വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവം; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ ഗവര്‍ണര്‍ പി സദാശിവം റിപ്പോര്‍ട്ട് തേടി. വൈസ് ചാന്‍സലര്‍ വി പി മഹാദേവന്‍ പിള്ളയോടാണ് റിപ്പോര്‍ട്ട് തേടിയത്. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന സ്ഥിതിവിവരറിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന സമിതി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. കേരളാ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി രാഷട്രീയത്തെക്കുറിച്ചും സംഘടനാ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം ആവശ്യമാണെന്നും കെ.എസ്.യു ആവശ്യമുന്നയിച്ചു.

സമരങ്ങളില്‍ പങ്കെടുക്കാന്‍ സമ്മതിക്കാത്തതിന്റെ പേരിലുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം മൂലമാണ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതെന്നായിരുന്നു ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി പറഞ്ഞിരുന്നത്.

ആത്മഹത്യയുടെ ഉത്തരവാദികള്‍ എസ്എഫ്‌ഐ യൂണിറ്റ് അംഗങ്ങളും പ്രിന്‍സിപ്പലുമാണെന്ന് കുട്ടി ആത്മഹത്യാക്കുറിപ്പിലും കുറിച്ചിരുന്നു. സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എസ്എഫ്‌ഐക്കാര്‍ നിര്‍ബന്ധിച്ചു കൊണ്ടു പോയെന്നും എതിര്‍പ്പ് അറിയിച്ചപ്പോള്‍ പരീക്ഷ എഴുതിക്കില്ലെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും പെണ്‍ക്കുട്ടി പറഞ്ഞിരുന്നു.

Top