പൊതു സമൂഹത്തിൽ ഇടതുപക്ഷത്തെ നാണം കെടുത്തി നിലമ്പൂർ എം.എൽ.എ

വസരവാദിയും ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന എം.എല്‍.എയുമായ പി.വി അന്‍വറിനെ സ്ഥാനാര്‍ത്ഥിയാക്കിയതാണ് ഇടതുപക്ഷം ഈ തെരഞ്ഞെടുപ്പില്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്.

ഏത് ഉന്നത നേതാവ് അന്‍വറിന് വേണ്ടി വക്കാലത്തുമായി വന്നാലും കടക്ക് പുറത്ത് എന്ന് പറയാനുള്ള ചങ്കൂറ്റം സി പി.എം സംസ്ഥാന കമ്മറ്റിയിലെ അംഗങ്ങള്‍ കാണിക്കണമായിരുന്നു.

ഇത്രയും ഗുരുതരമായ ആരോപണം നേരിടുന്ന, ധിക്കാരിയായ ഒരാള്‍ക്ക് വീണ്ടും ഒരവസരം ജനങ്ങള്‍ നല്‍കും എന്ന സി.പി.എം കണക്ക് കൂട്ടലുകള്‍ തന്നെ മണ്ടത്തരമായിരുന്നു.

അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം പൊന്നാനിയില്‍ മാത്രമല്ല കേരളത്തിലെ സകല മണ്ഡലങ്ങളിലും ചര്‍ച്ചാ വിഷയമായിട്ടുണ്ട്. സാധാരണ ഒരു രാഷ്ട്രീയ പാര്‍ട്ടിയും തിരഞ്ഞെടുപ്പ് കാലത്ത് എടുക്കാത്ത റിസ്‌ക്കാണ് സിപിഎം എടുത്തത്.

ഇടതുപക്ഷത്തിനെതിരായി അല്ല, അന്‍വറിനെതിരായ ജനവിധിയാണ് യഥാര്‍ത്ഥത്തില്‍ പൊന്നാനിയില്‍ ഉണ്ടാകാന്‍ പോകുന്നത്. ഇത് ഉറപ്പിക്കാന്‍ ഫലം വരുന്നവരെ കാത്തിരിക്കണമെന്നില്ല. അന്‍വറിന്റെ പ്രതികരണത്തില്‍ നിന്നു തന്നെ ഇപ്പോള്‍ വ്യക്തമാണ്. പൊന്നാനിയില്‍ പരാജയപ്പെട്ടാല്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കുമെന്നാണ് അന്‍വര്‍ വീരവാദം മുഴക്കിയിരുന്നത്. എന്നിട്ടിപ്പോള്‍ വോട്ട് പെട്ടിയിലായപ്പോള്‍ മലക്കം മറിഞ്ഞിരിക്കുകയാണ് ഈ വിരുതന്‍.

താന്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കുമെന്ന് ആരും മനപ്പായസമുണ്ണേണ്ടന്നാണ് അന്‍വറിന്റെ പുതിയ പ്രതികരണം.

രാഷ്ട്രീയത്തില്‍ ജനപ്രതിനിധികള്‍ പാലിക്കേണ്ട ചില സാമാന്യ മര്യാദകളുണ്ട്. അത് പാലിക്കാന്‍ പറ്റാത്തവരെ ചുമന്നാല്‍ ചുമക്കുന്നവരും നാറും. ഇക്കാര്യം സി.പി.എം നേതൃത്വം ഓര്‍ക്കുന്നത് നല്ലതാണ്. പൊന്നാനിയില്‍ തോറ്റാന്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കുമെന്ന് പറഞ്ഞാല്‍, അത് ചെയ്യുകയാണ് വേണ്ടത്. എന്നാല്‍, അത് നടക്കില്ലെന്ന് പ്രഖ്യാപിച്ചതിലൂടെ സ്വന്തം വിശ്വാസ്യത തന്നെയാണ് അന്‍വര്‍ ചോദ്യം ചെയ്തിരിക്കുന്നത്.

എത്രയോ കഴിവുറ്റ നേതാക്കള്‍ പൊന്നാനി മണ്ഡലത്തില്‍ തന്നെ സി.പി.എമ്മിന് ഉണ്ടായിരുന്നു. മത്സ്യമേഖലയില്‍ വന്‍ സ്വാധീനമുള്ള കൂട്ടായി ബഷീറിനെ പോലുള്ളവര്‍. ഇത്തരം ജനനേതാക്കളെ തഴഞ്ഞാണ് അന്‍വറിനെ നിലമ്പൂരില്‍ നിന്നും കെട്ടിയിറക്കിയത്. ഇടതുപക്ഷ അനുഭാവികളെ പോലും അമ്പരിപ്പിച്ച തീരുമാനമായിരുന്നു അത്.

cpm

എന്തിനു വേണ്ടി ? ആര്‍ക്കു വേണ്ടി ? ആരുടെ സമ്മര്‍ദ്ദത്തില്‍ ഈ തീരുമാനമെടുത്തു? ഈ ചോദ്യങ്ങള്‍ക്കൊക്കെയുള്ള ഉത്തരങ്ങള്‍ ഇനി പുറത്ത് വരാനിരിക്കുന്നതേയൊള്ളൂ. എന്തായാലും ഈ ചോദ്യങ്ങള്‍ പൊന്നാനി ലോകസഭ മണ്ഡലത്തിലെ വോട്ടെണ്ണി തീരുമ്പോള്‍ സി.പി.എമ്മിനകത്തു തന്നെ പൊട്ടിത്തെറിയ്ക്ക് കാരണമാകും.

മുന്‍കാലങ്ങളില്‍ ജനഹിതം മാനിച്ച് ഏറ്റവും മിടുക്കരായ സ്ഥാനാര്‍ത്ഥികളെ ആയിരുന്നു സി.പി.എമ്മും മറ്റ് ഇടതുപക്ഷ പാര്‍ട്ടികളും തെരെഞ്ഞെടുക്കാറുള്ളത്. എന്നാല്‍ അടുത്ത കാലങ്ങളിലായി ഈ നിലപാടില്‍ പ്രകടമായ മാറ്റങ്ങളാണ് വന്നിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനമെന്താണെന്ന കാര്യം സി.പി.എം നേതൃത്വമാണ് ഇനി വിശദീകരിക്കേണ്ടത്.

സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതില്‍ മാത്രമല്ല, കൂട്ട് കൂടുന്ന കാര്യത്തിലും ഗുരുതരമായ പിഴവ് സി.പി.എമ്മിന് സംഭവിച്ചു. വെള്ളാപ്പള്ളി നടേശന്‍ തന്നെ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്.

സ്വന്തം സമുദായത്തിലെ പോലും ബഹുഭൂരിപക്ഷവും അംഗീകരിക്കാത്ത വ്യക്തിയെ നവോത്ഥാന പോരാട്ടത്തിന്റെ മുന്നണി പോരാളി ആക്കിയാല്‍ അത് കേരളം അംഗീകരിക്കില്ലന്ന് ഓര്‍ക്കണമായിരുന്നു. സി.പി.എം അണികള്‍ പോലും അംഗീകരിക്കാത്ത സമുദായ നേതാവാണ് വെള്ളാപ്പള്ളി. അച്ഛനും മകനും പയറ്റുന്നത് അവസരവാദ രാഷ്ട്രീയമാണെന്ന് തുറന്ന് പറഞ്ഞവര്‍ തന്നെ ചുവപ്പ് പരവതാനി വെള്ളാപ്പള്ളിക്ക് വിരിക്കരുതായിരുന്നു.

സകല ജാതി മത ശക്തികളോടും പടവെട്ടിയാണ് ഈ മണ്ണിനെ കമ്യൂണിസ്റ്റുകള്‍ ചുവപ്പിച്ചത്. അല്ലാതെ ഇത്തരം ശക്തികളെ കൂട്ട് പിടിച്ചല്ല. ഇക്കാര്യം സി.പി.എം നേതാക്കള്‍ മറന്നാലും നാട്ടിലെ ജനങ്ങള്‍ മറക്കുകയില്ല.

ജനങ്ങളോട് പ്രതിബദ്ധത ഉള്ളവരായിരിക്കണം രാഷ്ട്രീയ പാര്‍ട്ടികള്‍. ഏതെങ്കിലും ഒരു സാമുദായിക നേതാവിനോ സമ്പന്നനോ സ്വാധീനിക്കാന്‍ പറ്റുന്നതാവരുത് ഒരു ഭരണകൂടവും. പ്രത്യേകിച്ച് കമ്യൂണിസ്റ്റുകള്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാറുകള്‍. ജനങ്ങള്‍ അത് ആഗ്രഹിക്കുന്നുണ്ട്. അതുപോലെ തന്നെ ജനപ്രതിനിധികളാകേണ്ടതും കളങ്കിതരല്ല, സത്യസന്ധരാവണം.

സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമ്പോള്‍ നൂറ് വട്ടം ചിന്തിക്കേണ്ട കാര്യമായിരുന്നു അത്. ദൗര്‍ഭാഗ്യവശാല്‍ പൊന്നാനിയില്‍ ഇക്കാര്യത്തില്‍ സി.പി.എമ്മിന് പിഴവ് പറ്റി. ആ പിഴവ് സി.പി.എം നേതൃത്വത്തിന് ബോധ്യപ്പെടാന്‍ ഫലപ്രഖ്യാപനം വരെ കാത്തിരിക്കേണ്ടി വരുമെന്ന് മാത്രം.

express view

Top