ശബരിമല തീര്‍ത്ഥാടന കാലത്ത് ഭക്ഷണശാലകളില്‍ കര്‍ശന പരിശോധനയെന്ന് മന്ത്രി

thilothaman

തിരുവനന്തപുരം : ശബരിമല തീര്‍ത്ഥാടന കാലത്ത് ഭക്ഷണശാലകളില്‍ കര്‍ശന പരിശോധന ഉറപ്പാക്കുമെന്ന് മന്ത്രി പി തിലോത്തമന്‍. സിവില്‍ സപ്ലൈസ്, ഭക്ഷസുരക്ഷ, ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരും ജില്ലാ കളക്ടറും പങ്കെടുത്ത യോഗത്തിലാണ് സസ്യാഹാരം വില്‍ക്കുന്ന ഹോട്ടലുകളില്‍ കഴിഞ്ഞ വര്‍ഷത്തെ വില നിലവാരം തുടരാന്‍ തീരുമാനമായത്.

എട്ട് കറികള്‍ ഉള്‍പ്പെടുന്ന കുത്തരി ഊണിന് അറുപത് രൂപയും, ആന്ധ്ര ഊണിന് അറുപത്തിയഞ്ച് രൂപയുമാണ് വില. കഞ്ഞിക്ക് മുപ്പത്തിയഞ്ച് രൂപയും ചായയ്ക്കും കാപ്പിക്കും പത്ത് രൂപയും തുടരും. ഇഡ്ഢലി, ദോശ, അപ്പം, ചപ്പാത്തി തുടങ്ങിവയ്ക്ക് എട്ട് രൂപ എന്നിങ്ങനെയാണ് നിരക്ക്. എരുമേലി ഉള്‍പ്പെടെ കോട്ടയം ജില്ലയിലെ എല്ലായിടത്തും ഏകീകൃത നിരക്കാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നിയന്ത്രണം നടപ്പാക്കാന്‍ കര്‍ശന പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു.

ഭക്ഷ്യവസ്തുക്കളിലെ മായവും, അളവ് തൂക്കവും വിലയും പരിശോധിക്കാന്‍ പ്രത്യേക സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും. സിവില്‍ സപ്ലൈസ് ഔട്ട് ലെറ്റുകള്‍ വഴിയും, റേഷന്‍ കടകള്‍ വഴിയും പതിനൊന്ന് രൂപയ്ക്ക് കുപ്പിവെള്ളവും എത്തിക്കും. പാചക വാതക ലഭ്യതയില്‍ ഉള്‍പ്പെടെ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോട്ടയത്തിന് പുറമെ, പത്തനംതിട്ട ,ആലപ്പുഴ ജില്ലകളിലും സസ്യാഹാരം വില്‍ക്കുന്ന ഹോട്ടലുകളിലും വില നിയന്ത്രണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top