P- note investment

ന്യൂഡല്‍ഹി: പാര്‍ട്ടിസിപ്പേറ്ററി നോട്ട് വഴിയുള്ള രാജ്യത്തെ മൂലധന വിപണിയിലെ നിക്ഷേപം മാര്‍ച്ചില്‍ 2.23 ലക്ഷം കോടി കടന്നു. 18 മാസത്തെ താഴ്ന്ന നിലവാരത്തിലായിരുന്നു ഫിബ്രവരിയില്‍.

വിദേശത്തെ കോടിശ്വരന്മാരും ഹെഡ്ജ് ഫണ്ടുകളും നിക്ഷേപ സ്ഥാപനങ്ങളുമാണ് വന്‍തോതില്‍ നിക്ഷേപം നടത്തിയത്.

സെബി പുറത്തുവിട്ട വിരവങ്ങള്‍ പ്രകാരം 2,23,077 കോടി രൂപയാണ് മാര്‍ച്ച് അവസാനംവരെയുള്ള നിക്ഷേപം.

കഴിഞ്ഞ ഒക്ടോബറില്‍ 2.58 ലക്ഷം കോടിയായിരുന്നു നിക്ഷേപം. നവംബറില്‍ 2.54 ലക്ഷം കോടിയും ഡിസംബറില്‍ 2.35 ലക്ഷം കോടിയും ജനവരിയില്‍ 2.31 ലക്ഷം കോടിയും ഫിബ്രവരിയില്‍ 2.17 ലക്ഷം കോടിയുമായിരുന്നു പി നോട്ട് വഴിയുണ്ടായിരുന്ന നിക്ഷേപം.

ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദേശ ധനകാര്യ സ്ഥാപനങ്ങളിലൂടെ രാജ്യത്തെ ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതിന് വിദേശ സ്ഥാപനങ്ങളെയോ വ്യക്തികളേയോ അനുവദിക്കുന്ന സംവിധാനമാണ് പാര്‍ട്ടിസിപ്പേറ്ററി നോട്ട്. സെബിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമില്ലാത്തവരാണ് സംവിധാനം പ്രയോജനപ്പെടുത്തുന്നത്.

കള്ളപ്പണമിടപാട് കുറയ്ക്കുന്നതിന് പി നോട്ട് വഴിയുള്ള നിക്ഷേപത്തിന്റെ നിബന്ധനകള്‍ കര്‍ശനമാക്കാന്‍ കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് അതില്‍നിന്ന് പിന്മാറുകയാണുണ്ടായത്.

Top