ഗവര്‍ണറെ തടഞ്ഞത് നടക്കാന്‍ പാടില്ലാത്ത നടപടി, പ്രതിപക്ഷത്തെ എതിര്‍ത്ത് സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗത്തിന് എത്തിയ ഗവര്‍ണറെ തടഞ്ഞ പ്രതിപക്ഷത്തിന്റെ നടപടിയെ എതിര്‍ത്ത് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ഇത് സംഭവിക്കാന്‍ പാടില്ലാത്ത കാര്യമായിരുന്നെന്നും എന്നാല്‍ പ്രതിപക്ഷത്തിനെതിരെ നടപടിയെടുക്കണമോ എന്ന കാര്യം ആലോചിച്ചിട്ടില്ല എന്നും സ്പീക്കര്‍ പറഞ്ഞു.

അതേസമയം തങ്ങളെ വാച്ച് ആന്‍ഡ് വാര്‍ഡ് കൈയേറ്റം ചെയ്തതായി പ്രതിപക്ഷാംഗങ്ങള്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് സ്പീക്കര്‍ അറിയിച്ചു. മാത്രമല്ല പ്രതിപക്ഷത്തിന്റെ പരാതി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബലംപ്രയോഗം കൂടാതെ ഗവര്‍ണര്‍ ഉള്‍പ്പടെയുളളവര്‍ക്ക് വഴിയൊരുക്കാനുള്ള നിര്‍ദേശമാണ് വാച്ച് ആന്‍ഡ് വാര്‍ഡിന് കൊടുത്തിരുന്നത്. എന്നാല്‍ അത് തെറ്റിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അന്വേഷണം നടത്തും എന്നാണ് സ്പീക്കര്‍ പറഞ്ഞത്.

മന്ത്രിസഭ അംഗീകരിച്ച പോളിസിയാണ് ഗവര്‍ണര്‍ സഭയെ അറിയിക്കുന്നത്. അതിന് മാറ്റം വരുത്താന്‍ മുന്‍കാലങ്ങളിലെ ഗവര്‍ണര്‍മാരും തയ്യാറായിട്ടില്ല. ഇപ്പോഴത്തെ ഗവര്‍ണറും തയ്യാറായിട്ടില്ല.

പ്രതിപക്ഷം സമര്‍പ്പിച്ച പ്രമേയം ചട്ടപ്രകാരം നിലനില്‍ക്കുന്നതാണെന്നും സ്പീക്കര്‍ പറഞ്ഞു. അതിനുസമയം നിശ്ചയിക്കണോ എന്ന കാര്യത്തില്‍ കാര്യോപദേശ സമിതിയുമായി കൂടിച്ചേര്‍ന്ന് തീരുമാനമെടുക്കും. സര്‍ക്കാര്‍ നിശ്ചയിച്ച പരിപാടികള്‍ക്ക് ശേഷം മാത്രമേ പ്രമേയം പരിഗണിക്കൂ.

Top