റീബില്‍ഡ് നിലമ്പൂരിനായി സര്‍ക്കാറാണ് ധനവിനിയോഗം നടത്തേണ്ടത് അന്‍വറല്ല

പ്രളയ ദുരിതാശ്വാസ ക്യാമ്പിലേക്ക് അരി കൊണ്ടുവരാന്‍ ഓമനക്കുട്ടന്‍ വാങ്ങിയ 75 രൂപ വിവാദമാക്കിയവര്‍ നിലമ്പൂരിലേക്ക് ഇപ്പോളൊന്ന് നോക്കണം. സി.പി.എം പിന്തുണയോടെ വിജയിച്ച സ്വതന്ത്ര എം.എല്‍.എ അവിടെ കാട്ടിക്കൂട്ടുന്നത് എന്താക്കെയാണെന്ന് കേരളം അറിയണം. റീബില്‍ഡ് നിലമ്പൂരിന്റ പേരില്‍ 3,000 കോടി ബജറ്റില്‍ നടത്തുന്ന പണപ്പിരിവിനെ കുറിച്ച് ആഴത്തിലുള്ള ഒരു അന്വേഷണം തന്നെ അനിവാര്യമാണ്.

പി.വി അന്‍വര്‍ എം.എല്‍.എയുടെയും പോത്തുകല്‍ പഞ്ചായത്ത് പ്രസിഡന്റ് കരുണാകരന്‍പിള്ളയുടെയും പേരില്‍ എടക്കര എസ്.ബി.ഐ ബ്രാഞ്ചില്‍ ജോയിന്റ് അക്കൗണ്ട് തുടങ്ങിയാണിപ്പോള്‍ പണപ്പിരിവ് നടത്തുന്നത്. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ സര്‍ക്കാരും സി.പി.എമ്മും ആവശ്യപ്പെടുമ്പോഴാണ് സി.പി.എം സ്വതന്ത്ര എം.എല്‍.എ തന്നെ സ്വന്തം പേരിലുള്ള ജോയിന്റ് അക്കൗണ്ടുവഴി പണം പിരിക്കുന്നത്.

സര്‍ക്കാര്‍ തലത്തിലോ സി.പി.എം പാര്‍ട്ടി തലത്തിലോ എം.എല്‍.എയുടെ ജോയിന്റ് അക്കൗണ്ടില്‍ പണംപിരിച്ച് പുനരധിവാസ പ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ചിരുന്നില്ല. ആഗസ്റ്റ് 11ന് പോത്തുകല്ലിലും 15ന് മലപ്പുറത്തും ജില്ലയിലെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയുള്ള മന്ത്രി കെ.ടി ജലീലിന്റെ നേതൃത്വത്തില്‍ വിളിച്ച രണ്ടു അവലോകന യോഗങ്ങളിലും ഈ എം.എല്‍.എ പങ്കെടുത്തിരുന്നുമില്ല.

റീബില്‍ഡ് നിലമ്പൂരിനായി എം.എല്‍.എയുടെ പേരില്‍ ജോയിന്റ് അക്കൗണ്ട് തുടങ്ങുന്നതിനെക്കുറിച്ച് ഈ യോഗങ്ങളില്‍ ആരും തന്നെ ചര്‍ച്ചയും ചെയ്തിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ പോത്തുകല്ലില്‍ നടന്ന യോഗത്തിലും എം.എല്‍.എയുടെ അക്കൗണ്ടില്‍ ഫണ്ട് പിരിക്കാന്‍ അനുമതി നല്‍കിയിട്ടില്ല.

പോത്തുകല്ലില്‍ പി.വി അന്‍വര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തിലാണ് റീബില്‍ഡ് നിലമ്പൂരിനായി കമ്മിറ്റിയുണ്ടാക്കിയത്. പി.വി അബ്ദുള്‍വഹാബ് എം.പിയെ ഇതിന്റെ രക്ഷാധികാരിയുമാക്കി. പുനരധിവാസ പ്രവര്‍ത്തനത്തിന് ആദ്യ ഗഡുവായി എം.എല്‍.എ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് എം.എല്‍.എയുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും പേരില്‍ അക്കൗണ്ട് തുറന്നിപ്പോള്‍ പണപ്പിരിവാരംഭിച്ചിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് വീഡിയോയില്‍ 3,000 കോടി മുതല്‍ 4,000 കോടി രൂപയുടെ നാശനഷ്ടങ്ങളാണ് നിലമ്പൂരില്‍ സംഭവിച്ചതെന്നാണ് എം.എല്‍.എ വിശദീകരിച്ചിരിക്കുന്നത്. നിലമ്പൂരിലെ കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ 59 പേര്‍ മരണപ്പെടുകയും ആയിരത്തിലേറെ വീടുകള്‍ തകരുകയും പാലങ്ങളും റോഡുകളും നശിക്കുകയും ചെയ്തിട്ടുണ്ട്.

ഇതുവരെ നഷ്ടത്തിന്റെ യഥാര്‍ത്ഥ കണക്ക് റവന്യൂവകുപ്പ് പോലും പുറത്തുവിട്ടിട്ടില്ല. വില്ലേജ് ഓഫീസര്‍, കൃഷി ഓഫീസര്‍ എന്നിവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് ക്രോഡീകരിച്ചാണ് ജില്ലാ കളക്ടര്‍ നാശനഷ്ടങ്ങളുടെ കണക്ക് ഔദ്യോഗികമായി പുറത്തുവിടുക. ഏതായാലും ഇത് 1,000 കോടിയുടെ അടുത്തുപോലും വരില്ലെന്നാണ് റവന്യൂവകുപ്പിലെ തന്നെ ഉദ്യോഗസ്ഥര്‍ അനൗദ്യോഗികമായി ചൂണ്ടിക്കാണിക്കുന്നത്. പിന്നെ 3,000 മുതല്‍ 4,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി എം.എല്‍.എ വെളിപ്പെടുത്തിയത് എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലെന്നതാാണ് ഉയരുന്ന ചോദ്യം.

റീബില്‍ഡ് നിലമ്പൂര്‍ യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ പാക്കേജായാണ് പ്രഖ്യാപിക്കേണ്ടത്. ഇതിന് സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ സഹായവും വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ ഏകോപനവുമാണ് ആവശ്യമായുള്ളത്.ഈ പദ്ധതിയുടെ നോഡല്‍ ഓഫീസറായി കുറഞ്ഞത് തഹസില്‍ദാര്‍ റാങ്കിലെങ്കിലുമുള്ള ഉദ്യോഗസ്ഥന്‍ വരികയും വേണം. അല്ലാതെ എം.എല്‍.എയുടെ ജോയിന്റ് അക്കൗണ്ടില്‍ പണം പിരിച്ച് ഒരിക്കലും ഇത് നടപ്പാക്കാനാവില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിനു സമാന്തരമായി എം.എല്‍.എ ഫണ്ടുപിരിച്ച് പുനരധിവാസ പ്രവര്‍ത്തനം നടത്തിയാല്‍ അത് കീഴ് വഴക്കമാവുകയും മറ്റ് എം.എല്‍.എമാരും ഈ വഴി പിന്തുടരുകയും ചെയ്യും. ഇതോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിന്റെ വിശ്വാസ്യത തന്നെ തകരുന്ന അവസ്ഥയാണുണ്ടാകാന്‍ പോകുന്നത്.

നിലവില്‍ പ്രതിപക്ഷനേതാവിന്റെ ശമ്പളം പോലും പ്രളയപുനരധിവാസ പ്രവര്‍ത്തനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് നല്‍കിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ പണം നല്‍കരുതെന്ന് പ്രചരണം നടത്തുവര്‍ എം.എല്‍.എയുടെ ഫണ്ട് പിരിവ് ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ കടന്നാക്രമിക്കാനും സാധ്യതയേറെയാണ്.

മാത്രമല്ല, നിലമ്പൂരില്‍ അന്‍വര്‍ പിരിച്ചെടുക്കുന്ന പണത്തിന്റെ ഉത്തരവാദിത്വം സി.പി.എം നേതൃത്വത്തിന് ഏറ്റെടുക്കേണ്ടിയും വരും. ഏതുതരത്തിലുള്ള റീബില്‍ഡാണ് നിലമ്പൂരില്‍ നടപ്പാക്കുകയെന്ന് സര്‍ക്കാരിനും ഇനി വ്യക്തമാക്കേണ്ടി വരും.

എം.എല്‍.എക്കൊപ്പം റീബില്‍ഡ് നിലമ്പൂരിന്റെ ജോയിന്റ് അക്കൗണ്ടിലുള്ള പോത്തുകല്‍ പഞ്ചായത്ത് പ്രസിഡന്റ് കരുണാകരന്‍പിള്ള നേരത്തെ കോണ്‍ഗ്രസിന്റെ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചു വിജയിച്ച് പഞ്ചായത്ത് പ്രസിഡന്റായ കരുണാകരന്‍പിള്ള എം.എല്‍.എയുടെ പക്ഷത്തേക്ക് കാലുമാറിയാണ് ഇടതുപിന്തുണയോടെയിപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റായിരിക്കുന്നത്.

കൂറുമാറ്റ നിയമപ്രകാരം കരുണാകരന്‍പിള്ളയെ അയോഗ്യനാക്കാന്‍ കോണ്‍ഗ്രസ് നിലവില്‍ നിയമനടപടിയും ആരംഭിച്ചിട്ടുണ്ട്. കരുണാകരന്‍പിള്ളയ്ക്ക് അയോഗ്യത വരുമ്പോള്‍ റീബില്‍ഡ് നിലമ്പൂരിന്റെ പ്രവര്‍ത്തനവും പ്രതിസന്ധിയിലാകും. മംഗലാപുരത്ത് ക്രഷര്‍ ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പ്രവാസി എന്‍ജിനീയര്‍ നടുത്തൊടി സലീമില്‍ നിന്നും 50 ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതിയാണ് പി.വി അന്‍വര്‍ എം.എല്‍.എ.

പോലീസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി അന്‍വറിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് നേരത്തെ ഉത്തരവിട്ടിരുന്നു. ഹൈക്കോടതി ഉത്തരവിനെതുടര്‍ന്ന് അന്‍വറിനെതിരെ ജാമ്യമില്ലാവകുപ്പു പ്രകാരം വഞ്ചനാകുറ്റം ചുമത്തി ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒരു നിയമവും പാലിക്കാതെ സ്വന്തം നിലയ്ക്ക് മലയിടിച്ച് കാട്ടരുവി തടഞ്ഞ് തടയണ കെട്ടിയ സംഭവത്തിലും വിവാദ നായകനാണദ്ദേഹം. ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ഈ തടയണ പൊളിച്ച് വെള്ളം തുറന്നു വിടാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പലതവണ ഉത്തരവിട്ടിരുന്നു. ഒടുവില്‍ മലപ്പുറം കളക്ടറുടെ നേതൃത്വത്തിലാണ് ഒരു ഭാഗം പൊളിച്ച് വെള്ളം തുറന്നു വിട്ടിരുന്നത്. ഈ പ്രളയത്തിലും തടയണയില്‍ വെള്ളം നിറഞ്ഞതു കണ്ട് ഈ ദുരന്തം കൊണ്ടും പാഠം പഠിച്ചില്ലേ എന്ന് ഹൈക്കോടതിക്ക് പോലും ചോദിക്കേണ്ടിയും വന്നിരുന്നു.

കക്കാടംപൊയിലില്‍ മലയിടിച്ച് എം.എല്‍.എയുടെയും രണ്ടാം ഭാര്യയുടെയും ഉടമസ്ഥതയില്‍ പണിത വാട്ടര്‍തീം പാര്‍ക്കിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കണമെന്ന് കോഴിക്കോട് കളക്ടര്‍ ഒരു വര്‍ഷം മുമ്പ് റിപ്പോര്‍ട്ട് നല്‍കിയിട്ടും ഇതുവരെ അതും പാലിക്കപ്പെട്ടിട്ടില്ല.

ഹൈക്കോടതി പൊളിക്കാന്‍ ഉത്തരവിട്ട തടയണക്കു കുറുകെ റസ്റ്റോറന്റിന്റെ പേരില്‍ ബില്‍ഡിങ് പെര്‍മിറ്റെടുത്ത് റോപ് വേ കെട്ടാനും അദ്ദേഹം ധൈര്യം കാട്ടി. ഇതു വാര്‍ത്തയായപ്പോള്‍ യാതൊരു സങ്കോചവുമില്ലാതെ ഇതാണ് എന്റെ രീതിയെന്നും പിഴയടച്ച് ക്രമവല്‍ക്കരിക്കുമെന്നും പറഞ്ഞ് നിയമത്തെയും അന്‍വര്‍ വെല്ലുവിളിച്ചു.

കഴിഞ്ഞ വര്‍ഷം 483 പേരുടെ ജീവനെടുത്ത കേരളത്തിനെ കണ്ണീരിലാഴ്ത്തിയ മഹാപ്രളയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ ‘മണ്ണിടിച്ചതുകൊണ്ടും തടയണകെട്ടിയതും കൊണ്ടല്ല ഉരുള്‍പൊട്ടലെന്നും, ഒരു കൈക്കോട്ടോ ജെ.സി.ബിയോ എത്താത്ത ഡീപ് ഫോറസ്റ്റുകളില്‍ ഉരുള്‍പൊട്ടലുണ്ടായത് മണ്ണിടിച്ചിട്ടാണോ’ എന്നും ചോദിച്ച് അന്‍വര്‍ ന്യായീകരിച്ചിരുന്നു.

‘മണ്ണിടിച്ചിട്ടോ തടയണകെട്ടിയിട്ടോ ആണോ കാടുകളില്‍ ഉരുള്‍പൊട്ടലുണ്ടാകുതെന്ന് ചോദിക്കുന്ന മാഫിയകളെ നിയമപരമായാണ് നേരിടേണ്ടതെന്നാണ്’ ഇതിന് വി.എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ മറുപടി നല്‍കിയിരുന്നത്. വി.എസിന്റെ വാക്കുകള്‍ക്കൊപ്പമാണ് അന്ന് കേരളീയ പൊതുസമൂഹവും നിലകൊണ്ടിരുന്നത്.

ഇപ്പോള്‍ നിലമ്പൂരിലെ പ്രളയദുരിതത്തിന്റെ പേരില്‍ എംഎല്‍.എയും സംഘവും ജോയിന്റ് അക്കൗണ്ട് തുറന്ന് പണപ്പിരിവുമായെത്തുമ്പോള്‍ എം.എല്‍.എയുടെ ഫണ്ടിലേക്കാണോ അതോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണോ സംഭാവന ചെയ്യേണ്ടതെന്ന വലിയ ചോദ്യമാണുയരുന്നത്. ജനങ്ങളുടെ ഈ ചോദ്യത്തിന് സര്‍ക്കാരും സി.പി.എം നേതൃത്വവുമാണ് ഇനി മറുപടി പറയേണ്ടത്.

Political Reporter

Top