P. Sreeramakrishanan; new speaker

തിരുവനന്തപുരം: 14ാം നിയമസഭയുടെ അധ്യക്ഷനായി പൊന്നാനി എം.എല്‍.എ പി. ശ്രീരാമകൃഷ്ണനെ തെരഞ്ഞെടുത്തു. പി. ശ്രീരാമകൃഷ്ണന് 92 വോട്ടുകളും പ്രതിപക്ഷ സ്ഥാനാര്‍ഥി വി.പി സജീന്ദ്രന് 46 വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി.

എല്‍.ഡി.എഫ്, യു.ഡി.എഫ് എം.എല്‍.എമാരും ഏക ബി.ജെ.പി അംഗം ഒ. രാജഗോപാലും തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി. എന്നാല്‍, പൂഞ്ഞാറില്‍ നിന്നുള്ള സ്വതന്ത്ര എം.എല്‍.എ പി.സി ജോര്‍ജ് വോട്ട് രേഖപ്പെടുത്തിയില്ല. നിയമസഭാ ഉദ്യോഗസ്ഥര്‍ വിതരണം ചെയ്ത ബാലറ്റ് പേപ്പര്‍ വാങ്ങിയ പി.സി ജോര്‍ജ് വോട്ട് രേഖപ്പെടുത്താതെ പെട്ടിയില്‍ നിക്ഷേപിക്കുകയായിരുന്നു. പി.സി ജോര്‍ജിന്റെ വോട്ട് അസാധുവിന്റെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

രാവിലെ സ്പീക്കറുടെ ഡയസില്‍ തയാറാക്കിയ രണ്ട് താല്‍കാലിക പോളിങ് ബൂത്തിലാണ് വോട്ടെടുപ്പ് നടന്നത്. ഇരിപ്പിടത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍നിരയില്‍ നിന്ന് ആദ്യം മുഖ്യമന്ത്രി പിണറായി വിജയനും അവസാനം പി.സി. ജോര്‍ജും വോട്ട് രേഖപ്പെടുത്തി.

Top