വയനാട്ടിലെ സ്വന്തം വോട്ട് രാഹുലിനോ? എന്ന് സോഷ്യല്‍മീഡിയ; വെട്ടിലായി പി.വി അന്‍വര്‍

മലപ്പുറം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തിപകരാന്‍ വോട്ട് ചെയ്യണം എന്ന് അഭ്യര്‍ത്ഥിച്ച് പൊന്നാനിയിലെ കോണ്‍ഗ്രസ് വോട്ടുകള്‍ നേടാന്‍ ശ്രമിച്ച ഇടതു സ്വതന്ത്രന്‍ പി.വി അന്‍വറിനെ വെട്ടിലാക്കി വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം. കോണ്‍ഗ്രസ് വോട്ടുപിടിക്കാനാണ് പൊന്നാനിയില്‍ രാഹുല്‍ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തിപകരാന്‍ വോട്ട് ചെയ്യണം എന്ന് അന്‍വര്‍ അഭ്യര്‍ത്ഥിച്ചിരുന്നത്. എന്നാല്‍ വയനാട്ടില്‍ രാഹുല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായതോടെ വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഏറനാട്ടിലെ ഒതായിയില്‍ വോട്ടുള്ള അന്‍വറിന്റെ വോട്ട് ആര്‍ക്കാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചോദ്യം ഉയരുന്നത്. നേരിട്ട് രാഹുല്‍ഗാന്ധിക്കോ അതോ ഇടതു സ്ഥാനാര്‍ത്ഥി സി.പി.ഐയിലെ പി.പി സുനീറിനോ എന്ന ട്രോളുകളും ഇറങ്ങിക്കഴിഞ്ഞു.

‘രാഹുല്‍ ഗാന്ധിക്ക് ശക്തിനല്‍കാന്‍, മതേതര ശക്തികള്‍ക്ക് ശക്തിനല്‍കാന്‍ ഈ രാജ്യത്തെ ഇടതുപക്ഷ ശക്തികളെ തന്നെയാണ് കേരളത്തിലെ ജനങ്ങള്‍ വിശ്വാസമര്‍പ്പിക്കുന്നതെന്നാണ്’ അന്‍വര്‍ പൊന്നാനിയില്‍ പ്രസംഗിച്ചത്. അന്‍വറിന്റെ നിയോജകമണ്ഡലമായ നിലമ്പൂരും വയനാട് ലോക്‌സഭാ മണ്ഡലത്തിലാണ്. പൊന്നാനിയില്‍ സ്ഥാനാര്‍ത്ഥിയായതിനാല്‍ നിലമ്പൂരിലെ പ്രചരണത്തിന് അന്‍വറിന്റെ സാന്നിധ്യവുമില്ല.

ബംഗാളില്‍ സി.പി.എം- കോണ്‍ഗ്രസ് ധാരണ തകരുകയും കേരളത്തിലെ 20 മണ്ഡലങ്ങളിലും നേര്‍ക്കുനേര്‍ മത്സരം നടക്കുകയും ചെയ്യുമ്പോഴാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തിപകരാന്‍ തന്നെ വിജയിപ്പിക്കണമെന്ന ആവശ്യവുമായി അന്‍വര്‍ രംഗത്തെത്തിയത്.മുന്‍ കോണ്‍ഗ്രസുകാരനായ അന്‍വര്‍ വിജയിച്ചുകഴിഞ്ഞാല്‍ രാഹുല്‍ഗാന്ധിക്കൊപ്പം പോകുമോ എന്ന ചോദ്യവും സോഷ്യല്‍മീഡിയ അന്ന് ഉയര്‍ത്തിയിരുന്നു.

Anwar

അരക്കോടിയുടെ ക്വാറി തട്ടിപ്പിലും എസ്‌റ്റേറ്റ് ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ച കേസുകളിലും പ്രതിയായ അന്‍വറിനെതിരെ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നത്. കക്കാടംപൊയിലില്‍ മലയിടിച്ച് നിയമംലംഘിച്ച് പണിത വാട്ടര്‍തീം പാര്‍ക്ക് കളക്ടര്‍ അടച്ചുപൂട്ടുകയും ചീങ്കണ്ണിപ്പാലിയില്‍ കാട്ടരുവിയില്‍ നിയമവിരുദ്ധമായി നിര്‍മ്മിച്ച തടയണപൊളിച്ചുനീക്കാന്‍ ഉത്തരവിടുകയും ചെയ്തു.

ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് പരിധിയില്‍ കൂടുതല്‍ ഭൂമി കൈവശം വെച്ചതിന് അന്‍വറിനെതിരെ ലാന്റ് ബോര്‍ഡ് കേസുമെടുത്തിട്ടുണ്ട്. തെറ്റായ വിവരങ്ങള്‍ നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിച്ചു, രണ്ടാം ഭാര്യയുടെ പേരും സ്വത്തുവിവരങ്ങളും മറച്ചുവെച്ചു തുടങ്ങി നിരവധി ആരോപണങ്ങള്‍ വേറെയുമുണ്ട്.

ഇതിനിടെയാണ് പൊന്നാനിയിലേക്ക് പി.വി അന്‍വറിനെ സി.പി.എം സ്വതന്ത്രനായി നിയോഗിച്ചത്. അന്‍വറിനെതിരെയുള്ള കേസുകളും ആരോപണങ്ങളും മുഖവിലക്കെടുത്ത് പകരക്കാരനെ നിര്‍ദ്ദേശിക്കാന്‍ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടെങ്കിലും പൊന്നാനി പിടിക്കാന്‍ അന്‍വറിനേ കഴിയൂ എന്ന നിലപാടിലായിരുന്നു ഇടതു കണ്‍വീനര്‍ എ. വിജയരാഘവനും സി.പി.എം ജില്ലാ നേതൃത്വവും.

നേരത്തെ നിലമ്പൂരില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിനെ പരാജയപ്പെടുത്തിയ ശേഷം ഗള്‍ഫില്‍ നല്‍കിയ സ്വീകരണത്തില്‍ ഇടതുപക്ഷം പിന്തുണ നല്‍കിയിരുന്നില്ലെങ്കിലും നിലമ്പൂരില്‍ വിജയിക്കുമായിരുന്നെന്ന അന്‍വറിന്റെ അഭിപ്രായം ഏറെ വിവാദമായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനായിരുന്ന അന്‍വര്‍ കെ.കരുണാകരന്‍ ഡി.ഐ.സി രൂപീകരിച്ചപ്പോള്‍ കോണ്‍ഗ്രസ് വിട്ട് ഡി.ഐ.സി ജില്ലാ വൈസ് പ്രസിഡന്റായി. പിന്നീട് കോണ്‍ഗ്രസിലേക്ക് മടങ്ങാതെ 2011ല്‍ ഏറനാട് മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് സ്വതന്ത്രനായി മത്സരിച്ച് രണ്ടാം സ്ഥാനം നേടിയിരുന്നു. ഇവിടെ സി.പി.എം വോട്ട് അന്‍വറിനു ലഭിച്ചപ്പോള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.പി.ഐയിലെ അഷ്‌റഫലി കാളിയത്ത് 2700 വോട്ടുമായി കെട്ടിവെച്ച കാശുപോലും കിട്ടാതെ ബി.ജെ.പിക്കും പിന്നില്‍ നാലാമനായി നാണംകെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. ഏറനാട്ടില്‍ മുസ്‌ലിം ലീഗിലെ പി.കെ ബഷീര്‍ 11246 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും വീണ്ടും സ്വതന്ത്രനായി മത്സരിച്ച അന്‍വര്‍ ഇവിടെ ഇടതുപക്ഷത്തിന്റെ തോല്‍വിക്കും കാരണക്കാരനായി. വയനാട്ടില്‍ കോണ്‍ഗ്രസിലെ എം.ഐ ഷാനവാസ്, സി.പി.ഐയിലെ സത്യന്‍മൊകേരിക്കെതിരെ 20870 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വജയിച്ചത്. സ്വതന്ത്രനായി മത്സരിച്ച അന്‍വര്‍ 37123 വോട്ടു നേടിയിരുന്നു. അന്‍വറിന്റെ വോട്ടുകള്‍ അനുകൂലമായിരുന്നെങ്കില്‍ വയനാട്ടില്‍ ഇടതുപക്ഷത്തിന് വിജയിക്കാമായിരുന്നു.

തികച്ചും അപ്രതീക്ഷിതമായാണ് സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പിനെ മറികടന്ന് പി.വി അന്‍വര്‍ 2016ല്‍ നിലമ്പൂരില്‍ ഇടത് സ്വതന്ത്രനായി എത്തിയത്. കോണ്‍ഗ്രസില്‍ കാലുവാരലുണ്ടായതോടെ ആര്യാടന്‍ ഷൗക്കത്തിനെ 11504 വോട്ടിന് തോല്‍പ്പിച്ച് അന്‍വര്‍ അട്ടിമറി വിജയം നേടുകയായിരുന്നു. നിലമ്പൂര്‍ എം.എല്‍.എയായ ശേഷം അന്‍വര്‍ നിയമലംഘനങ്ങളിലും തട്ടിപ്പുകേസുകളിലും പെട്ടാണ് വാര്‍ത്തകളില്‍ നിറഞ്ഞത്.

Top