ബിനോയ് വിശ്വത്തെ സിപിഐ സെക്രട്ടറിയാക്കിയ വിഷയത്തില്‍ കെ ഇ ഇസ്മായിലിന്റെ നിലപാട് തള്ളി പി പ്രസാദ്

പത്തനംതിട്ട: ബിനോയ് വിശ്വത്തെ സിപിഐ സെക്രട്ടറിയാക്കിയതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാവ് കെ ഇ ഇസ്മായിലിന്റെ നിലപാട് തള്ളി കൃഷി മന്ത്രി പി പ്രസാദ്. ഒരു അഭിപ്രായവ്യത്യാസവും ഇല്ലാതെയാണ് ബിനോയ് വിശ്വത്തെ സംസ്ഥാന സെക്രട്ടറിയാക്കിയതെന്ന് പി പ്രസാദ് വ്യക്തമാക്കി. അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം ഉണ്ടായത്. അതിന് മുകളില്‍ പിന്നെ നേതാവില്ലെന്നും പി പ്രസാദ് പറഞ്ഞു.

പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനിക്കുന്നതിന് നേരവും കുറിപ്പടിയും നോക്കേണ്ടതില്ല. കാനം രാജേന്ദ്രന്റെ വിയോഗം അപ്രതീക്ഷിതമായിരുന്നു. കേരളത്തിലെ മുതിര്‍ന്ന നേതാവാണ് ബിനോയ് വിശ്വം. തീരുമാനത്തില്‍ ഒരു അസ്വഭാവികതയും ഇല്ലെന്നും പി പ്രസാദ് വ്യക്തമാക്കി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇതിലൊന്നും തളര്‍ന്നു പോകില്ല. സ്വന്തമായ മോഹങ്ങള്‍ ഇല്ലാതിരുന്ന നേതാക്കള്‍ പടുത്തുയര്‍ത്തിയ പാര്‍ട്ടിയാണ് സിപിഐയെന്നും പ്രസാദ് പറഞ്ഞു. കെ ഇ ഇസ്മായിലിനെ പോലെ മുതിര്‍ന്ന നേതാവ് ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനം നടത്തുമെന്ന് വിശ്വസിക്കുന്നില്ലെന്നും പ്രസാദ് പറഞ്ഞു.

Top