മലയാളി നഴ്സുമാര്‍ യുകെയില്‍ കുടുങ്ങിയ സംഭവം; നോര്‍ക്ക ഇടപെടലിനെ ഇകഴ്ത്താന്‍ ശ്രമമെന്ന് ശ്രീരാമകൃഷ്ണന്‍

സ്വകാര്യ റിക്രൂട്ടിങ് ഏജന്‍സിയുടെ ചതിയില്‍ യു.കെ യില്‍ മലയാളി നഴ്സുമാര്‍ കുടുങ്ങിയ സംഭവത്തിൽ നോര്‍ക്ക ഇടപെടലിനെ ഇകഴ്ത്താന്‍ ബോധപൂര്‍പ്പമായ ശ്രമം നടക്കുന്നുവെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ആരോപിച്ചു. സംസ്ഥാന പോലീസ് ഡി.ജി.പി യ്ക്ക് നല്‍കിയ കത്തില്‍ ആരോപണം നേരിടുന്ന സ്ഥാപനത്തേയും വ്യക്തിയേയും സംബന്ധിച്ച് വ്യക്തമായി സൂചിപ്പിക്കുന്നുണ്ടെന്നും പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പ്രസ്തുത കത്തും പേരുകളും അദ്ദേഹം പരസ്യപ്പെടുത്തി.

എറണാകുളത്തെ ‘അഫീനിക്‌സ്’ (Affiniks) എന്ന സ്ഥാപനത്തിനും ഏജന്റായ ലിന്റോ തോമസ് എന്ന വ്യക്തിക്കെതിരെയുമാണ് നോര്‍ക്ക പരാതി നല്‍കിയിട്ടുളളത്. ഇക്കാര്യത്തില്‍ കൂടുതല്‍ തെറ്റിദ്ധാരണ ഒഴിവാക്കുന്നതിനാണ് കത്തും പേരുകളും പരസ്യപ്പെടുത്തുന്നതെന്നും പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.

എന്നാല്‍, കൊച്ചിയിലെ സ്വകാര്യ ഏജന്‍സിയുടെ പേര് നോര്‍ക്ക വാര്‍ത്താകുറിപ്പില്‍ നല്‍കിയില്ലെന്ന ആരോപണം ഉന്നയിച്ച് ഇടപെടലിനെ അപകീര്‍ത്തിപെടുത്താന്‍ ചില മാധ്യമങ്ങള്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ശ്രീരാമകൃഷ്ണന്‍ സൂചിപ്പിച്ചു. ഡി.ജി.പി യ്ക്ക് നല്‍കിയ കത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കോ വ്യക്തികള്‍ക്കോ ലഭ്യമാകുന്നതുമായിരുന്നു. ഇതെല്ലാം മറച്ചുവച്ചാണ് നഴ്സുമാരെ സഹായിക്കാന്‍ ഇടപെടുന്ന നോര്‍ക്കയെ അപകീര്‍ത്തിപെടുത്താന്‍ ശ്രമം നടക്കുന്നതെന്നും ശ്രീരാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

കൊച്ചിയിലെ സ്വകാര്യ ഏജന്‍സി വഴി യു.കെ യില്‍ നഴ്സായി പോയവരെ വാഗ്ദാനം നല്‍കിയ ജോലി ലഭ്യമാക്കാതെ കബളിപ്പിച്ചതായും തുടര്‍ന്ന് ഉദ്യോഗാര്‍ത്ഥികള്‍ ദുരിതത്തിലായതായും മാധ്യമ വാര്‍ത്തകളിലൂടെ അറിഞ്ഞത്, ഇതേതുടര്‍ന്നാണ് സ്വമേധയാ ഇടപെടാന്‍ നോര്‍ക്ക റൂട്ട്സ് തീരുമാനിച്ചതെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

Top