ഉദ്ദേശിച്ചത് എന്‍ഡിഎഫിനെയും പോപ്പുലര്‍ ഫ്രണ്ടിനെയും:വിശദീകരണവുമായി പി.മോഹനന്‍

തിരുവനന്തപുരം: മാവോയിസ്റ്റുകള്‍ക്ക് തീവ്ര ഇസ്ലാമിക സംഘടനകളുടെ സഹായമുണ്ടെന്ന വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. മുസ്ലീം സമുദായത്തെ താന്‍ ആക്ഷേപിച്ചിട്ടില്ല, ഉദ്ദേശിച്ചത് എന്‍ഡിഎഫിനെയും പോപ്പുലര്‍ ഫ്രണ്ടിനെയുമാണെന്ന് പി മോഹനന്‍ പറഞ്ഞു.

താന്‍ വിമര്‍ശിച്ചത് ഇസ്ലാം തീവ്രവാദികളെയാണ്. പാര്‍ട്ടിയുടെ നിലപാടാണ് താന്‍ പറഞ്ഞത്, വ്യക്തിപരമല്ല. മുസ്ലിം തീവ്രവാദികള്‍ എന്നുപറഞ്ഞാല്‍ അത് എല്ലാ മുസ്ലിംകളെയും ഉദ്ദേശിക്കുന്നില്ല. ഹിന്ദു തീവ്രവാദികള്‍ എന്നു പറയുമ്പോള്‍ അത് എല്ലാ ഹിന്ദുക്കളെയും ഉദ്ദേശിച്ചുള്ളതല്ല. തീവ്രവാദ പ്രവര്‍ത്തനങ്ങളെ മുസ്ലീം സമുദായ സംഘടനകള്‍ ഉള്‍പ്പെടെ തള്ളിക്കളഞ്ഞിട്ടുള്ളതാണ്. പോപ്പുലര്‍ ഫ്രണ്ട്, എന്‍ഡിഎഫ് എന്നീ സംഘടനകള്‍ക്കു പുറമേ മുസ്ലിം ലീഗും ചിലപ്പോള്‍ ഈ തീവ്രവാദത്തെ പിന്തുണച്ചുകണ്ടിട്ടുണ്ടെന്നും മോഹനന്‍ പറഞ്ഞു.

കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ അലനും താഹയ്ക്കും തീവ്രവാദ ബന്ധമുണ്ടെന്ന് കരുതുന്നില്ല.ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും പി മോഹനന്‍ പറഞ്ഞു.

ബിജെപി വിഷയം ഏറ്റെടുക്കുന്നത് നല്ല ഉദ്ദേശത്തോടെയല്ല. ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ എന്നത് പൊതുവെ നടത്തുന്ന പ്രയോഗമാണെന്നും പി മോഹനന്‍ കൂട്ടിച്ചേര്‍ത്തു.

താമരശേരിയില്‍ കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാ സമ്മേളനത്തിന്റ ഭാഗമായുളള സമാപന സമ്മേളനത്തിലായിരുന്നു മാവോയിസ്റ്റ് വിഷയത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെ വിവാദ ആരോപണം. ഇസ്ലാമിക തീവ്രവാദികളാണ് ഇപ്പോള്‍ കേരളത്തില്‍ മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നതെന്നും കോഴിക്കോട് കേന്ദ്രമായുള്ള ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനങ്ങളാണ് മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കി വളര്‍ത്തുന്നതെന്നുമായിരുന്നു മോഹനന്റെ വാക്കുകള്‍.

Top