റഷ്യൻ യുവതിക്ക് നേരെയുള്ള അതിക്രമം; വനിത കമ്മീഷൻ നിയമസഹായം നൽകുമെന്ന് പി സതീദേവി

കോഴിക്കോട്: കോഴിക്കോട് റഷ്യൻ യുവതിക്ക് നേരെയുണ്ടായ അതിക്രമത്തിൽ വനിതാ കമ്മീഷൻ നിയമസഹായം നൽകുമെന്ന് അധ്യക്ഷ അഡ്വക്കേറ്റ് പി സതീദേവി. മതിയായ സുരക്ഷയോട് കൂടിയ താമസ സൗകര്യം ഏർപ്പെടുത്താൻ നിർദ്ദേശം. അന്വേഷണം വേഗം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനും കമ്മിഷന്‍ പൊലീസിന് നിര്‍ദേശം നല്‍കി. രണ്ട് ദിവസം മുമ്പാണ് റഷ്യൻ യുവതിയെ പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നുള്ള അന്വേഷണത്തിൽ യുവതിയുടേത് ആത്മഹത്യ ശ്രമമാണെന്ന് പൊലീസ് കണ്ടെത്തി. പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

റഷ്യൻ യുവതിയ്ക്ക് നേരെയുണ്ടായത് ക്രൂര മർദ്ദനമെന്ന് പൊലീസ് വെളിപ്പെടുത്തൽ. കേസിലെ പ്രതി ആഗിൽ ഇരുമ്പ് കമ്പി കൊണ്ട് യുവതിയെ ക്രൂരമായി മർദ്ദിച്ചു. ഇവർക്ക് കാലിന്റെ മുട്ടിന് താഴെയും കയ്യിലും മർദ്ദനമേറ്റു. പാസ്പോർട്ട് കീറി നശിപ്പിച്ചെന്നും മൊഴിയിൽ പറയുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവതി.

ഡിസ്ചാർജ്ജ് ചെയ്തതിന് ശേഷം യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. അതേസമയം, സംഭവത്തിൽ റഷ്യൻ കോൺസുലേറ്റ് ഇടപെട്ടിട്ടുണ്ട്. കോടതി അനുവദിക്കുന്ന മുറയ്ക്ക് യുവതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തും. യുവതിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയായ യുവാവിൻ്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി. സംഭവത്തിനു ശേഷം ഇയാൾ ഒളിവിലായിരുന്നു. ഇയാളുടെ വീട്ടിൽ നിന്ന് കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്.

Top