കോടികളുടെ സ്വത്ത് വിവരം മറച്ചുവച്ച് പി.വി അന്‍വര്‍;തെളിവുകളുമായി പ്രവാസി എഞ്ചിനീയര്‍

പൊന്നാനിയിലെ ഇടതുസ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.വി അന്‍വര്‍ എം.എല്‍.എ പ്രതിയായ അരക്കോടി രൂപയുടെ തട്ടിപ്പുകേസില്‍ ഉള്‍പ്പെട്ട മംഗലാപുരത്തെ 2.6 കോടിരൂപയുടെ ക്രഷറും വസ്തുവകകളും തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ മറച്ചുവെച്ചതായി പരാതി. തട്ടിപ്പിനിരയായ പ്രവാസി എന്‍ജിനീയര്‍ മലപ്പുറം നടുത്തൊടി സലീമാണ് രേഖകള്‍ സഹിതം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

മഞ്ചേരി പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് മംഗലാപുരം ബല്‍ത്തങ്ങാടി താലൂക്കില്‍ തണ്ണീര്‍പ്പന്ത വില്ലേജില്‍ 1.87 ഏക്കര്‍ വരുന്ന തുര്‍ക്കുളാക ക്രഷര്‍ എന്ന സ്ഥാപനം പി.വി അന്‍വര്‍ 2.60 കോടി രൂപക്ക് ഇബ്രാഹിംഹാജിയില്‍ നിന്നും വിലക്കുവാങ്ങിയതായി വ്യക്തമാക്കിയിട്ടുള്ളത്. മഞ്ചേരി പോലീസ് സബ് ഇന്‍സ്പെക്ടര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ മുഖേന 23-7-2018ന് ഹൈക്കോടതിയില്‍ ഡബ്യൂ.പി.സി 11213/2018 നമ്പര്‍ കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍ ഈ ഭൂമിയും സ്വത്തുവിവരവും നാമനിദ്ദേശപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

മംഗലാപുരം ബല്‍ത്തങ്ങാടി തണ്ണീര്‍പന്തല്‍ പഞ്ചായത്തില്‍ മലോടത്ത്കരായ എന്ന സ്ഥലത്ത് നടത്തിവന്ന കെ.ഇ സ്റ്റോണ്‍ ക്രഷര്‍ എന്ന സ്ഥാപനം വിലക്കുവാങ്ങിയെന്നും 50 ലക്ഷം നല്‍കിയാല്‍ 10 ശതമാനം ഷെയറും മാസം അരലക്ഷം വീതം ലാഭവിഹിതം നല്‍കാമെന്നും പറഞ്ഞാണ് അന്‍വര്‍ സലീമില്‍ നിന്നും 50 ലക്ഷം തട്ടിയെടുത്തത്.

പരാതിയില്‍ പോലീസ് കേസെടുക്കാന്‍ തയ്യാറാകാത്തതോടെ സലീം മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പി.വി അന്‍വറിനെ പ്രതിയാക്കി മഞ്ചേരി പോലീസ് വഞ്ചനാകുറ്റക്കിന് 588/2017 ആയി കേസെടുത്തത്.ജാമ്യമില്ലാത്ത ഐ.പി.സി 420 വകുപ്പില്‍ വഞ്ചനാക്കുറ്റമാണ് പി.വി അന്‍വറിനുമേല്‍ പോലീസ് ചുമത്തിയത്.

ഏഴു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണെങ്കിലും അന്‍വറിനെ അറസ്റ്റു ചെയ്യാന്‍ പോലീസ് തയ്യാറായില്ല. തട്ടിപ്പുകേസ് സിവില്‍കേസാക്കി മാറ്റാനും പോലീസ് ശ്രമം നടത്തി. ഇതോടെ പോലീസ് കേസ് അട്ടിമറിക്കുകയാണെന്നു കാണിച്ച് സലീം ഹൈക്കോടതിയെ സമീപിച്ചു. എം.എല്‍.എ പ്രതിയായ കേസ് പോലീസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് ഗൗരവത്തിലെടുത്ത ഹൈക്കോടതി കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് ഉത്തരവിട്ടുകയായിരുന്നു.

ഇതിനെതിരെ അന്‍വര്‍ നല്‍കിയ പുനപരിശോധന ഹര്‍ജി തള്ളിയ ഹൈക്കോടതി ക്രൈം ബ്രാഞ്ചിനോട് അന്വേഷണം തുടരാനും ആവശ്യപ്പെട്ടു. ക്രൈം ബ്രാഞ്ച് എഡി.ജി.പിയുടെ നേതൃത്വത്തിലാണിപ്പോള്‍ അന്‍വറിനെതിരെ അന്വേഷണം നടക്കുന്നത്.

ബല്‍ത്തങ്ങാടിയില്‍ തുര്‍ക്കുളാകെ ക്രഷര്‍ 2016ല്‍ നിലമ്പൂരില്‍ നിന്നും പി.വി അന്‍വര്‍ നിയമസഭയിലേക്ക് മത്സരിക്കുന്നതിനും ഒരു വര്‍ഷം മുമ്പ് 2015ലാണ് സ്വന്തമാക്കിയത്. നിലമ്പൂരില്‍ നിന്നും മത്സരിക്കുമ്പോള്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയിലെ സ്വത്തുവിവരങ്ങളില്‍ നിന്നും ഇതു മറച്ചുവെച്ചിരുന്നു.
ഭൂമിയും ക്രഷറും സ്വന്തമാകുന്നതിനും മൂന്ന് വര്‍ഷം മുമ്പ് 2012ലാണ് അന്‍വര്‍ പ്രവാസിയായ നടുത്തൊടി സലീമില്‍ നിന്നും പണം തട്ടിയത്.

കേസെടുക്കാന്‍ ഉത്തരവിട്ടപ്പോള്‍ സലീമിനെ അറിയുകപോലുമില്ലെന്നായിരുന്നു പി.വി അന്‍വര്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതോടെ 10 ലക്ഷം രൂപ സലീമിന്റെ ചെക്കുവഴി അന്‍വര്‍ ബാങ്കിലൂടെ മാറ്റിയെടുത്തതിന്റെയും 2011 ഡിസംബര്‍ 30തിന് മഞ്ചേരി പീവീആര്‍ ഓഫീസില്‍വച്ച് 30 ലക്ഷം കൈമാറിയതിന്റെ അടക്കം തെളിവുകളും സലീം പോലീസിനു കൈമാറിയിരുന്നു.

പൊന്നാനിയില്‍ മത്സരിക്കാനുള്ള നാമനിര്‍ദ്ദേശ പത്രികയില്‍ അന്‍വര്‍ കാണിച്ച ഏക ക്രിമിനല്‍കേസാണ് നടുത്തൊടി സലീമില്‍ നിന്നും ക്രഷര്‍ ബിസിനസില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് 50 ലക്ഷം രൂപ തട്ടിയ കേസ്.

അന്‍വറിനെതിരെയുള്ള സി.പി.എം അനുഭാവിയായ പ്രവാസി എന്‍ജിനീയര്‍ ഇരയായ തട്ടിപ്പു കേസും സ്വത്തുവിവരം മറച്ചുവെച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയും സി.പി.എം നേതൃത്വത്തിന് പുതിയ തലവേദനയാവുകയാണ്.

കേസുകളും വിവാദങ്ങളും കണക്കിലെടുത്ത് സംസ്ഥാന നേതൃത്വം അന്‍വറിന് പകരക്കാരനെ കണ്ടെത്താന്‍ ആവശ്യപ്പെട്ടിട്ടും വിജയസാധ്യത ഉയര്‍ത്തി സി.പി.എം മലപ്പുറം ജില്ലാ നേതൃത്വവും എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനും അന്‍വറിന്റെ പേര് തന്നെ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതോടെയാണ് അന്‍വര്‍ പൊന്നാനിയില്‍ ഇടതു സ്വതന്ത്രനായത്.

പോലീസിനെയും കോടതിയെയും സമീപിക്കുന്നതിനും 11 മാസം മുമ്പെ സലീം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് അന്‍വറിന്റെ തട്ടിപ്പു സംബന്ധിച്ച് പരാതി നല്‍കിയത്. പാര്‍ട്ടിതലത്തില്‍ പരിഹാരമില്ലാതിരുന്നതോടെയാണ് കോടതിയെ സമീപിച്ചത്. സി.പി.എം സ്വതന്ത്ര എം.എല്‍.എ നടത്തിയ തട്ടിപ്പില്‍ പരിഹാരമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് കഴിയാതിരുന്നതും നേതൃത്വത്തിനെതിരെ വിമര്‍ശനമായി ഉയരുന്നുണ്ട്.

Top