പി.എസ്.സി ക്രമക്കേട് ; കേസിലെ നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചു

തിരുവനന്തപുരം: പി.എസ്.സി പരീക്ഷ ക്രമക്കേടില്‍ നിര്‍ണ്ണായക തെളിവായ പരീക്ഷ പേപ്പര്‍ ചോര്‍ത്തിയ ഫോണ്‍ കണ്ടെത്തി. ബെംഗളൂരുവില്‍ നിന്നാണ് ക്രമക്കേട് നടത്തിയ ഫോണ്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.

ഫോണ്‍ നശിപ്പിച്ചുവെന്നായിരുന്നു പ്രതികളുടെ മൊഴി. പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ ചോര്‍ന്നു കിട്ടിയ ചോദ്യ പേപ്പര്‍ പരിശോധിച്ച് യൂണിവേഴ്‌സിറ്റി കോളജിലെ മുന്‍ എസ്എഫ്‌ഐ നേതാക്കള്‍ക്ക് ഉത്തരങ്ങള്‍ എസ്എംഎസായി അയച്ച് കൊടുത്തത് പൊലീസുകാരനായ ഗോകുലായിരുന്നു.

രണ്ടാം പ്രതിയായ പ്രണവ് ചോദ്യപേപ്പറിന്റെ ഫോട്ടെയടുത്ത് യൂണിവേഴ്‌സിറ്റി കോളജിലെ മറ്റൊരു വിദ്യാര്‍ത്ഥിയായ പ്രവീണിന് കൈമാറിയെന്നാണ് മൊഴി. ഈ ചോദ്യ പേപ്പര്‍ പ്രവീണ്‍ ഗോകുലിനും ഒപ്പമുണ്ടായിരുന്ന സഫീറിനും കൈമാറിയെന്നാണ് പിടിയിലായവര്‍ നല്‍കിയിരുന്ന മൊഴി.

യൂണിവേഴ്‌സിറ്റി കോളേജില്‍ പരീക്ഷ എഴുതിയവരുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സിക്ക് ക്രൈംബ്രാഞ്ച് കത്ത് നല്‍കി. ഒരു പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് പ്രണവ് ചോദ്യപേപ്പര്‍ അയച്ചുതന്നത് എന്ന് ആറാം പ്രതി പ്രവീണ്‍ മൊഴി നല്‍കിയിരുന്നു. നസീമിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്ന സംശയം ക്രൈബ്രാഞ്ചിന് ലഭിച്ചത്.

പരീക്ഷ നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് പരീക്ഷാ ചുമതലുണ്ടായിരുന്ന ചില കോളേജ് ജീവനക്കാരെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ ഈ ശ്രമം പരാജയപ്പെട്ടെന്നും നസീം മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം പി.എസ്.സി ക്രമക്കേട് കേസന്വേഷണം ഇനി യൂണിവേഴ്‌സിറ്റി കോളേജ് കേന്ദ്രീകരിച്ച് നടക്കും.

Top