ 10ന് നല്‍കിയ ഉത്തരവ് ഇതുവരെ നടപ്പാക്കിയില്ലെന്ന് അനധികൃത തടയണക്കെതിരായ പരാതിക്കാരന്‍ എം.പി വിനോദിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ബെച്ചു കുര്യന്‍ തോമസാണ് കോടതിയെ അറിയിച്ചത്. വെള്ളം ഒഴുക്കിവിട്ടെന്നും വീണ്ടും നിറഞ്ഞതാണെന്നും അന്‍വറിന്റെ ഭാര്യാപിതാവിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.
തടയണയല്ല കുളമാണെന്നല്ലേ നിങ്ങളുടെ വാദമെന്ന് കോടതി ആരാഞ്ഞു. പിന്നെ എങ്ങിനെയാണ് വെള്ളം ഒഴുക്കിവിട്ടിട്ടും വീണ്ടും നിറയുക. നിയമവിരുദ്ധമായി തടയണകെട്ടിയതെന്ന് സമ്മതിക്കുകയാണോ എന്നും കോടതി ചോദിച്ചു. നിയമവിരുദ്ധമായാണ് തടയണകെട്ടിയതെന്നും അത് പൊളിച്ചുനീക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും സ്റ്റേറ്റ് അറ്റോര്‍ണി അറിയിച്ചു.
വെള്ളം ഒഴിക്കിവിടാന്‍ നിയോഗിച്ച ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയറെ സ്ഥലംമാറ്റി കോടതി ഉത്തരവ് നടപ്പാക്കാതെ അട്ടിമറിക്കുകയാണെന്ന് പരാതിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചു.
ഇതോടെ ഏതു ഉദ്യോഗസ്ഥനെയാണ് സാങ്കേതിക വിദഗ്ദനായി നിയോഗിച്ചത്. എത്ര ലക്ഷം ലിറ്റര്‍ വെള്ളമാണ് ഒഴുക്കിവിട്ടത്. എന്നാണ് വെള്ളം ഒഴുക്കിയത് അടക്കമുള്ള വിശദ റിപ്പോര്‍ട്ട് 10 ദിവസത്തിനകം ഹാജരാക്കാന്‍ കോടതി സ്‌റ്റേറ്റ് അറ്റോര്‍ണി കെ.വി സോഹന് നിര്‍ദ്ദേശം നല്‍കി. കേസ് 13ന് വീണ്ടും പരിഗണിക്കും.

dd

ചീങ്കണ്ണിപ്പാലിയില്‍ പി.വി അന്‍വര്‍ കരാര്‍ പ്രകാരം കൈവശമാക്കിയ സ്ഥലത്ത് മലയിടിച്ചാണ് ആദിവാസികള്‍ക്ക് കുടിവെള്ളമാകേണ്ട വനത്തിലേക്കൊഴുകുന്ന കാട്ടരുവി തടഞ്ഞ് തടയണകെട്ടിയത്. ഇത് പൊളിച്ചുനീക്കാന്‍ 2015 സെപ്തംബര്‍ ഏഴിന് അന്നത്തെ കളക്ടര്‍ ടി ഭാസ്‌ക്കരന്‍ ഉത്തരവിട്ടപ്പോള്‍ തടയണകെട്ടിയ സ്ഥലം ഭാര്യാപിതാവിന്റെ പേരിലേക്ക് മാറ്റുകയായിരുന്നു. വീണ്ടും പരാതി ഉയര്‍ന്നതോടെ ദുരന്തനിവാരണ നിയമപ്രകാരം ചീങ്കണ്ണിപ്പാലിയിലെ തടയണപൊളിക്കാന്‍ 2017 ഡിസംബര്‍ എട്ടിന് മലപ്പുറം കളക്ടര്‍ അമിത് മീണ ഉത്തരവിട്ടു. തന്റെ ഭാഗം കേള്‍ക്കാതെയാണ് കളക്ടറുടെ ഉത്തരവെന്നു കാണിച്ച് അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തടയണ പൊളിക്കുന്നത് താല്‍ക്കാലികമായി സ്റ്റേ ചെയ്യുകയായിരുന്നു.
കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയില്‍ സ്വകാര്യ വ്യക്തി കെട്ടിയ തടയണ തകര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ 14 പേര്‍ മരണപ്പെട്ട സംഭവം ചൂണ്ടികാട്ടി് ജനങ്ങളുടെ ജിവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ എം.എല്‍.എയുടെ തടയണ പൊളിക്കാനുള്ള കളക്ടറുടെ ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ എം.പി വിനോദ് ഹൈക്കോടതിയിലെ കേസില്‍ കക്ഷി ചേരുകയായിരുന്നു. പരാതിക്കാരനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ ബെച്ചു കുര്യന്‍ തോമസും, അഡ്വ. ജോര്‍ജ് എ ചെറിയാനും ഹാജരായി.

Top