ലോകസഭയിൽ അനിവാര്യമായ ചിലരുണ്ട് അതിൽ ഒന്നാം നമ്പറുകാരനാണ് രാജീവ് !

p rajeev

ക്ഷി രാഷ്ട്രീയ വേര്‍തിരിവ് മാറ്റിവച്ച് കഴിവ് മാത്രം മാനദണ്ഡമാക്കി പാര്‍ലമെന്റില്‍ എത്തേണ്ട 10 പേരുടെ ലിസ്റ്റ് തയ്യാറാക്കിയാല്‍ അതില്‍ തീര്‍ച്ചയായും ഒരു മലയാളി ഉണ്ടാകും. പി. രാജീവ് എന്ന കമ്യൂണിസ്റ്റ്. അക്കാര്യത്തില്‍ രാഷ്ട്രീയ എതിരാളികള്‍ക്കു പോലും സംശയം ഉണ്ടാകാന്‍ സാധ്യതയില്ല. എത്രയോ പ്രഗത്ഭരായ പാര്‍ലമെന്റേറിയന്‍മാരാല്‍ സമ്പന്നമാണ് രാജ്യം. അവരില്‍ പലരും പലവട്ടം എം.പിയായ ശേഷമാണ് കഴിവ് തെളിയിച്ചത്. എന്നാല്‍ ആദ്യ അവസരത്തില്‍ തന്നെ രാഷ്ട്രീയ എതിരാളികളുടെ അടക്കം പ്രശംസ പിടിച്ചു പറ്റുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തിയാണ് പി. രാജീവ്.

രാജ്യസഭ അംഗമെന്ന നിലയില്‍ അദ്ദേഹം കാഴ്ച വച്ച പ്രവര്‍ത്തനങ്ങള്‍ സഭയെ തന്നെ നിയന്ത്രിക്കുന്ന കസേരയിലാണ് കൊണ്ടെത്തിച്ചത്. ഒടുവില്‍ കാലാവധി കഴിഞ്ഞ് വിട പറയുമ്പോള്‍ രാജീവിന് ഒരവസരം കൊടുക്കണമെന്ന് പറഞ്ഞവരില്‍ കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റിലിയും കോണ്‍ഗ്രസ്സ് ഗുലാം നബി ആസാദും ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നു.

അന്ന് സഭയില്‍ വച്ച് സീതാറാം യച്ചൂരിയോട് ഈ നേതാക്കള്‍ ആവശ്യപ്പെട്ട കാര്യമാണ് രാജീവിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ സി.പി.എം പരിഗണിച്ചിരിക്കുന്നത്. ഇനി വിധി എഴുതേണ്ടത് ജനങ്ങളാണ്. രാജീവിനെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ്സ് -ബി.ജെ.പി പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ക്ക് വ്യക്തിപരമായി ഒരു ആക്ഷേപം ഉയര്‍ത്താനുള്ള അവസരം പോലും ഇപ്പോഴില്ല. അവരുടെ നേതാക്കള്‍ തന്നെയാണ് അത് ഇല്ലാതാക്കിയത്.

p rajeev

സഭാ ചട്ടങ്ങള്‍ കൃത്യമായി പഠിച്ച് സര്‍ക്കാരിനെ വെള്ളം കുടിപ്പിച്ച രാജ്യസഭാംഗമായിരുന്നു പി. രാജീവ്. ഇക്കാര്യത്തില്‍ അരുണ്‍ജെയ്റ്റ്‌ലിയ്ക്ക് മാത്രമല്ല, ഗുലാംനബി ആസാദ്, ശരത് യാദവ്, മായാവതി തുടങ്ങിയ നേതാക്കള്‍ക്കും ഒരേ സ്വരമാണ് ഉണ്ടായിരുന്നത്.

കാര്യങ്ങള്‍ വ്യക്തമായി പറയാന്‍ കഴിയുന്ന രാജീവിന്റെ പ്രകടനം ആരിലും അസൂയ ഉളവാക്കുന്നതാണെന്ന് ആയിരുന്നു അന്നത്തെ പാര്‍ലമെന്ററികാര്യ മന്ത്രി എം.വെങ്കയ്യ നായിഡു വിലയിരുത്തിയിരുന്നത്.

സാമ്പത്തിക ശാസ്ത്രവും നിയമവും പഠിച്ച ഒരു കെമിക്കല്‍ എഞ്ചിനീയറുടെ അസാധാരണ മിശ്രണമാണ് രാജീവ് എന്നതായിരുന്നു എ.ഐ.ഡി.എം.കെ അംഗം നവനീത് കൃഷ്ണന്റെ പരാമര്‍ശം. ഈ വിലയിരുത്തലുകളെല്ലാം പരിശോധിച്ചാല്‍ അതില്‍ നിന്നുതന്നെ വ്യക്തമാണ് രാജീവ് എന്ന പാര്‍ലമെന്റേറിയന്റെ വ്യക്തത്വം.

സഭയും സഭാചട്ടങ്ങളും അറിയുന്ന, ക്രിയാത്മകമായി കാര്യങ്ങളില്‍ ഇടപെടുന്ന ഒരു എംപിയെയാണ് പാര്‍ലമെന്റില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ തീര്‍ച്ചയായും രാജീവിന് വോട്ട് ചെയ്യുക. ഇക്കാര്യത്തില്‍ ഒരു താരതമ്യത്തിന്റെയും ആവശ്യം ഉദിക്കുന്നില്ല. ആര്‍ക്ക് വോട്ട് ചെയ്യണം, എന്തിന് വോട്ട് ചെയ്യണം എന്ന കാര്യം ഓരോ വ്യക്തിയുടെയും വിവേചനാധികാരത്തില്‍പ്പെട്ടതാണ്. ഈ അധികാരം ഉപയോഗപ്പെടുത്തുന്നതിന് മുന്‍പ് പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങള്‍ നിങ്ങള്‍ മനസ്സിലാക്കണം.

ആദ്യം, ഏത് ലോക്സഭാ മണ്ഡലത്തിലാണ് നിങ്ങള്‍ എന്ന് തിരിച്ചറിയുകയാണ് വേണ്ടത്. നിങ്ങളുടെ വോട്ടര്‍ ഐഡിയില്‍ ഇപിഐസി നമ്പര്‍ ഉണ്ടാകും. ഇലക്ടറല്‍ സര്‍ച്ച് ഡോട്ട് ഇന്‍ എന്ന വെബ്സൈറ്റില്‍ ഇത് എന്റര്‍ ചെയ്യുക. നിങ്ങളുടെ സംസ്ഥാനം, കോഡ് എന്നിവയും എന്റര്‍ ചെയ്യണം. അങ്ങനെ നിങ്ങളുടെ മണ്ഡലം തിരിച്ചറിയാന്‍ സാധിക്കും.

രണ്ടാം ഘട്ടം. നിങ്ങളുടെ സിറ്റിംഗ് എംപി കഴിഞ്ഞ അഞ്ച് വര്‍ഷം എന്ത് ചെയ്തു എന്ന് അറിയുക എന്നതാണ്. ദ പ്രിന്റ് ഡോട്ട് ഇന്‍ എന്ന വെബ്സൈറ്റില്‍ കയറി നിങ്ങളുടെ സംസ്ഥാനവും മണ്ഡലവും സെലക്ട് ചെയ്യണം. ഇവിടെ നിലവിലത്തെ എംപിയുടെ ഇതുവരെയുള്ള അറ്റന്‍ഡന്‍സ്, പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യങ്ങള്‍, മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം കാണാന്‍ സാധിക്കും.

മൂന്നാമത്തെ സ്റ്റെപ്പ്, മൈ നേതാ എന്ന വെബ്സൈറ്റില്‍ കയറുക, അവിടെ നമ്മുടെ നേതാക്കളുടെ വിവരങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ സാധിക്കും. സൈറ്റില്‍ നമ്മുടെ മണ്ഡലത്തിന്റെ പേര് എന്റര്‍ ചെയ്താല്‍, ആരൊക്കെ അവിടെ മത്സരിക്കുന്നുണ്ട്, സ്ഥാനാര്‍ത്ഥികളുടെ വിദ്യാഭ്യാസം, ക്രിമിനല്‍ കേസുകള്‍ എന്തെങ്കിലും ഉണ്ടോ, തുടങ്ങിയ എല്ലാ വിവരങ്ങളും ലഭ്യമാകും. സ്ഥാനാര്‍ത്ഥികളുടെ ചരിത്രം അടക്കം എല്ലാ വിവരങ്ങളും ഇവിടെ നിന്നും മനസ്സിലാക്കാന്‍ സാധിക്കും.

നാലാമത്തെ സ്റ്റെപ്പ്, എന്നാണ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് എന്ന് മനസ്സിലാക്കുകയാണ്. കേരളത്തില്‍ ഏപ്രില്‍ 23 നാണ് പോളിംഗ് നടക്കുന്നത്. അഞ്ചാം ഘട്ടം, നിങ്ങളുടെ സ്ഥാനാര്‍ത്ഥികളെ നേരിട്ട് കാണുക എന്നതാണ്. പ്രചരണ സമയത്ത് അവര്‍ എന്താണ് പറയുന്നത് എന്ന് കൃത്യമായി കേള്‍ക്കണം. എല്ലാവരും ഒരേ പോലെ തന്നെയൊക്കെ ആയിരുക്കും വാഗ്ദാനങ്ങള്‍ തരുന്നത്. എന്നാലും നല്ല സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ഇതും നിങ്ങളെ സഹായിക്കും. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുന്നതിലല്ല കാര്യം. നല്ല എംപിമാരെ തെരഞ്ഞെടുക്കുന്നതിലാണ്. കാരണം, നല്ല സര്‍ക്കാര്‍ പോലെ തന്നെ പ്രധാനമാണ് നല്ല പ്രതിപക്ഷവും.

ഇന്ത്യന്‍ മാധ്യമങ്ങളുടെ ഇപ്പോഴത്തെ വാര്‍ത്തകള്‍ കണ്ടാല്‍ തോന്നും 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് നരേന്ദ്രമോദിയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തമ്മിലുള്ളതാണെന്ന്. പക്ഷേ അങ്ങനെയല്ല കാര്യങ്ങള്‍ എന്നതാണ് സത്യം. നമ്മള്‍ പോളിംഗ് ബൂത്തില്‍ പോയി വോട്ട് ചെയ്യുന്നത് മോദിയെയോ രാഹുലിനെയോ പ്രധാനമന്ത്രിയാക്കാനല്ല. എംപിമാര്‍ ആക്കുന്നതിന് വേണ്ടിയാണ്. അതായത്, മെമ്പര്‍ ഓഫ് പാര്‍ലമെന്റ്.

രാജ്യത്താകെ 543 എംപിമാര്‍ തെരഞ്ഞെടുക്കപ്പെടും. 272 എംപിമാരെ വിജയിപ്പിക്കാന്‍ സാധിക്കുന്ന പാര്‍ട്ടിയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാം. ഈ മാജിക്ക് നമ്പറിലേയ്ക്ക് എത്താന്‍ സാധിച്ചില്ലെങ്കില്‍ മറ്റ് പാര്‍ട്ടികളുമായി സഖ്യം രൂപീകരിച്ച് മുന്നണി സംവിധാനത്തിലൂടെയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കും. ഈ മുന്നണിയുടെ നേതാവാണ് പ്രധാനമന്ത്രിയാവുക. അതിനാല്‍ പ്രധാനമന്ത്രിയെക്കുറിച്ച് വ്യാകുലപ്പെടുന്നതിന് മുന്‍പായി നമ്മള്‍ എംപിമാരുടെ കാര്യമാണ് ആദ്യം പരിഗണിക്കേണ്ടത്.

കാരണം, എംപി എന്നത് വളരെ ഉത്തരവാദിത്വമുള്ള വലിയ പദവി തന്നെയാണ്. നിയമനിര്‍മ്മാണം, ഭരണാഘടനാ അനുസൃതമായി പ്രവര്‍ത്തിക്കുക, സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുക തുടങ്ങിയ നിരവധി ഉത്തരവാദിത്വങ്ങളാണ് ഓരോ എംപിയിലും നിക്ഷിപ്തമായിരിക്കുന്നത്. അതിനേക്കാള്‍ എല്ലാം പ്രധാനപ്പെട്ട കാര്യം, അവര്‍ നമ്മള്‍ ഓരോരുത്തരെയും പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുന്നു എന്നതാണ്. അതിനെല്ലാം കൂടി മൂന്ന് ലക്ഷം രൂപയാണ് അവര്‍ക്ക് പ്രതിഫലം കിട്ടുക. എവിടെ നിന്നാണ് ഈ പണം അവര്‍ക്ക് ലഭ്യമാക്കുന്നത്? നമ്മുടെ പോക്കറ്റുകളില്‍ നിന്ന് തന്നെ. അതിനര്‍ത്ഥം, നമ്മള്‍ ശമ്പളം കൊടുത്തു നിര്‍ത്തിയിരിക്കുന്ന ആളാണ് നമ്മുടെ എംപി എന്നര്‍ത്ഥം.

നിങ്ങളുടെ ജീവനക്കാരന്‍ അഴിമതി വിമുക്തനാണെന്നും ക്രിമിനല്‍ കേസുകള്‍ ഒന്നുമില്ലെന്നും ഏറ്റവും കുറഞ്ഞത് വിദ്യാഭ്യാസമുള്ള ആളാകണമെന്നും നിങ്ങള്‍ക്ക് നിര്‍ബന്ധമില്ലേ?

മോദി പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് ചെയ്യും. പക്ഷേ, ആ സ്ഥാനാര്‍ത്ഥി നിങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കഴിവില്ലാത്ത ഒരാളാണെങ്കില്‍ നിങ്ങളുടെ വോട്ട് കൊണ്ട് എന്താണ് ഗുണം? നിങ്ങളുടെ മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിനും അടിസ്ഥാന വികസന പ്രശ്നങ്ങള്‍ക്കും എല്ലാം പരിഹാരം കാണേണ്ടത് തീര്‍ച്ചയായും നിങ്ങള്‍ ജയിപ്പിച്ചു വിടുന്ന എംപി തന്നെയാണ്. അല്ലാതെ, പ്രധാനമന്ത്രിയ്ക്ക് ഓരോ മണ്ഡലത്തിലെയും വിവരങ്ങള്‍ നേരിട്ടന്വേഷിക്കാന്‍ സമയമുണ്ടാവുകയില്ല.

ഇക്കാര്യങ്ങള്‍ ശരിക്കും മനസ്സിലാക്കി വേണം ഓരോ വോട്ടര്‍മാരും പോളിങ്ങ് ബൂത്തിലേക്ക് പോകാന്‍.

Top