ശബരിമല നിയമ നിര്‍മാണത്തിനായി സര്‍ക്കാരിന് എതിരെ യുദ്ധംനയിച്ചവര്‍ ഇപ്പോള്‍ എവിടെ ?

കൊച്ചി: ശബരിമല യുവതീപ്രവേശനത്തില്‍ സുപ്രീം കോടതി വിധിയെ മറികടക്കുന്ന നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച പാര്‍ട്ടിക്കാര്‍ ഇപ്പോള്‍ എവിടെയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവ്.

ഇന്നലെ ലോക്‌സഭയില്‍ ശബരിമല വിധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരുമോ എന്ന ശശി തരൂര്‍ എം.പിയുടെ ചോദ്യത്തിന് നിയമ നിര്‍മാണം നടത്താന്‍ തല്‍ക്കാലം കഴിയില്ലെന്നും വിഷയം കോടതിയുടെ പരിഗണനയിലാണെന്നുമുള്ള ബിജെപി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ മറുപടിയെ വിമര്‍ശിച്ചുകൊണ്ടാണ് പി.രാജീവ് രംഗത്തെത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് പി രാജീവ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും കള്ളക്കളി വെളിപ്പെടുത്തിയത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

ചോദ്യവും ഉത്തരവും നോക്കൂ. സംസ്ഥാനം നിയമം കൊണ്ടു വന്ന് സുപ്രീം കോടതി വിധി മറികടക്കണമെന്ന് പറയുന്ന പാര്‍ട്ടിയുടെ എംപിയാണ് കേന്ദ്രം നിയമം കൊണ്ടു വരുമോ എന്ന ചോദ്യം ഉന്നയിക്കുന്നത്. ഏതറ്റം വരെയും പോയി ശബരിമലയിലെ ആചാരം സംരക്ഷിക്കാന്‍ ,സുപ്രീം കോടതി വിധിയെ മറികടക്കുന്ന നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച പാര്‍ട്ടിയുടെ മന്ത്രിയാണ് മറുപടി നല്‍കിയിരിക്കുന്നത്. സുപ്രീം കോടതി വിധിയില്‍ നിയമനിര്‍മ്മാണ സഭക്ക് ഒന്നും ചെയ്യാനില്ലെന്നാണ് ഒറ്റ വാചക മറുപടിയുടെ ലളിത മലയാളം.

ശബരിമലയെ കലാപഭൂമിയാക്കി മാറ്റി, സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്ന ഭരണഘടനാപരമായ നിലപാട് സ്വീകരിച്ച ഇടതുപക്ഷ സര്‍ക്കാരിനെതിരെ യുദ്ധം നയിച്ചവര്‍ എവിടെ?

സുപ്രീം കോടതി മൗലികാവകാശമാണെന്നു വിധിച്ച കാര്യത്തില്‍ നിയമനിര്‍മ്മാണം അസാധ്യമാണെന്ന് അറിയാന്‍ ഭരണഘടന യുടെ ആര്‍ട്ടിക്കിള്‍ 13 വായിച്ചാല്‍ മതി. ഭരണഘടന ഭേദഗതി. എന്തുകൊണ്ട് സാധ്യമല്ലെന്ന് അറിയാന്‍ കേശവാനന്ദ ഭാരതി കേസിലെ വിധിയും ആര്‍ട്ടിക്കിള്‍ 14 അടിസ്ഥാന ശിലയാണെന്ന സുപ്രീം കോടതി വിധികളും വായിച്ചാല്‍ നന്നായിരിക്കും.

സുപ്രീം കോടതിയുടെ പരിഗണനയില്‍ ആണെന്നതു കൊണ്ട് മറുപടി പറയുന്നില്ലെങ്കില്‍ അതേ വിഷയത്തില്‍ ഇതേ നിയമവകുപ്പ് അവതരണാനുമതി നല്‍കിയതെങ്ങനെയെന്നുകൂടി ചോദിക്കാമായിരുന്നു. രാം മാധവിന്റെ പ്രസ്താവനയെങ്കിലും കണ്ടിട്ടു കയറെടുത്താല്‍ മതിയായിരുന്നു!.

Top