ഡി.ജെ പാര്‍ട്ടിയുടെ മറവില്‍ എംഎല്‍എയുടെ കെട്ടിടത്തില്‍ ലഹരി മരുന്ന് കേന്ദ്രം!

കൊച്ചി: ആലുവ എടത്തലയില്‍ ഡി.ജെ പാര്‍ട്ടിയുടെ മറവില്‍ മദ്യ, മയക്ക്മരുന്നു കേന്ദ്രം പ്രവര്‍ത്തിച്ചത് ഇടത് സ്വതന്ത്ര എം.എല്‍.എയുടെ കെട്ടിടത്തില്‍. രാജ്യസുരക്ഷയെ ബാധിക്കുന്നതിനാല്‍ മൂന്നു നിലകള്‍ പൊളിച്ചുനീക്കണമെന്നു നാവികസേന നോട്ടീസ് നല്‍കിയ കെട്ടിടത്തിലാണ് നിയമവിരുദ്ധമായി ലഹരിപാര്‍ട്ടികള്‍ നടക്കുന്നതെന്നതാണ് ഞെട്ടിക്കുന്നത്.

എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എ.എസ് രഞ്ജിത്തിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ ഇന്നലെ ഇവിടെ നിന്നും അഞ്ചു പേരെ അറസ്റ്റു ചെയ്തിരുന്നു.

എക്‌സൈസ് സംഘം പരിശോധനക്കായി എത്തിയപ്പോള്‍ ഗോഡ്‌സ് ഓണ്‍ ബൈക്കേഴ്‌സ് മീറ്റ് എന്ന പേരില്‍ 40 സ്ത്രീകളടക്കം 150 പേര്‍പങ്കെടുക്കുന്ന ലഹരി പാര്‍ട്ടി നടക്കുകയായിരുന്നു. പാര്‍ട്ടിയുടെ പേര് പ്രിന്റ് ചെയ്ത കറുത്ത ടീ ഷര്‍ട്ടായിരുന്നു എല്ലാവരും ധരിച്ചിരുന്നത്. 20 ലിറ്റര്‍ ഇന്ത്യന്‍ വിദേശ മദ്യവും 10 ലിറ്റര്‍ ബിയറും ഇവിടെനിന്നും കണ്ടെടുത്തു.

10 ലിറ്റര്‍ മദ്യത്തിന്റെ ബാക്കി 50 കാലിക്കുപ്പികള്‍, ലഹരിവസ്തുക്കള്‍ ചുരുട്ടിവലിക്കുന്ന പ്രത്യേക കടലാസുകള്‍ എന്നിവയും ലഭിച്ചു. 1500 രൂപ വീതം പ്രവേശന ഫീസ് വാങ്ങിയായിരുന്നു ഡി.ജെ പാര്‍ട്ടി. പണിപൂര്‍ത്തിയാവാത്ത കെട്ടിടത്തിന്റെ ഉള്ളില്‍ ഡാന്‍സ് ബാറുകളെ കടത്തിവെട്ടുന്ന രീതിയിലുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്.

ലൈറ്റിങ് സംവിധാനവും പെഗ് ഒഴിക്കുന്ന ഉപകരണങ്ങളുമടക്കം നക്ഷത്ര ബാറിന്റെ സൗകര്യങ്ങളെല്ലാം ഇവിടെയുണ്ടായിരുന്നു. ബാറുകളില്‍ പെഗിന് 200 രൂപ വിലവരുന്ന മദ്യം 80 രൂപക്കാണ് പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്‍കിയത്. രജിസ്‌ട്രേഷന്‍ ഫീസായി ഈടാക്കിയ 1500 രൂപയില്‍ നിന്നാണ് മദ്യത്തിന്റെയും ഭക്ഷണത്തിന്റെയും വില ഈടാക്കുന്നത്. സംഗീതത്തിനനുസരിച്ച് ഡാന്‍സ് മുറുകുമ്പോള്‍ ക്ഷീണംവരാതിരിക്കാന്‍ ലഹരിമരുന്നു ഉപയോഗിച്ചിരുന്നുവെന്നാണ് എക്‌സൈസിനു ലഭിച്ച വിവരം. അതീവരഹസ്യമായാണ് ലഹരി പാര്‍ട്ടി സംഘടിപ്പിക്കുന്നത്.

പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈനില്‍ അപേക്ഷപൂരിപ്പിച്ചു നല്‍കണം. ഇവരുടെ പശ്ചാത്തലം അന്വേഷിച്ച് ഉറപ്പിച്ചിട്ടേ ബാങ്ക് അക്കൗണ്ടില്‍ പണം അടപ്പിക്കൂ. പാര്‍ട്ടി തുടങ്ങുന്നതിന് മണിക്കൂറുകള്‍ മുമ്പുമാത്രമാണ് ഒത്തുകൂടേണ്ട സ്ഥലം അറിയിക്കുക. എം.എല്‍.എയുടെ കെട്ടിടത്തില്‍ മുമ്പും ലഹരിപാര്‍ട്ടികള്‍ നടത്തിയിരുന്നതായും എക്‌സൈസ് സംഘത്തിന് വിവരംലഭിച്ചിട്ടുണ്ട്.

നേരത്തെ ജോയ് മാത്യു എന്നയാളുടെ സ്വകാര്യ റിസോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം 2006ലാണ് എം.എല്‍.എ സ്വന്തമാക്കിയത്. എം.എല്‍.എ ഡയറക്ടറായ പീവീആര്‍ റയല്‍റ്റേഴ്‌സ് എന്ന കമ്പനിയുടെ പേരിലാണ് 11.5 ഏക്കറില്‍ മൂന്നു ലക്ഷം ചതുരശ്രഅടിയില്‍ എട്ടുനിലകെട്ടിടമുള്ളത്. നാവികസേനയുടെ ആയുധസംഭരണ കേന്ദ്രത്തിന്റെയും വയര്‍ലസ് ഡിപ്പോയുടെയും തൊട്ടടുത്താണ് പഞ്ചായത്തിന്റെ അനുമതിപോലുമില്ലാതെ കെട്ടിടം നിര്‍മ്മിച്ചത്. എട്ടുനില കെട്ടിടത്തിന്റെ മൂന്നുനിലകളൊഴികെയുള്ളവ പൊളിച്ചുനീക്കണമെന്ന് നാവികസേന നോട്ടീസ് നല്‍കിയിട്ടും എം.എല്‍.എ ചെവിക്കൊണ്ടിട്ടില്ല. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ബില്ലബോങ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സുരക്ഷാകാരണങ്ങള്‍ പറഞ്ഞ് നാവികസേന പൂട്ടിച്ചിരുന്നു.

ദേശസുരക്ഷയെപ്പോലും വെല്ലുവിളിച്ച് നിയമംലംഘിച്ച പണിത കെട്ടിടത്തില്‍ ലഹരി മരുന്ന് ഡി.ജെ പാര്‍ട്ടിയുടെ താവളമാക്കിയത് പുതിയ വിവാദത്തിന് തിരികൊളുത്തുകയാണ്.

Top