‘എം.എല്‍.എമാരെയടക്കം യു.ഡി.എഫ് കാലത്ത് പാതിരാത്രി അറസ്റ്റ് ചെയ്തിട്ടുണ്ട്’; പി. രാജീവ്

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെ ന്യായീകരിച്ച് മന്ത്രി പി. രാജീവ്. യു.ഡി.എഫ് കാലത്ത് എം.എല്‍.എമാരെയടക്കം പാതിരാത്രി അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രതിപക്ഷത്തിന് പറയാൻ വിഷയങ്ങളില്ല. ഈ നാട് അഭിമുഖീരിക്കുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങളില്‍ അവര്‍ നിലപാട് സ്വീകരിക്കുന്നില്ല. പോലീസിന് രാഷ്ട്രീയമില്ല. അവര്‍ നിയമപരമായി തന്നെ മുന്നോട്ട് പോകും. പോലീസ് ഏതെങ്കിലും ഒരു താത്പര്യത്തിന് പുറത്ത് പ്രവര്‍ത്തിച്ചതായി ഈ നടപടിയെ കാണാനാകില്ല.

മുഖ്യമന്ത്രി രക്ഷാപ്രവര്‍ത്തനമാണെന്ന് പറഞ്ഞ വിഷയത്തില്‍ പോലീസ് വധശ്രമത്തിനാണ് കേസെടുത്തതെന്ന് പ്രതിപക്ഷ നേതാവ് തന്നെ ചൂണ്ടിക്കാട്ടിയതാണ്. അതുവഴി, പോലീസ് നിഷ്പക്ഷമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം തന്നെ അടിവരയിട്ട് ഉറപ്പിച്ചു.

സമരത്തിനിടെ ചില ഘട്ടങ്ങളില്‍ അക്രമം നടന്നിട്ടുണ്ടെന്ന് യു.ഡി.എഫ് കണ്‍വീനര്‍ തന്നെ പറഞ്ഞിരുന്നു. അപ്പോൾ സ്വാഭാവികമായി ഇത്തരം കേസുകള്‍ വരും. കേസുകളില്‍ പോലീസ് അറസ്റ്റ് ചെയ്യും. ചിലതില്‍ കോടതി റിമാന്‍ഡ് ചെയ്യും, ചിലതില്‍ കോടതി ജാമ്യം നല്‍കും. പ്രതിപക്ഷം സംഘര്‍ഷം തുടര്‍ന്നാല്‍ ഇനിയും നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Top